ഡാലസ്: മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസ് വിലയിരുത്തുന്നു. അതിനിടെ, അമേരിക്കയിൽ കാണാതായ മലയാളിദമ്പതികളുടെ വളർത്തുപുത്രി ഷെറിന്റെ ദത്തെടുക്കൽ സംബന്ധിച്ച് ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെയാണ് വളർത്തച്ഛനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്.

വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് 2016 ജൂണിലാണ് നളന്ദയിലെ മദർ തെരേസാ അന്ധ സേവാ ആശ്രമത്തിൽനിന്നു ഷെറിനെ ദത്തെടുത്തത്. വിവിധ ആരോപണങ്ങളെ തുടർന്ന് സെപ്റ്റംബർ ഏഴിനു സ്ഥാപനം അടച്ചു പൂട്ടാൻ സർക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പ് ഉത്തരവിട്ടിരുന്നു. ഷെറിനെ കാണാതായ വാർത്ത പുറത്തുവന്നതോടെ നളന്ദാ ജില്ല മജിസ്ട്രേറ്റ് എസ്.എം. ത്യാഗരാജൻ മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ദത്തെടുക്കലിനു പാലിച്ച നടപടി ക്രമങ്ങളെ കുറിച്ചാണു സമിതി അന്വേഷിക്കുന്നത്. തങ്ങൾ നിയമ വിരുദ്ധമായി പ്രവർത്തിട്ടില്ലെന്ന് ആശ്രമം സെക്രട്ടറി ബബിതാ കുമാരി പറഞ്ഞു. ഗയയിലെ ഒരു ശിശു സംരക്ഷണ കേന്ദ്രം വഴിയാണ് ഷെറിൻ നളന്ദയിലെ ആശ്രമത്തിന്റെ സംരക്ഷണയിലാകുന്നത്.

ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. സരസ്വതിയെന്ന കുഞ്ഞിനു ഷെറിൻ എന്നു പേരിട്ടതു തങ്ങളാണെന്നു ബബിതാ കുമാരി പറഞ്ഞു. പാൽ കുടിക്കാത്തതിനു പുറത്തു നിർത്തിയെന്ന പിതാവിന്റെ വാദം സംശയാസ്പദമാണെന്നും പാലും പാലുൽപ്പന്നങ്ങളും കുഞ്ഞ് ഷെറിൻ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു. അതിനിട അമേരിക്കയിൽ മൃതദേഹം തിരിച്ചറിയാനും മരണകാരണം കണ്ടെത്താനുമുള്ള ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്. കുഞ്ഞിന്റെ തിരിച്ചുവരവിനു വേണ്ടി രാജ്യമാകെ പ്രാർത്ഥിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വീടിന് അൽപമകലെയുള്ള കലുങ്കിനടിയിൽ നിന്നു ബാലികയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്.

ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുഞ്ഞിനെ വീടിനു പുറത്തിറക്കി നിർത്തിയെന്നാണ് എറണാകുളം സ്വദേശിയായ വെസ്ലി ആദ്യം പൊലീസിനു മൊഴി നൽകിയിരുന്നത്. 15 മിനിറ്റിനു ശേഷം നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത വെസ്ലിയെ പിന്നീട് ഇലക്ട്രോണിക് നിരീക്ഷണത്തോടെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. മൊഴി മാറ്റിയപ്പോൾ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി.

മലയാളികളായ വെസ്ലി മാത്യൂസ്-സിനി ദമ്പതികളുടെ വളർത്തുമകളായ ഷെറിനെ കഴിഞ്ഞ ഏഴിനാണു കാണാതായത്. പാൽ കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി രാത്രി വീടിനു പുറത്ത് അൽപ്പമകലെ മരച്ചുവട്ടിൽ നിർത്തിയ കുഞ്ഞിനെ പിന്നീടു കണ്ടില്ലെന്നാണു വെസ്ലിയുടെ വിശദീകരണം. ഷെറിൻ തനിയെ തിരിച്ചുവരുമെന്നു കരുതി. അൽപ്പസമയത്തിനു ശേഷം ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും കാട്ടുനായ്ക്കൾ അതിലേ പോകുന്നതു കണ്ടെന്നും വെസ്ലി പൊലീസിനോടു പറഞ്ഞു. ഇതാണിപ്പോൾ മാറ്റി പറഞ്ഞത്. ഷെറിനെ കാണാതായ രാത്രിയിൽ ഇയാളുടെ വാഹനം പുറത്തുപോയെന്നു കണ്ടെത്തിയത് ദുരൂഹത കൂട്ടുകയും ചെയ്തു.

കൊച്ചിക്കാരനാണ് വെസ്ലി. ഇപ്പോൾ അമേരിക്കയിൽ കുഞ്ഞു ഷെറിനെ കാണാതായെന്ന വാർത്തകൾ വന്നപ്പോഴാണ് ഒന്നര വർഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയിൽ വെസ്ലിയുടെ കുടുംബവീടിന്റെ അയൽവാസികൾ അറിയുന്നത്. വൈറ്റില ജനത എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് സാം മാത്യുവിന്റെയും വൽസമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാർത്തകൾ വന്നശേഷം സാമും വൽസമ്മയും വീടുപൂട്ടി പോയതായി സമീപവാസികൾ പറഞ്ഞു. അയൽക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15-നു പള്ളിയിൽ പോയശേഷം തിടുക്കത്തിൽ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാർത്തകൾ സംബന്ധിച്ച് അയൽക്കാരുമായി സംസാരിക്കാൻ ഇവർ തയാറായിരുന്നില്ല.

നാട്ടിലെത്തിയപ്പോൾ വെസ്ലിയും സിനിയും വളരെ സ്‌നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നു സമീപവാസികൾ പറയുന്നു. വെസ്ലിക്ക് മൂത്ത മകൾ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നു. എന്നാൽ സാമിനും വൽസമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താൽപര്യമില്ലായിരുന്നുവെന്നു സൂചനയുണ്ട്. വിദേശത്തായിരുന്ന സാം ഇരുപതു വർഷമായി ജനതയിൽ വീടുവച്ച് താമസം തുടങ്ങിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആൺമക്കൾ രണ്ടുപേരും അമേരിക്കയിൽ. മകൾ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ. സാം താമസിക്കുന്ന വീടിനു സമീപം മകളുടെ വീടുമുണ്ട്. ഇതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.