കൊച്ചി: സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും യുവതി 2019 ൽ നൽകിയ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല എന്ന ആരോപണം തെറ്റാണെന്ന് പൊലീസ്. മൈനാഗപ്പള്ളി സ്വദേശിനിയായ ഷൈബ നൽകിയ പരാതിയിൽ ഐ.പി.സി 1860 498(എ),323,324,34 എന്നീ വകുപ്പ് പ്രകാരം കേസെടുക്കുകയും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതായും ശാസ്താംകോട്ട പൊലീസ് അറിയിച്ചു.

പരാതി ലഭിച്ചതിനെ തുടർന്ന് 2019 ജൂൺ 24 ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പരാതിയിൽ പറഞ്ഞിരിക്കുന്ന കാരാളിമുക്ക് പുളിമൂട്ടിൽ അസ്ലം അലി അഹമ്മദ്, പിതാവ് സലാഹുദീൻ, മാതാവ് നൂർജഹാൻ, സഹോദരി ഹന്ന എന്നിവരെ പ്രതി ചേർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മറുനാടൻ എക്സ്‌ക്ലൂസീവ് ചാനലിൽ ഷൈബ പൊലീസിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇക്കാര്യം മറുനാടനെ അറിയിച്ചത്. വാർത്ത നൽകുന്നതിന് മുൻപ് ശാസ്താംകോട്ട പൊലീസിൽ കേസിനെ പറ്റി അറിയാൻ മറുനാടൻ ബന്ധപ്പെട്ടിരുന്നെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

2019 ലാണ് ഷൈബ പൊലീസിൽ പരാതി നൽകുന്നത്. 120 പവൻ സ്വർണം നൽകിയാണ് ഷൈബയെ അസ്ലമിന് വിവാഹം കഴിപ്പിച്ചു കൊടുത്തത്. സ്ത്രീധനമായി പോക്കറ്റ് മണി നൽകിയില്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞായിരുന്നു പീഡനം. ഗർഭിണിയായിരിക്കെ കുഞ്ഞിനെ നശിപ്പിക്കാൻ വരെ ശ്രമിച്ചു എന്നും ആഹാരം പോലും നൽകിയിരുന്നില്ല എന്നും പരാതിയിൽ ഷൈബ പറയുന്നു. അസ്ലം മയക്കു മരുന്നിനടിമയാണെന്നും മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയത്.

2018 ജൂൺ മാസമാണ് ഷൈബയും അസ്ലമും തമ്മിലുള്ള വിവാഹം നടന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടന്ഡ സർക്കാർ ജോലി ലഭിക്കുമെന്നും പറഞ്ഞായിരുന്നു വിവാഹം. എന്നാൽ ജോലി ലഭിച്ചില്ല. വിവാഹം കഴിഞ്ഞതിന് ശേഷം യുവതിയുടെ വീട്ടിലേക്ക് പോകുന്നതോ ബന്ധുക്കളോട് സംസാരിക്കുന്നതോ ഇയാൾക്ക് ഇഷ്ടമല്ലായിരുന്നു. നല്ല വസ്ത്രം ധരിക്കുന്നതും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും വിലക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോൾ ഗർഭിണിയായി. ജോലി ഇല്ലാത്തതിനാൽ ചിലവും കൂടുമെന്നും ഇപ്പോൾ കുഞ്ഞിനെ വേണ്ട എന്ന് പറയുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ നശിപ്പിക്കാൻ വിസമ്മതിച്ച യുവതിക്ക് പിന്നീട് ഭർതൃ വീട്ടിൽ നിന്നും മതിയായ ആഹാരമോ ചികിത്സകളോ കൊടുക്കാതെ പീഡനം തുടർന്നു. പലപ്പോഴും സ്വന്തം വീട്ടിലേക്ക് പോകണമെന്ന് യുവതി പറഞ്ഞപ്പോൾ വിടാതെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഗർഭിണിയായിരിക്കെ വീട്ടു ജോലികൾ ചെയ്യിപ്പിച്ചും പീഡനം തുർന്നു.

ഏഴുമാസമായിട്ടും വീട്ടിലേക്ക് വിടാതിരുന്നതിനെ തുടർന്ന് ഷൈബയുടെ മാതാപിതാക്കൾ എത്തുകയും കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. എന്നിട്ടും അസ്ലം ഭീഷണി തുടർന്നു എന്ന് ഷൈബ പരാതിയിൽ പറയുന്നു. തിരികെ വന്നില്ലെങ്കിൽ ബന്ധം ഒഴിയുമെന്നായിരുന്നു ഭീഷണി. ഇതോടെ വീണ്ടും തിരികെ ഭർതൃ വീട്ടിലേക്ക് പോയി. എന്നാൽ വീണ്ടും കുത്തുവാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയാണ് ചെയ്തത്. കൊടുത്ത സ്വർണം കുറഞ്ഞു പോയി. വിദ്യാഭ്യാസത്തിനൊത്ത് യോഗ്യയത ഇല്ലാത്ത പെണ്ണാണ് എന്നൊക്കെ പറഞ്ഞായിരുന്നു കുത്തി നോവിക്കൽ. 2019 മെയ്മാസത്തിൽ ഷൈബ ആൺകുഞ്ഞിന് ജന്മം നൽകി. നാൽപതാം ദിവസം നടത്തുന്ന ചടങ്ങിൽ അസ്ലമും ബന്ധുക്കളും എത്തുകയും ഷൈബയുടെ പക്കൽ നിന്നും കുഞ്ഞിനെ വാങ്ങി ഒരു മുറിയുൽ കയറി വാതിൽ അടച്ച് ചടങ്ങ് നടത്തി തിരികെ പോയി. പിന്നീട് ഫോണിൽ വിളിച്ച് ചടങ്ങിലെത്തിയവർക്ക് സത്ക്കാരം നടത്തിയത് കുറഞ്ഞു പോയി എന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയും പിന്നീട് യാതൊരു ബന്ധവും ഉണ്ടായിട്ടില്ല എന്നും ഷൈബ പറയുന്നു.

ഇതിനിടയിൽ തലാക്ക് ചൊല്ലി കത്തയക്കുകയും വിവാഹ ബന്ധം വേർപെടുത്തണമെന്നും അസ്ലം ആവശ്യപ്പെട്ടു. എന്നാൽ അസ്ലം കൈവശപ്പെടുത്തിയിരിക്കുന്ന 90 പവൻ സ്വർണം തിരികെ തന്നാൽ മാത്രമേ വിവാഹ ബന്ധം വേർപെടുത്താൻ കഴിയൂ എന്ന് ഷൈബയും കുടുംബവും പറഞ്ഞു. ഇത് സംബന്ധിച്ച് ജമാഅത്തുകാർ സംസാരിച്ചെങ്കിലും യാതൊരു നീതിയും ലഭിച്ചില്ല. ജമാ അത്തുകാർ അസ്ലമിനൊപ്പം നിൽക്കുകയാണെന്നാണ് ഷൈബയുടെ കുടുംബം ആരോപിക്കുന്നത്.

അതേ സമയം ഷൈബയും കുടുംബവും പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് അസ്ലം പറയുന്നത്. സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് യാതൊരു പ്രശ്‌നവും ഇല്ലെന്നും ഷൈബയും കുടുംബവും ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നുമാണ് അസ്ലമിന്റെ വാദം. കൂടാതെ പ്രസവമടക്കമുള്ള ചെലവ് നടത്തിയതും താലിമാല പുതിയത് വാങ്ങി നൽകിയതും താനാണ്. 7 ലക്ഷത്തോളം രൂപ പലപ്പോഴായി ഷൈബയ്ക്കായി ചെലവാക്കിയിട്ടുണ്ട്. ഷൈബ പറയുന്നപോലെ സ്വർണം തന്റെ കൈവശമില്ലെന്നും ഷൈബയുടെ പിതാവ് സ്വർണം പണയം വച്ചിരിക്കുകയാണെന്നും വിവാഹം ബന്ധം വേർപെടുത്താനുള്ള തന്ത്രമാണിതെന്നും അസ്ലം പ്രതികരിച്ചു.