കോഴിക്കോട് : നാദാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ തൂണേരി കണ്ണങ്കൈ സ്വദേശി കാളിയപറമ്പത്ത് അസ് ലമിനെയാണ് ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം അതിധാരുണമായി വെട്ടി കൊലപ്പെടുത്തിയത്. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ആളാണ് കൊല്ലപ്പെട്ട അസ് ലം. സംഭവത്തിനു പിന്നിൽ സി പി എം ആണെന്നും സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകമാണിതെന്നും മുസ്ലിം ലീഗ് ആരോപിച്ചു. 

ഷിബിൻ വധക്കേസിൽ മൂന്നാം പ്രതിയായിരുന്നു. എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടതിനെത്തുടർന്ന് ദിവസങ്ങളോളം പൊലീസ് സംഘം അവരുടെ വീടുകൾക്ക് കാവലേർപ്പെടുത്തിയിരുന്നു. ഷിബിൻ വധക്കേസിൽ വെറുതെവിട്ടവർക്കുനേരേ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണസംഘം നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നാദപൂരത്ത് സുരക്ഷ കർശനമാക്കാൻ നിർദ്ദേശിച്ചത്. ഇതിൽ അയവ് വരുത്തിയപ്പോൾ തന്നെ കൊല നടക്കുകയും ചെയ്തു. ഇതോടെ ഷിബിൻ കേസിൽ വെറുതെ വിട്ട ബാക്കി പ്രതികളെല്ലാം നാദാപുരം വിട്ടു. പരേതനായ അബ്ദുള്ളയുടെയും സുബൈദയുടെയും മകനാണ് കൊല്ലപ്പെട്ട അസ് ലം. സഹോദരങ്ങൾ: അസ്മിറ, അസ്‌നത്ത്. മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം കക്കംവള്ളിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം ശവസംസ്‌കാരം വെള്ളൂർ നിരന്നയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. അസ്ലമിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ വടകര താലൂക്കിൽ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി. ശങ്കരൻ അറിയിച്ചു.

നാദാപുരത്തെ സംഘർഷങ്ങൾ കുപ്രസിദ്ധമാണ്. ലീഗ്‌സിപിഐ(എം) സംഘട്ടനങ്ങൾക്ക് പേരുകേട്ട സ്ഥലം. ഷിബിനും ഇതിന്റെ രക്തസാക്ഷിയായിരുന്നു. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ടെതെല്ലാം സിപിഐ(എം) ചെയ്യുകയും ചെയ്തു. എന്നിട്ടും വിധി എതിരായി. അതുകൊണ്ട്് തന്നെ ഈ പ്രതികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പഴി സിപിഎമ്മിനാകും. ഈ സാഹചര്യം ഒഴിവാക്കാൻ കരുതലോടെയുള്ള നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി വെറുതെ വിട്ട എല്ലാവർക്കും പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. ഇവരുടെ വീടുകൾക്കു പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. തൂണേരി മേഖലയിൽ 16 ഇടങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തി. വിട്ടയക്കപ്പെട്ടവരുടെ ബന്ധുക്കളും തിരിച്ചടി ഭയക്കുന്നുണ്ട്. ഇവരുടെ പരാതി കൂടി കണക്കിലെടുത്താണ് വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തിയത്. നിലവിലുള്ള പൊലീസ് കൺട്രോൾ റൂം യൂണിറ്റുകൾക്കു പുറമെ നാല് മൊബൈൽ യൂണിറ്റുകളും നാല് ബൈക്ക് പട്രോളിങ് യൂണിറ്റും നാദാപുരം മേഖലയിലുണ്ടായിരുന്നു. എല്ലാം പതിയെ പിൻവലിച്ചു തുടങ്ങിയപ്പോൾ അശാന്തി പടർത്തുന്ന ആക്രമണമെത്തി.

കൊന്നത് പ്രതികൾക്കൊപ്പം നിന്ന വിധിയുടെ പ്രതികാരം തീർക്കാനോ?

ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 17 പ്രതികളെയും കോടതി വെറുതേ വിട്ടത് സിപിഐ(എം) ഏറെ വൈകാരികമായി തന്നെ കണ്ടിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് പ്രതികളെ വെറുതേ വിട്ടുകൊണ്ട് ഉത്തരവിട്ടത്. മതിയായ തെളിവുകൾ ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതേവിട്ടത്. ഷിബിനൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റവരുടെ സാക്ഷിമൊഴിയും കോടതി മുഖവിലയ്‌ക്കെടുത്തില്ല. പ്രായപൂർത്തിയാവാത്ത ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവൈനൽ കോടതിയിലാണ് നടക്കുന്നത്. പ്രതികൾക്കെതിരായ കുറ്റം സംശയതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയിൽ (28) സഹോദരൻ മുനീർ (30), താഴെകുനിയിൽ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മൽ സമദ് (അബ്ദുസമദ്25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തിൽ ഷുഹൈബ് (20), മൊട്ടെമ്മൽ നാസർ (36), നാദാപുരം ചക്കോടത്തിൽ മുസ്തഫ (മുത്തു25), എടാടിൽ ഹസ്സൻ (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കല്ലേരിന്റവിട ഷഫീഖ് (26), പന്തീരങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മൽ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യൻ വീട്ടിൽ സൂപ്പി മുസ്ലിയാർ (52), വാണിമേൽ പൂവുള്ളതിൽ അഹമ്മദ് ഹാജി (അമ്മദ് 55) എന്നിവരെയാണ് വെറുതെ വിട്ടത്. എന്നാൽ പ്രതികൾക്കൊപ്പം നിന്ന വിധിയാണിതെന്ന് ഷിബിന്റെ പിതാവ് പ്രതികരിച്ചിരുന്നു. കോടതി വിധിയിൽ ഞെട്ടലാണുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞു. ഷിബിനൊപ്പം പരിക്കേറ്റവരുടെ മൊഴി പോലും വിശ്വാസത്തിലെടുക്കാൻ കോടതി തയ്യാറാകാത്തത് ദുഃഖകരമാണെന്നായിരുന്നു പ്രതികരണം.

2015 ജനുവരി 22 ന് രാത്രിയാണ് ഷിബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ മുസ്ലിംലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മായിലും, സഹോദരൻ മുനീറും ഉൾപ്പടെയുള്ള സംഘമാണ് ഷിബിനെ കൊലപ്പെടുത്തിയത്. ഷിബിനോടൊപ്പമുണ്ടായിരുന്ന മറ്റു ആറ് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസിൽ വിചാരണ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. രാഷ്ട്രീയവും വർഗീയവുമായ കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ഇസ്മായിൽ നടക്കുന്നത് കനത്ത സുരക്ഷയിൽ

നാദപുരത്ത് വർഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ വെള്ളൂരിലെ ഷിബിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്. ഒരു നാടിന്റെ മുഴുവൻ സമാധാനം നശിപ്പിക്കുന്ന വിധത്തിലേക്ക് ഈ സംഭവം മാറുകയും ചെയ്തുവെങ്കിലും കുറ്റവാളികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വെറുതേ വിടുകയാണ് ഉണ്ടായത്. 2015 ജനുവരി 22ന് രാത്രി പത്തരയോടെ കണ്ണങ്കൈ റോഡിൽ വച്ച് ഭാസ്‌കരന്റെ മകൻ ഷിബിൻ എന്ന ചെറുപ്പക്കാരൻ വെട്ടേറ്റ് മരിച്ചത്. മുസ്‌ലിം ലീഗ് പ്രവർത്തകരായിരുന്നു പ്രധാന പ്രതികളുടെ സ്ഥാവനത്ത്. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന തൂണേരി സ്വദേശി ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ്‌ലിം ലീഗ് പ്രവർത്തകർ രാഷ്ട്രീയ വിരോധം തീർക്കാൻ ഷിബിനെ കൊന്നുവെന്നായിരുന്നു കുറ്റപത്രം. വാഹനം തടഞ്ഞു നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് കലാശിച്ചു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

തെയ്യമ്പാടി ഇസ്മയിലും സംഘവും ബൈക്കോടിച്ച് അതിവേഗം പാഞ്ഞപ്പോൾ ഇതിന്റെ പേരിൽ ഷിബിന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘവുമായി വഴക്കിട്ടു. പ്രതികരിക്കാതെ ഒഴിവാക്കിക്കളയാവുന്ന പ്രശ്‌നമായിരുന്നു ഇത്. എന്നാൽ പൂർവ്വ വൈരാഗ്യത്തോടെ ഇസ്മായിലും സംഘവും വിഷയത്തിൽ പെരുമാറിയെന്നും കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഷിബിനെ കൊലപ്പെടുത്തിയ കേസിൽ എന്നാൽ, ഷിബിനൊപ്പം പരുക്കേറ്റ അഞ്ചു പേർ വിവിധ രാഷ്ട്രീയ കക്ഷികൾപ്പെട്ട ആളുകളാണെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ചു. രാഷ്ട്രീയ വിരോധത്തിനും അപ്പുറം വർഗീയമായ ആക്രമണമായിരുന്നു കൊലപാതകത്തിനു പിന്നിലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 66 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. ഈ വാദം ശരിവച്ചാണ് തെയ്യമ്പാട്ടിൽ ഇസ്മയിൽ, മുനീർ തുടങ്ങിയവരെ കോടതി വെറുതേ വിട്ടത്. എന്നാൽ, പ്രതികളെ വെറുതേ വിട്ടതോടെ പിന്നെ കൊന്നതാരെന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്. ലീഗിന്റെ സ്വാധീനത്തിൽ കേസ് തേച്ച്മാച്ചു കളഞ്ഞുവെന്ന ആരോപണമാണ് സിപിഐ(എം) ശക്തമായി ഉന്നയിച്ചിരിക്കുന്നത്.

തൂണേരി വിഷയത്തിൽ പരിക്കേറ്റ കോൺഗ്രസുകാരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സന്ദർശിച്ച വേളയിൽ മുഖ്യപ്രതിയായിരുന്ന തെയ്യമ്പാടി ഇസ്മയിലിനെതിരെ കോൺഗ്രസുകാർ അന്ന് പരാതിപ്പെട്ടിരുന്നു. ഷിബിന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ തെയ്യമ്പാടി ഇസ്മയിലും കൂട്ടുകാരും നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് ഷിബിനോടൊപ്പം പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കുരുവന്റവിട രാജേഷും വട്ടക്കുനി വിജീഷും വി എം സുധീരനോട് വിവരിക്കുന്നതിന്റെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അന്ന് പ്രചരിച്ച വീഡിയോയിൽ കോൺഗ്രസുകാർ പറഞ്ഞത് ഇങ്ങനെയാണ്: ''നാട്ടിൽ എന്ത് പ്രശ്‌നമുണ്ടായാലും ഇടപെടുന്ന വ്യക്തിയാണ് ഇസ്മയിൽ. മുസ്ലിംലീഗുകാരാണ് ഇസ്മയിലിന് സംരക്ഷണം നൽകി പോന്നിരുന്നത്. ഏതാനും മാസം മുമ്പ് ഒരു ബൈക്ക് തട്ടിയ കേസിൽ നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇരുവരും ഇസ്മയിലിനോടൊപ്പം പോയിരുന്നു. തിരിച്ചുവരുമ്പോൾ ഇസ്മയിൽ പറഞ്ഞത് ഇവിടെ മാർക്‌സിസ്റ്റുകാർ കുറേ വിലസുന്നുണ്ടെന്നും ഇനിയൊരു പ്രശ്‌നമുണ്ടായാൽ അവരിൽ ഒരാളെ തട്ടുമെന്നുമാണ്.''

ഷിബിനെ ആക്രമിച്ചതും ഒരു നിസ്സാര സംഭവത്തിന്റെ പേരിലാണ്. ബൈക്ക് ഓടിച്ചു പോയപ്പോൾ തടഞ്ഞു നിർത്തി എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ അവസാനിച്ചത്. പ്രശ്‌നം തീർക്കാൻ ഇടപെട്ടപ്പോഴാണ് തങ്ങൾക്ക് പരിക്കേറ്റതെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളും സുധീരനോട് പറഞ്ഞിരുന്നത്. ഷിബിനോടും സംഘത്തോടും വഴക്കിട്ട് പോയ തെയ്യമ്പാടി ഇസ്മയിൽ സംഘം ചേർന്ന് മാരകായുധങ്ങളുമായി എത്തുകയായിരുന്നു. ഇസ്മായിൽ ഷിബിനെ നടുറോഡിൽ വെട്ടിവീഴ്‌ത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. പരിക്കേറ്റവർ നൽകിയ മൊഴിയും ഇപ്രകാരമായിരുന്നു. ഇസ്മയിലാണ് കൊലയാളിയെന്ന് വ്യക്തമാക്കിയെങ്കിലും ഇപ്പോൾ കോടതി അത് തള്ളിക്കളയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒന്നാം പ്രതിയായ തെയ്യമ്പാടി ഇസ്മായിലിൽ നാടുവിട്ടിരുന്നു. എന്നാൽ, മുസ്സീലീഗിന്റെ സ്വാധീനത്താൽ പ്രതിയെ പടികൂടാൻ പൊലീസിന് സാധിച്ചില്ല. പിടികൂടിയപ്പോൽ കാപ്പ ചുമത്തുകയും ചെയ്തു. നിരവധി അക്രമ കേസുകളിലെ പ്രതിയായിരുന്നു തെയ്യമ്പാടി ഇസ്മായിൽ. പണത്തിന്റെ ഹുങ്കിൽ എന്തും ചെയ്തു കൂട്ടുന്ന ഇസ്മയിലിന്റെ കുടുംബത്തിന്റെ പ്രതാപത്തിന് മുന്നിൽ കോടതിയിൽ നിന്നും അനുകൂല വിധിയും നേടാൻ സാധിച്ചു. ഇസ്മയിലിനെതിരെ കാപ്പ ചുമത്തിയെങ്കിലും ലീഗിന്റെ സ്വാധീനത്താൽ അത് പിന്നീട് ഇല്ലാതാകുകയായിരുന്നു. ഇതെല്ലാം മനസ്സിൽ വച്ച് സിപിഐ(എം) പ്രതികാരം ചെയ്യുമെന്ന് പൊതുവേ വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇസ്മായിൽ പാർട്ടി പ്രവർത്തരുടെ അകമ്പടിയോടെയായിരുന്നു യാത്രയും നടപ്പും. ഈ സാഹചര്യത്തിലാണ് അസ് ലമെന്ന മൂന്നാം പ്രതിയിലേക്ക് കത്തി നീണ്ടതെന്നാണ് വിലയിരുത്തൽ.

ഒത്തുതീർപ്പ് ഫോർമുലയിലെ സുരേന്ദ്രന്റെ ആരോപണവും പ്രതിക്കൂട്ടിലാക്കി

ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കേസിൽ സിപിഐഎമ്മും മുസ്ലിം ലീഗും ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത് എത്തിയതും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഷിബിന്റെ വീട് കെ സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് കെ. സുരേന്ദ്രൻ ഫേയ്‌സ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. ഇതിനിടെ ഇടതുപക്ഷത്തേക്ക് ലീഗിനെ സിപിഐ(എം) ക്ഷണിക്കുന്നുവെന്ന സൂചനയുമെത്തി. ഇതോടെ നാദപുരത്തെ സിപിഐ(എം) അണികളിൽ പ്രതിഷേധം ശക്തമായി. ഇത് മനസ്സിലാക്കിയാണ് അസ് ലമിനെ പ്രതികാരമെന്നോണം കൊലപ്പെടുത്തിയതെന്നാണ് ആക്ഷേപം.

പൊലീസിന്റെ ഭാഗത്തുനിന്ന് ഉദാസീന നിലപാടായിരുന്നു കേസിൽ ഉണ്ടായതെന്നും സിപിഎമ്മിന്റെ അഭിഭാഷകൻ സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്നിട്ടും കേസിൽ ശക്തമായി ഇടപെട്ടില്ലെന്നും സുരേന്ദ്രൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. മുസ്ലിം ലീഗിന്റെ ഒരു പ്രമുഖ നേതാവും സിപിഎമ്മിലെ ഒരു ഉന്നതനും തമ്മിൽ ഇത് സംബന്ധിച്ച് ദുബായിയിൽ ചർച്ചയും നടന്നിരുന്നു. അതിന് ശേഷമാണ് നഷ്ടപരിഹാര പാക്കേജ് എല്ലാം നടപ്പിലായത് .കൊല്ലപെട്ടയാൾക്കും കൊലയാളികൾക്കും നഷ്ടപരിഹാരം നൽകിയ അപൂർവ്വ സംഭവമായിരുന്നല്ലോ നാദാപുരം കണ്ടതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഷിബിൻ വധക്കേസിലെ മുഴുവൻ തെയ്യാമ്പാടി ഇസ്മായിൽ അടക്കം മുഴുവൻ പ്രതികളെയും വെറുതേ വിട്ടുകൊണ്ടാണ് കോടതി വിധിയുണ്ടായിത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിപിഎമ്മും ഷിബിന്റെ പിതാവും അറിയിച്ചിരുന്നു. ഇതിനിടെയാണ് സിപിഐ(എം) ലീഗ് ഒത്തുകളി ആരോപിച്ച് സുരേന്ദ്രൻ രംഗത്തെത്തിയത്.

പ്രോസിക്യൂഷന്റെ ദയനീയ പരാജയമാണ് ഈ വിധിക്ക് കാരണമെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.സംഭവം നടന്ന ഉടനെ പ്രതികളുടെ ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത പൊലീസ് സീഷർ മഹസർ തയ്യാറാക്കിയതിൽ അത് ഉൾപ്പെടുത്തിയില്ല .പ്രതികളുടെ വസ്ത്രങ്ങൾ ഭാഗികമായി കത്തിച്ചു കളഞ്ഞിരുന്നു എന്ന് പറയുന്ന പൊലീസ് വസ്ത്രത്തിന്റെ അവശേഷിക്കുന്ന ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കാതെ ചാരമാണ് പരിശോധനക്ക് അയച്ചത്.പ്രതികൾക്ക് പരിക്കുപറ്റിയ സംഭവത്തിൽ കേസെടുക്കാത്തത് കാരണം പ്രതികൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗത്തിന് സുഗമമായി വാദിക്കാൻ കഴിഞ്ഞു .അക്രമത്തിൽ ഷിബിനോടൊപ്പം പരിക്കുപറ്റിയവരെ മാത്രം എന്തുകൊണ്ട് സാക്ഷിയാക്കി? മറ്റ് സ്വതന്ത്ര സാക്ഷികൾ എന്തുകൊണ്ട് ഹാജരാക്കപ്പെട്ടില്ല തുടങ്ങി നിരവധി ചോദ്യങ്ങൾ കോടതി ഉന്നയിക്കുന്നുണ്ട്. പ്രോസിക്യൂഷൻ കൃത്യമായ ഉത്തരം ഒന്നിനും നൽകിയില്ല. പിന്നെ കേസിൽ ഉന്നതനായ  അഭിഭാഷകൻ സ്‌പെഷൽ പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നല്ലോ? പി ജയരാജന്റെ സ്ഥിരം അഭിഭാഷകൻ അദേഹം ഈ കേസിൽ എന്തു ചെയ്യുകയായിരുന്നു?

പ്രതികൾ മുസ്ലിം ലീഗിൽ ഉന്നത ബന്ധമുള്ളവരാണ് അവർക്ക് നാദാപുരത്തെ സിപിഎമ്മിലും അതുപോലെ തന്നെ ബന്ധമുണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഷിബിൻ കൊലക്കേസിൽ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടായി എന്ന് ആരോപണത്തെ നേരിടാൻ കടുത്ത നടപടികൾ എടുത്തുവെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഭരണത്തിന്റെ തണലിൽ സിപിഐ(എം) പ്രതികാരം ചെയ്യുമ്പോൾ ലീഗ് കരുതലോടെയാണ്. ഷിബിൻ കേസിൽ കുറ്റവിമുക്തരായവരെല്ലാം ആശങ്കയിലുമായി.