- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായി സർക്കാറിനെ വിശ്വസിക്കാൻ ആകില്ല; 170 രൂപ നിർദേശിച്ച സിയാലിനെ ഒഴിവാക്കി; ആരോപണവുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വിവാദത്തിൽ പിണറായി വിജയൻ സർക്കാരിനെ വിശ്വസിക്കാൻ സാധിക്കില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തുക ആയിരുന്നില്ല സർക്കാരിന്റെ ഉദ്ദേശമെന്നാണ് ഇപ്പോൾ മനസിലാകുന്നതെന്നും ഷിബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിമാനത്താവളം സ്വകാര്യവത്കരിക്കുക എന്നത് തന്നെയാണ് സർക്കാരിന്റെയും ഉദ്ദേശം. അദാനി അല്ലെങ്കിൽ മറ്റാരെങ്കിലും വന്നാലും വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇതായിരുന്നിരിക്കും സമീപനമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനുഭവ പരിചയമുള്ള സിയാലിനെ ഒഴിവാക്കി എന്തുകൊണ്ടാണ് യാതൊരു പരിചയവുമില്ലാത്ത കെ.പി.എം.ജിക്ക് കൺസൾട്ടൻസി നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
കൺസൾട്ടൻസിയൊക്കെ വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ സിയാൽ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറയുന്നു. ഒരു യാത്രക്കാരന് 170 രൂപ എയർ പോർട്ട് അഥോറിറ്റിക്ക് നൽകാമെന്ന രീതിയിലാണ് സിയാൽ സർക്കാരിന് നിർദ്ദേശം നൽകിയത്. എന്നാൽ പിന്നീട് സിയാലിനെ ഒഴിവാക്കി സർക്കാർ കൺസൾട്ടൻസിയെ കൊണ്ടുവന്നു.
ഇതേതുടർന്നാണ് കേരളത്തിന് വിമാനത്താവളം നഷ്ടപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ബിഡ്ഡിങ്ങിൽ അദാനി ക്വോട്ട് ചെയ്തത് 168 രൂപയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനുഭവ പരിചയമുള്ള സിയാലിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരം വിമാനത്താവത്തിന്റെ ബിഡ്ഡിങ്ങിൽ നിന്ന് വിലക്കി. അവർ പിന്നീട് മംഗലാപുരം വിമാനത്താവളത്തിനായി ബിഡ്ഡിങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം വിമാനത്താവളം സർക്കാർ നിയന്ത്രണത്തിൽ നിർത്തണമെന്ന് സർക്കാർ ആഗ്രഹിച്ചിരുന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
എന്തുകൊണ്ട് സിയാലിനെ ഒഴിവാക്കിയെന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർഥമായ സമീപനം ഉണ്ടായിട്ടില്ല. അതിനാൽ ഒരുകാരണവശാലും പിണറായി വിജയൻ സർക്കാരിനെ വിശ്വസിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.