തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ മുന്നണിയിലെ ജീർണതകൾക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. യുഡിഎഫ് വലിയൊരു പടുകുഴിയിൽ നിലംപതിച്ചിരിക്കുകയാണെന്നു ഷിബു ബേബി ജോൺ പ്രതികരിച്ചു. നിലനിൽപുതന്നെ കൺമുന്നിൽ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഗ്രൂപ്പ് യോഗം വിളിച്ചും വിഴുപ്പലക്കിയും കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്ത്? നിങ്ങളുടെ അധഃപതനത്തിനുള്ള മറുപടിയാണു ജനം തന്നത് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഷിബു ബേബി ജോൺ വ്യക്തമാക്കി.

 കുറിപ്പിന്റെ പൂർണരൂപം ചുവടെ.

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തിരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്കു നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോടു സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു. നിങ്ങളുടെ ഈ അധഃപതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ 'എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല' എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല... അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.