തൃശൂർ:  മണാലിയിൽ അഴുകിയനിലയിൽ തൃശൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നു മണാലി പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ ദുരൂഹതകൾ ഏറെ. ശരീരത്തിൽ മുറിവുകളില്ലാത്തതിനാൽ ഏതെങ്കിലും വിധത്തിൽ ഷിഫ ആക്രമണത്തിനിരയായിരിക്കാൻ സാധ്യതയില്ലെന്നു പൊലീസ് പറയുന്നു. എന്നാൽ, കടുത്ത മഞ്ഞുവീഴ്ചയാണോ മരണകാരണമെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. എന്നാൽ ഷിഫയുടെ മരണത്തിൽ അസ്വാഭാവികത ഒറ്റനോട്ടത്തിൽ തന്നെ പ്രകടമാണ്. മണ്ണ് വീഴ്ചയാണ് മരണകാരണമെങ്കിൽ ആരും ഇത്തരം ഒരു സംഭവം അറിയാതെ പോയത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു.

ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ ജോലിചെയ്തിരുന്ന വലിയാലുക്കൽ രായംമരയ്ക്കാർ വീട്ടിൽ ഷിഫയെ (22) കഴിഞ്ഞ 29ന് ആണു മണാലിയിൽ ബിയാസ് നദിക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ഞുപാളികൾക്കുള്ളിലാണു മൃതദേഹം കിടന്നതെങ്കിലും അഴുകിയ നിലയിലായിരുന്നു. ഫൊറൻസിക് പരിശോധനകൾക്കുശേഷം പൊലീസ് മൃതദേഹം സംസ്‌കരിച്ചിരുന്നു. ഔദ്യോഗിക ആവശ്യത്തിനു ഡൽഹിയിൽ പോയശേഷം മണാലിയിൽ സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിനിടെയാണു ഷിഫ മരണപ്പെടുന്നത്. ട്രക്കിങ്ങിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഷിഫയുടെ മരണത്തെക്കുറിച്ചു പൊലീസിൽ അറിയിച്ചുമില്ല. എന്നാൽ ഇവരെയൊന്നും ചോദ്യം ചെയ്യാതെയാണ് ദുരൂഹതയില്ലെന്ന നിലപാടിൽ പൊലീസ് എത്തുന്നത് എന്നത് വിചിത്രമാണ്.

അതേസമയം, മണാലിയിലെത്തിയ സഹോദരൻ ഷിബിൻ മൃതദേഹം ഷിഫയുടേതുതന്നെയെന്നു വിഡിയോ ദൃശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞു. ഷിഫയെ ആരെങ്കിലും അപായപ്പെടുത്തിയതാകാൻ സാധ്യതയില്ലെന്നാണ് സഹോദരനോടു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. മഞ്ഞുവീഴ്ചയാണോ മരണകാരണമെന്നറിയാൻ ഫൊറൻസിക് തെളിവുകൾ വീണ്ടും പരിശോധിക്കും. ഷിഫ അവസാനമായി വീട്ടിലേക്കു വിളിച്ച ഫോൺ നമ്പറിന്റെ ഉടമയെ പൊലീസ് തിരയുന്നുണ്ട്. സ്വന്തം ഫോൺ കൈമോശം വന്നെന്നും സുഹൃത്തിന്റെ ഫോണിൽനിന്നാണു വിളിക്കുന്നതെന്നുമാണു ഷിഫ വീട്ടിൽ അറിയിച്ചത്. എന്നാൽ, ഷിഫയുടെ തിരോധാനത്തിനുശേഷം ഈ നമ്പറിൽ ബന്ധപ്പെടാൻ പലവട്ടം ബന്ധുക്കൾ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതും ദുരൂഹമായി തുടരുന്നു.

ഈ നമ്പർ ഇപ്പോഴും പ്രവർത്തനരഹിതമായി തുടരുന്നു. ഫോണിന്റെ ഉടമയാരെന്നു കണ്ടെത്തിയാൽ ഷിഫയുടെ മരണ കാരണത്തെക്കുറിച്ചു വ്യക്തമായ സൂചന കിട്ടും. ഇതിനുള്ള ശ്രമം പൊലീസ് നടത്തുന്നില്ലെന്ന പരാതിയും സജീവമാണ്.  ടൂറിസ്റ്റുകൾ അധികം സന്ദർശിക്കാത്ത പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.  തൃശൂർ വലിയാലുക്കൽ അബ്ദുൾ നിസാറിന്റെയും ഷർമ്മിളയുടെയും മകളാണ് ഷിഫ. ജനവരി 29നാണ് പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞദിവസം പെൺകുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോർട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയിൽ നിന്നും കണ്ടെത്തി. മൃതദേഹവും ഇതിന് സമീപത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് മൃതദേഹം ഷിഫയുടേത് തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

 തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് ഫോറൻസിക് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജോലിയുടെ ഭാഗമായി ഷിഫ മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഡൽഹിയിൽനിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴി മണാലി സന്ദർശിച്ച ഷിഫയെ അവിടെ നിന്നും കാണാതാവുകയായിരുന്നു. കൂട്ടുകാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് മണാലിയിൽ എത്തിയതെന്നാണു വിവരം. ജനുവരി ഏഴിനാണ് ഷിഫ മണാലിയിൽ നിന്നും അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. ജനുവരി 15ന് വീട്ടിലെത്തുമെന്നാണ് ഈ ഫോൺ കോളിൽ ഷിഫ അറിയിച്ചത്. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ, ഷിഫയുടെ പിതാവ് ചെന്നൈയിലെ ബന്ധുക്കൾ വഴി അന്വേഷണവും നടത്തിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഷിഫയുടെ മരണ വിവരം മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ബന്ധുക്കൾ മണാലിയിലേക്ക് തിരിച്ചെന്നും പിതാവ് അബ്ദുൾ നിസാർ അറിയിച്ചു. ക്രിസ്മസ് ദിവസമാണ് ഷിഫ അവസാനമായി ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. ജോലിയുടെ ഭാഗമായി നിരന്തരം രാജ്യം മുഴുവൻ യാത്രചെയ്യുന്ന ആളായതുകൊണ്ടാണ് ഷിഫയെക്കുറിച്ചു വിവരമില്ലാതിരുന്നിട്ടും പരാതി നൽകാതിരുന്നത്. ദുബായിൽ നിന്ന് ഫാഷൻ ഡിസൈനിങ് കോഴ്‌സ് പൂർത്തിയാക്കിയ ഷിഫ രണ്ടുവർഷം മുമ്പാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലിക്ക് കയറിയത്. ജോലിയുടെ ഭാഗമായി കൊച്ചി, മുംബയ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുക പതിവായിരുന്നു. ദുബായിൽ താമസമായിരുന്ന അബ്ദുൽ നിസാറും കുടുംബവും ഒരു വർഷം മുമ്പാണ് തൃശ്ശൂരിൽ തിരിച്ചെത്തിയത്.