ആലപ്പുഴ: ആദ്യം തട്ടുപൊളിപ്പൻ ഡി ജെ.ഹർഷാരവം അടങ്ങും മുമ്പേ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ടെലിവിഷൻ അവതാരകയായി രംഗ പ്രവേശം. 5 മിനിട്ടിനുള്ളിൽ ശബ്ദത്തിൽ 35 വെറൈറ്റികൾ പുറത്തെടുത്ത് കാണികളുടെ ഹൃദയം കവർന്ന് മടക്കം. മിമിക്രി വേദിയിൽ ഷിഫ്‌ന മറിയത്തിന്റെ ഏ ഗ്രേഡിന് പത്തരമാറ്റ് തിളക്കം.

തിരുവനന്തപുരം ചെങ്കോട്ടുകോണം തുണ്ടത്തിൽ എം വിഎച്ച്.എസ്.എസിലെ ഈ മിടുക്കി തന്റെ ന്യൂനതകളെ അതിജീവിച്ചാണ് സ്വന്തം പരിശ്രമവും നിശ്ചയ ദാർഢ്യവും കൈമുതലാക്കി വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ജന്മനാ കാഴ്ചയില്ലാത്ത ഷിഫ്‌ന കഴിഞ്ഞ 5 വർഷമായി ഈ ഇനത്തിൽ ഏ ഗ്രേഡ് സ്വന്തമാക്കുന്നു.

അവതരിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള വ്യക്തികളുടെ ശബ്ദം യൂടൂബിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോയിലെ ശബ്ദ ഭാഗം പല അവർത്തി കേട്ട് മനസ്സിലുറപ്പിക്കും .ഭാവ ചലനങ്ങൾ തിരിച്ചറിയാൻ ഉമ്മ ഷാഹിനയുടെ സഹായം തേടും. ഏകദേശം പഠിച്ചെന്ന് ഉറപ്പിച്ചാൽ ഉമ്മയെയും മറ്റ് കുടുമ്പാംഗങ്ങളെയും വിളിച്ചിരുത്തി ഓരോന്നും അവതരിപ്പിക്കും. ഇവരാണ് ആദ്യത്തെ ജഡ്ജസ്. കുറ്റങ്ങളും കുറവുകളും സ്വയം മനസ്സിലാക്കാൻ ഒരോ ഇനം അവതരിപ്പിക്കുമ്പോഴും ഇത് കുടുംമ്പാംഗങ്ങളെ കൊണ്ട് മൊബൈലിൽ ചിത്രീകരിച്ച് സൂക്ഷിക്കും. പിന്നീട് ഇത് കേട്ട് കുറവുകൾ മനസ്സിലാക്കി പൂർണ്ണതയിലേക്കെത്താൻ പരിശ്രമം തുടങ്ങും. ഉമ്മയും അടുത്ത ബന്ധുക്കളുമടങ്ങുന്ന സദസ്സ് ഒ കെ പറഞ്ഞാൽ ഷിഫ്‌ന ഉറപ്പിക്കും ,വേദിയിൽ നിന്നും വെറും കയ്യോടെ പോരേണ്ടി വരില്ലെന്ന് .

35 ഐറ്റത്തിൽ ഡി ജെ പഠിക്കാൻ മാത്രമാണ് ഈ പ്ലസ്സ്ടുകാരി പുറമേ നിന്നും സഹായം തേടിയത്. കല്ലറ അസറാണ് ഡീ ജെയിൽ ഷിഫ്‌നയുടെ ഗുരു. ചാനൽ അവതാരകയുടെ വ്യത്യസ്ത ഭാവങ്ങളും ശബ്ദവും ഏറെ ആകർഷകമായി. ആനുകാലിക പ്രസക്തിയുള്ള ശബരിമല വിഷയത്തിൽ ഗൗരിയമ്മ, മേരീ സ്വീറ്റി ,ചാളമേരി ചിന്താ ജെറോം തുടങ്ങിയവരുടെ പ്രതികരണം തനത് ശൈലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ സദസ്സ് ഹർഷാരവത്താൽ മുങ്ങി. പ്ലസ്സ് ടു കഴിഞ്ഞാൽ ഡിഗ്രി ,പിന്നെ ജേർണലിസം.. ഭാവിയെക്കുറിച്ച് ഷിഫ് നയുടെ നിലപാടുകൾ ഇങ്ങിനെ.