മലപ്പുറം: ചികിത്സയുടെ മറവിൽ സ്വർണാഭരണം കവർന്ന് തട്ടിപ്പുനടത്തുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ തട്ടിപ്പു വീരനെയാണ് കഴിഞ്ഞ ദിവസം മലപ്പുറം താനൂരിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ പിടിയിലായതോടെ വ്യാജ ചികിത്സാ തട്ടിപ്പിന് ഇരയായി മനം നൊന്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടേതുൾപ്പടെ നിരവധി ചികിത്സാ തട്ടിപ്പുകഥകളാണ് ചുരുളഴിഞ്ഞത്.

തലക്കടത്തൂർ സ്വദേശിയായ ജസീന എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് വ്യാജ സിദ്ധനെ അറസ്റ്റ് ചയ്തത്. പുറത്തൂർ കളൂർ സ്വദേശി പാലക്കപ്പറമ്പിൽ ശിഹാബുദ്ദീ(29)നെയാണ് തിരൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിനായി സിദ്ധന് നൽകിയ സ്വർണാഭരണങ്ങൾ തിരിച്ചുനൽകാത്തതിൽ മനം നൊന്ത് തലക്കടത്തൂരിലെ വീട്ടിൽ വച്ചായിരുന്നു ഈ മാസം 13ന് യുവതി ജീവനൊടുക്കിയത്.

ചേരുരാലിലേക്ക് വിവാഹം കഴിച്ച യുവതി ഭർതൃവീട്ടുകാരുമായി നിരവധി തവണ സിദ്ധനെ സമീപിച്ചിരുന്നു. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന യുവതിയെ മന്ത്രവാദം നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് ധരിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടുകയായിരുന്നു. നാലുവർഷത്തോളം ഇവർ പല ആവശ്യങ്ങൾക്കായി ശിഹാബിനെ സമീപിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരികെ ആവശ്യപ്പെട്ടിട്ടും ഇയാൾ തിരികെ നൽകിയിരുന്നില്ല. പ്രവാസിയായ ഭർത്താവ് അറിയാതെയായിരുന്നു ജസീനയും ഭർതൃമാതാവും കൂടി സ്വർണാഭരണങ്ങൾ നൽകിയിരുന്നത്. സ്വർണാഭരണം തിരികെ നൽകണമെന്ന് ശിഹാബിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇയാൾ തിരികെ നൽകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് കുറിപ്പെഴുതി വച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച എല്ലാവരും പള്ളിയിൽ പോയിരുന്ന സമയത്താണ് മരണം നടന്നത്. എന്നാൽ യുവതിയുടെ മരണക്കുറിപ്പിൽ സ്വന്തം കൈയക്ഷരമില്ലെന്നും കെട്ടിത്തൂങ്ങിയ മുറിയിൽ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു.

സിദ്ധവേഷം കെട്ടി തട്ടിപ്പ് നടത്തുന്ന ശിഹാബുദ്ദീൻ വർഷങ്ങളായി ഓട്ടോ തൊഴിലാളിയാണ്. ഓട്ടോ യാത്രക്കാരോട് സൗഹൃദം സ്ഥാപിച്ചായിരുന്നു സാധാരണക്കാരെ വലയിലാക്കിയിരുന്നത്. തട്ടിപ്പിനിരയാക്കുന്നത് അധികവും സ്ത്രീകളെയാണ്. സ്ത്രീകളെ വശീകരിച്ച് പ്രശ്‌നപരിഹാരത്തിനായി തന്റെ പക്കൽ ക്രിയകൾ നടത്തുന്ന ഉസ്താദ് ഉണ്ടെന്ന് ധരിപ്പിക്കും.

പിന്നീട് ശിഹാബിന്റെ രണ്ടാം നമ്പർ നൽകി ഉസ്താദിന്റെ നമ്പറാണെന്നു പറഞ്ഞ് ഇതിലേക്ക് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. ഓരോ പ്രശ്‌നങ്ങളുമായി ഉസ്താദെന്നു ധരിച്ച് ശിഹാബിനെ വിളിക്കുന്നവരോടു വീട്ടിൽ വന്ന് ക്രിയകൾ നടത്തേണ്ടി വരുമെന്ന് പറയും. ഇതിനായി വീട്ടുമുറ്റത്ത് കുഴിച്ചിടാൻ സ്വർണാഭരണം തയ്യാറാക്കണമെന്നും ആദ്യമേ നിർദ്ദേശിക്കും. ഉസ്താദിന് വരാൻ പറ്റില്ലെന്നും ശിഷ്യനായ ശിഹാബിനെ വീട്ടിലേക്ക് വിടാമെന്നും പറയും.

ശേഷം അവരുടെ വീടുകളിൽ ശിഹാബ് തന്നെ എത്തി മന്ത്രവാദം നടത്തി സ്വർണാഭരണം തുണിയിൽ പൊതിഞ്ഞ് പെട്ടിയിലാക്കി വീട്ടിനു പുറത്ത് കുഴിച്ചിടും. എന്നാൽ സ്വർണാഭരണം സ്വന്തം പെട്ടിയിൽ വച്ച ശേഷം, കുഴിച്ചുമൂടുന്ന പെട്ടിയിൽ കല്ല് നിക്ഷേപിച്ചു മടങ്ങുകയാണ് ശിഹാബിന്റെ പതിവ് തട്ടിപ്പുരീതി. ഇതിനു പുറമെ സ്വർണാഭരണങ്ങൾ കൈപ്പറ്റിയും വൈരമോതിരം നൽകിയും വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആഭരണം തിരിച്ചെടുക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടാൽ ഇയാൾ നാട്ടിൽ നിന്നും മുങ്ങി മറ്റു സ്ഥലങ്ങളിൽ ആഡംബര ജീവിതം നയിക്കുകയുമാണ് പതിവ്.

ജസീനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചതോടെ ഇയാളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ ശിഹാബിന്റെ രാഷ്ട്രീയ ബന്ധവും സ്വാധീനവും കാരണം പൊലീസും ശിഹാബിനെതിരേ നടപടിയെടുത്തിരുന്നില്ല. താനൂർ പൂരപ്പുഴയിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശിഹാബിനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാട്ടുകാർ കയ്യേറ്റം നടത്തിയെന്ന് പറഞ്ഞ് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ശിഹാബ് വേറെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

സമാനമായ തട്ടിപ്പിലൂടെ ഇയാൾ ഇരുനൂറ് പവൻ തട്ടിയെടുത്തതായി പൊലീസ് മുമ്പ് കണ്ടെത്തിയിരുന്നു. എന്നാൽ മുമ്പ് പലതവണ ഇയാൾക്കെതിരേ പരാതിയുണ്ടായിട്ടും നടപെടിയെടുക്കാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. തലക്കടത്തൂർ കോളനിയിൽ കുഞ്ഞീന്റെ മകൾ ജസീനയുടെ മരണത്തെ തുടർന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പ്രതി ശിഹാബുദ്ദീനെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.