തിരുവനന്തപുരം: ഗതാഗതം തടഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ മുൻ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനടക്കം 3 പ്രതികൾക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ അറസ്റ്റ് ചെയ്യാനും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനും ഉത്തരവിട്ടത്. കൂട്ടുപ്രതികളായ ബിനീഷിനും ബാലമുരളിക്കും എതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചു. കുറ്റം ചുമത്തലിന് ഹാജരാകാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനാലാണ് കോടതി ഉത്തരവ്.

2012 ൽ സിറ്റി മ്യൂസിയം പൊലീസ് സ്റ്റേഷൻ അതിർത്തിക്കകമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹളയുണ്ടാക്കണമെന്ന പൊതു ഉദ്ദേശ്യ കാര്യ സാധ്യത്തിനായി ആലോചിച്ചുറച്ച് പ്രതികൾ ന്യായ വിരോധമായി സംഘം ചേർന്ന് തങ്ങൾ ഓരോരുത്തരും ന്യായവിരുദ്ധ സംഘത്തിലെ അംഗങ്ങളാണെന്ന അറിവോടു കൂടി കാൽനട യാത്രക്കാരുടെയും വാഹന ഗതാഗതത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി അന്യായ തടസ്സം ചെയ്ത് നാശനഷ്ടം വരുത്തി ദ്രോഹക്കുറ്റം ചെയ്തുവെന്നാണ് കേസ്. 2013 ലാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.