- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സരിതയുടെ ഒപ്പം കൂടിയത് ഡ്രൈവറായി; ഫെനി ബാലകൃഷ്ണൻ തെറ്റിപിരിഞ്ഞപ്പോൾ എന്തിനും കൂടെയുള്ള വിശ്വസ്തനായി; നിയമന തട്ടിപ്പിൽ സോളാർ നായികയെ വെട്ടിലാക്കിയതും വിശ്വസ്തന്റെ ഫോണിൽ നിന്നുള്ള വിളികൾ; ആഴക്കടലിലെ മുതലാളിയുമായി ബന്ധമുള്ളത് സരിതക്ക് പിന്നിൽ എപ്പോഴുമുള്ള മുഖം; ഷിജു വർഗ്ഗീസിനൊപ്പം വിനുവും പ്രതി; ഇഎംസിസി വിവാദം പുതുതലത്തിലേക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വർഗീസിന്റെ കാർ ആക്രമിച്ച കേസിൽ വഴിത്തിരിവ്. പരാതിക്കാരനായ ഷിജു വർഗീസിനെ പൊലീസ് ഗോവയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഇതിനൊപ്പം സരിതാ നായരുടെ അതിവിശ്വസ്തനായ വിനുവിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ കേസിന് പുതിയ തലങ്ങൾ വരികയാണ്. ആഴക്കടൽ ലോബിക്ക് സരിതയുമായി ബന്ധമുണ്ടെന്ന വാദവും സജീവമാകും.
കേസിൽ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം സ്വദേശിയായ വിനുവിനെ കൂടി കസ്റ്റഡിയിൽ എടുത്തതോടെ എല്ലാം വ്യക്തമായി. സരിതയുടെ ഡ്രൈവറായി ഒപ്പം കൂടിയ വ്യക്തിയാണ് വിനു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയാണ്. സരിത അറിയാതെ ഒന്നും ചെയ്യാത്ത വ്യക്തി. കുറച്ചു കാലമായി മാർത്താണ്ഡത്തും തക്കലയിലുമായി സരിതയുടെ ബിസിനസ് കൈകാര്യം ചെയ്തതും വിനുവാണ്. അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനും സരിതയും തെറ്റി പിരിഞ്ഞതോടെയാണ് വിനുവിന് റോൾ കൂടുന്നത്.
വിനുവിന്റെ ഫോട്ടോ പുറത്തു വിട്ടത് റിപ്പോർട്ടർ ടിവിയാണ്. എപ്പോഴും സരിതയ്ക്ക് പിന്നിൽ നിൽക്കുന്ന വ്യക്തിയാണ് റിപ്പോർട്ടർ പുറത്തു വിട്ട ഫോട്ടോയിലെ വ്യക്തി. വള്ളക്കടവ് സ്വദേശി വിനു സരിതയുടെ ഡ്രൈവറായി ഒപ്പംകൂടിയതാണ്. മോഷണം, ഗുണ്ടായിസം തുടങ്ങിയ ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടെന്നാണ് പുറത്തു വരുന്ന വിരവം. നിലവിൽ സരിത ശിക്ഷിക്കപ്പെട്ട തട്ടിപ്പ് കേസുകളിലും ഇയാളുടെ പേര് സജീവ ചർച്ചയായിരുന്നു. നെയ്യാറ്റിൻകര ബിവേറേജസ് തട്ടിപ്പിൽ ഉദ്യോഗാർത്ഥികളുമായി സരിത സംസാരിച്ചതും വിനുവിന്റെ പേരിലെടുത്ത മൊബൈൽ ഫോണിലാണ്. സരിതയുമായി ഇത്രയും അടുപ്പമുള്ള വ്യക്തി എങ്ങനെയാണ് ഷിജു വർഗ്ഗീസുമായി ബന്ധം വരുന്നതെന്നാണ് ഉയരുന്ന ചോദ്യം.
കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പള്ളി റോഡിൽ വച്ച് പോളിങ് ദിവസം പുലർച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറിൽ വന്ന സംഘം പെട്രോൾ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വർഗീസിന്റെ പരാതി. എന്നാൽ ഷിജു വർഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുള്ള മൊഴികൾ ലഭ്യമായിരുന്നില്ല.
ഇതിനിടെ സംഭവത്തെ പറ്റി പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മയും ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് സർക്കാർ അന്വേഷണം ഊർജിതമാക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് അന്വേഷണം ഷിജു വർഗ്ഗീസിന്റെ മാനേജരിലേക്കും വിനുവിലേക്കും എത്തുന്നത്. ഷിജു വർഗീസ് തന്നെയാണ് കാർ കത്തിച്ചതെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും സിപിഎമ്മും ആരോപണം ഉന്നയിച്ചിരുന്നു. ഷിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
എന്നാൽ ഇത് പൊലീസ് തന്നെ നിഷേധിക്കുകയായിരുന്നു. പരാതിക്കാരനായ ഷിജുവിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുന്നതിനാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നു പൊലീസ് അറിയിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ ട്വിസ്റ്റുണ്ടാകുന്നത്. നാലുപേർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സോളാർ തട്ടിപ്പ് കേസിൽ കോഴിക്കോട് കോടതി സരിതയെ ശിക്ഷിച്ചിട്ടുണ്ട്.
സരിത എസ്. നായരും സംഘവും ബിവറേജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തിലേറെ രൂപ തട്ടിയ കേസിലും വിവാദങ്ങൾ ഏറെയുണ്ടായി. ഇരുപതോളം പേർക്ക് പണം നഷ്ടമായെങ്കിലും രണ്ടുപേരാണ് പരാതിപ്പെട്ടത്. സിപിഐ നേതാവും കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽ സ്ഥാനാർത്ഥിയുമായിരുന്ന ടി.രതീഷ്, തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സ്വതന്ത്‌റ സ്ഥാനാർത്ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ.
തന്റെ സഹായിയുടെ പേരിൽ എടുത്ത സിം നമ്പറിൽ നിന്നും മറ്റൊരു നമ്പരിൽ നിന്നും സരിത ഉദ്യോഗാർത്ഥികളുമായി സംസാരിച്ചിരുന്നു. ഈ കോളുകൾ റെക്കാർഡ് ചെയ്ത് പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. തിരുപുറം സ്വദേശി എസ്.എസ്.അരുൺ നെയ്യാറ്റിൻകര പൊലീസിനു നൽകിയ മൊഴിയിലാണ് സരിതയുടെ തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. അതായത് സരിത അന്നുപയോഗിച്ച സിം കാർഡിന്റെ ഉടമയെയാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള വിനു എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ