- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദത്ത് നൽകൽ വിവാദത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതം; ഷിജുഖാനെ വിളിച്ചുവരുത്തി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ; വിശദീകരണം തേടി; രേഖകളിലെ കൃത്രിമത്വവും അന്വേഷിക്കുന്നു; ദത്തുനൽകിയത് നിയമപ്രകാരമെന്ന് മാധ്യമങ്ങളോട് പ്രതികരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ വകുപ്പ് തല അന്വേഷണം ഊർജിതം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ വിളിച്ചുവരുത്തി. അദ്ദേഹത്തോട് വിശദീകരണം തേടിയതായാണ് റിപ്പോർട്ട്.
പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി. നിയമപരമായ നടപടികളാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശിശുക്ഷേമ സമിതി കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഒട്ടേറെ കാര്യങ്ങളിൽ അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യങ്ങളിൽ വീശദീകരണം ആരായുന്നതിനാണ് ഷിജുഖാനെ വിളിച്ചുവരുത്തിയത്. കുഞ്ഞിന് ജന്മം നൽകിയ ആൾ ജീവിച്ചിരിക്കെ ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ മറ്റൊരു ദമ്പതികമാർക്ക് കുഞ്ഞിനെ ദത്ത് നൽകിയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പരാതിയുമായി അമ്മ ശിശുക്ഷേമ സമിതിയെ സമീപിച്ചതിനുശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികളുമായി മുന്നോട്ടുപോയതും വിശദീകരിക്കേണ്ട സാഹചര്യമുണ്ട്.
കുഞ്ഞിനെ ലഭിച്ചതിനെ തുടർന്ന് ആൺകുട്ടിയെ പെൺകുട്ടി എന്ന് രേഖപ്പെടുത്തി, കുട്ടിയുടെ അച്ഛന്റെ പേര് മാറ്റി നൽകി എന്നിങ്ങനെയുള്ള പരാതികളും ഉയർന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ഷിജുഖാനോട് വിശദീകരണം ചോദിച്ചു എന്നാണ് സൂചന. ഇക്കാര്യത്തിൽ വനിതാ-ശിശു വികസന സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
ദത്ത് നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജുഖാനെതിരെയും ആരോപണം ഉയർന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം.
കുഞ്ഞിനെ അമ്മ അനുപമയിൽ നിന്നും മാറ്റിയ സംഭവത്തിൽ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ നടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള ശ്രമം സിപിഎം നടത്തിയേക്കുമെന്നാണ് വിവരം. അനുപമയുടെ അച്ഛൻ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാർട്ടിയിൽ തരംതാഴ്‌ത്താനുമാണ് സാധ്യത.
അതേ സമയം കേസിൽ അറസ്റ്റുണ്ടായേക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ് പ്രതികളും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസിൽ പൊലീസിന്റെ നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. തന്റെ കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ