വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ ബോട്ട് യാത്രയ്ക്കിടെ പക്ഷിക്കൾക്ക് കൈവെള്ളയിൽവച്ച് തീറ്റ നൽകുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാദക്കുരുക്കിൽ. രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കെ, പക്ഷികൾക്ക് കൈവെള്ളയിൽവച്ച് തീറ്റ നൽകിയതാണ് വിവാദമായത്. ധവാൻ യാത്ര ചെയ്ത ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തേക്കുമെന്ന് സൂചനയുണ്ട്.'പക്ഷികളെ ഊട്ടുന്നതിൽ സന്തോഷം' എന്ന ക്യാപ്ഷനോടെയാണ് ധവാൻ ചിത്രം പങ്കുവച്ചത്.

ധവാൻ പക്ഷിക്ക് തീറ്റ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ തന്നെ വിമർശനവുമായി ഒട്ടേറെ ആരാധകർ രംഗത്തെത്തി. പക്ഷിപ്പനിയുടെ അപകടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

അതേസമയം, പക്ഷിക്ക് തീറ്റ നൽകുന്നതിൽനിന്ന് ധവാനെ തടയുന്നതിൽ വീഴ്ച വരുത്തിയ ബോട്ടുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തേക്കുമെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പക്ഷികൾക്ക് തീറ്റ നൽകുന്നതിൽനിന്ന് ടൂറിസ്റ്റുകളെ തടയണമെന്ന് ഇവർക്ക് പൊലീസും ജില്ലാ ഭരണകൂടവും കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ ഏകദിന, ട്വന്റി ടീമുകളിൽ അംഗമായിരുന്ന ശിഖർ ധവാൻ, ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെ നയിക്കുകയും ചെയ്തു. ഇതിനിടെയാണ് ഉത്തർപ്രദേശിലെ വാരാണസിയിൽ താരം സന്ദർശനം നടത്തിയത്.