തിരുവനന്തപുരം: സിനിമാസീരിയൽ നടി ശിൽപയുടെ മരണം കൊലപാതകമാണെന്ന് ആരോപണവുമായി മാതാപിതാക്കൾ. ശിൽപയുടെ സുഹൃത്തുക്കളായ ആർഷയെയും ലിജിനെയും സംശയമുണ്ടെന്ന് അച്ഛൻ ഷാജി പറഞ്ഞു. ശിൽപയുടെ അസ്വാഭാവിക മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഇന്ന് ഡിജിപിക്ക് പരാതി നൽകി. അതേസമയം, ശിൽപയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിൽപയുടെ കാമുകൻ ലിജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ഒറ്റശേഖരമംഗലം സ്വദേശിയായ സ്റ്റുഡിയോ ജീവനക്കാരനായ സുഹൃത്ത് ഒളിവിലാണ്.

സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാൾ ശിൽപയുടെ കാമുകൻ ആണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരുവനന്തപുരം കരമനയാറ്റിലെ മരുതൂർ കടവിൽ ശിൽപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലരാമപുരത്ത് പെരുന്നാൾ ആഘോഷത്തിന് സുഹൃത്തിനൊപ്പം പോയ ശിൽപയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ഷാജി പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛൻ ഷാജി പറഞ്ഞു. ശിൽപയുടെ കവിളിൽ അടിയേറ്റ പാടുള്ളതായി സുഹൃത്ത് ആർഷ പൊലീസിന് മൊഴി നൽകിയിരുന്നു. ശിൽപയുടെ മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ബാഗിലെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

ശിൽപയോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേരിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയുമാണു പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്. എന്നാൽ സംഘത്തിലെ മൂന്നാമനും ശിൽപയുമായി അടുപ്പമുണ്ടെന്നു പറയപ്പെടുന്നതുമായ ആൺകുട്ടി ഒളിവിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നു മാതാപിതാക്കൾ ആരോപിച്ച പശ്ചാത്തലത്തിൽ അന്വേഷണ ചുമതല ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ സുധാകരൻ പിള്ളയെ ഏൽപ്പിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷ് അറിയിച്ചു. ഒളിവിലുള്ള വ്യക്തിയെക്കുറിച്ചു സൂചന കിട്ടിയെന്നും ഉടൻ പിടിയിലാകുമെന്നും ഡിസിപി: സജ്ഞയ് കുമാർ പറഞ്ഞു.

സംഭവദിവസം രണ്ട് സുഹൃത്തുക്കളും കാമുകനെന്ന് സംശയിക്കുന്ന സ്റ്റുഡിയോ ജീവനക്കാരനായ ഒറ്റശേഖരമംഗലം സ്വദേശിയായ യുവാവുമാണ് ശില്പയ്‌ക്കൊപ്പമുണ്ടായിരുന്നത്. കാമുകനായ യുവാവും ശില്പയുമായി മരുതൂർക്കടവിൽ വച്ച് സംസാരമുണ്ടാവുകയും ഇതിൽ പ്രകോപിതയായി ശില്പ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് ഇവർ മൊഴി നൽകിയതെന്ന് കരമന പൊലീസ് പറഞ്ഞു. , ആറ്റിലിറങ്ങിയ ശില്പയെ രക്ഷപ്പെടുത്താനുള്ള നീക്കം യുവാവിന്റെ ഭാഗത്തു നിന്നുണ്ടാകാതിരുന്നതാണ് സംശയമുയർത്തുന്നത്.

ശനിയാഴ്‌ച്ച ഉച്ചയ്ക്കു കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടിൽ പോയതാണു ശിൽപ. വൈകിട്ടോടെ കൂട്ടുകാരിയുടെ ഫോൺ വന്നു. ശിൽപ പിണങ്ങിപ്പോയെന്നും മൊബൈൽ ഫോൺ തന്റെ കയ്യിലാണെന്നും അറിയിച്ചതായി ശിൽപയുടെ മാതാപിതാക്കൾ പറഞ്ഞു. മൃതദേഹം കരമനയാറ്റിൽ കണ്ടെന്ന വാർത്തയാണു പിന്നീടു കേട്ടത്. അതിനു മുൻപു ശിൽപയും മറ്റു മൂന്നു പേരുമായി തർക്കം നടന്നതിനു ദൃക്‌സാക്ഷികളുണ്ടെന്നും തങ്ങളുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. മരുതൂർക്കടവു പാലത്തിനു സമീപം ശിൽപയും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായിട്ടായിരുന്നു തർക്കം നടന്നതെന്ന് അവർ പറഞ്ഞു.

ശില്പയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ സംഭവസ്ഥലത്തില്ലെന്നും പൊലീസ് പറയുന്നു. കൂട്ടുകാരിക്കൊപ്പം വെള്ളിയാഴ്ച പോകാനും ശില്പയുടെ പെരുമാറ്റത്തിൽ യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ഞായറാഴ്ച ഗാനമേളയ്ക്ക് പോകുന്നതിനായി വസ്ത്രങ്ങളും ഒരുക്കി വച്ചിരുന്നു. മരുതൂർക്കടവിൽ ശില്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചൊവ്വാഴ്ച ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുഡിനും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി.

നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷാജിസുമ ദമ്പതികളുടെ മകളാണ് ശില്പ. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു.