ഷിംല: ബലാത്സംഗക്കേസിലെ പ്രതി പൊലീസ് ലോക്കപ്പിൽ മരിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. ഷിംലയിലാണ് ജനക്കൂട്ടം അക്രമാസക്തമായത്. പ്രകോപിതരായ ആൾക്കൂട്ടം പൊലീസ് സ്റ്റേഷനു നേരെ തീയിടുകയും കല്ലെറിയുകയും ചെയ്തു.  അന്വേഷണം വെറും പ്രഹസനം മാത്രമാമെന്നാരോപിച്ചാണ് പ്രതിഷേധം.  ജനരോഷം രൂക്ഷമായതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. മാത്രമല്ല, കേസിൽ സിബിഐ അന്വേഷണത്തിനും സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.  തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ ശ്രമം.

ജൂലൈ നാലിനാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഷിംലയിലെ കോട്ഖായിൽ സ്‌കൂൾ വിട്ട് പോകുംവഴി കാണാതായത്. രണ്ട് ദിവസത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജൂലൈ 13ന് സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശിഷ് ചൗഹാൻ, രജീന്ദർ സിങ്,സുഭാഷ് സിങ് ബിഷ്ത്,സൂരത് സിങ്,ലോക് ജൻ,ദീപക് എന്നിവരാണ് പിടിയിലായത്. സൂരത് സിങ് ലോക്ജൻ എന്നിവർ നേപാൾ സ്വദേശികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കുകയും 7 ദിവസത്തെ റിമാൻഡിൽ വിടുകയും ചെയ്തു.

എന്നാൽ,പ്രതികളിലൊരാൾ ലോക്കപ്പിൽ മരിച്ചതാണ് ജനരോഷത്തിനിടയാക്കിയത്. മാത്രമല്ല ആദ്യം പുറത്തുവിട്ട ഫോട്ടോകളിൽ ഉള്ളവരല്ല പൊലീസ് കസ്റ്റഡിയിലായതെന്നതും പ്രതിഷേധത്തിനാക്കം കൂട്ടി. ഇന്ന് ഉച്ചകഴിഞ്ഞതോടെ മൂവായിരത്തോളം വരുന്ന ജനക്കൂട്ടം കോട്ഖായി പൊലീസ് സ്റ്റേഷൻ പരിസരത്തെത്തുകയും അക്രമണം അഴിച്ചുവിടുകയുമായിരുന്നു.

പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ജനങ്ങൾ പിന്മാറാൻ തയ്യാറല്ലായിരുന്നു.യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ജനങ്ങളുടെ ഭാഷ്യം. ഇതിനു പുറമേ കുറ്റാരോപിതരായി മുദ്രകുത്തി അറസ്റ്റ് ചെയ്തവരെ വെവ്വേറെ സെല്ലുകളിലടയ്ക്കാതെ രണ്ട് സെല്ലുകളിൽ മൂന്ന് പേർ വീതം എന്ന രീതിയിൽ താമസിപ്പിച്ചതും ജനരോഷം വർധിപ്പിച്ചു. അതുകൊണ്ടാണ് അവരിലൊരാൾ മരിച്ചതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

'മൂന്ന് പേരെ വീതം രണ്ട് സെല്ലുകളിലായി പൊലീസ് പാർപ്പിച്ചു.  ചൊവ്വാഴ്ച രാത്രി സൂരജ് സിംഗും രജീന്ദർ സിംഗുമായി വഴക്കുണ്ടാവുകയും മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ സൂരജ് സിങ് മരിക്കുകയുമായിരുന്നു', ഷിംല എസ്‌പി ഡി ഡബ്ല്യു നഗ്ഗി പറയുന്നു. കസ്റ്റഡി മരണത്തെത്തുടർന്ന് കോട്ഖായി പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സസ്പെൻഷനിലാണ്. വീർഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് നിലവിലെ സാഹചര്യം. ജനവികാരം സർക്കാരിനെതിരാക്കി നേട്ടം കൊയ്യാനാവുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.