മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിന്ദേ സർക്കാർ വിശ്വാസം നേടി. നിർണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎൽഎയെ കൂടി ഷിന്ദേ പക്ഷത്തേക്ക് ചാടി. ഷിന്ദേ സർക്കാരിനെ അനുകൂലിച്ച് 164 എംഎൽഎമാർ വോട്ട് ചെയ്തു.288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസം തെളിയിക്കാൻ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

സന്തോഷ് ബംഗാർ ആണ് ഇന്ന് ഷിന്ദേ പക്ഷത്തിനൊപ്പം ചേർന്ന ശിവസേന എംഎൽഎ. ഇന്ന് രാവിലെ വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎൽഎ ശ്യാംസുന്ദർ ഷിന്ദേയും എൻഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.

അതേസമയം വിപ്പ് ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ 16 എംഎ‍ൽഎമാരെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് ഭാരത് ഗോഗവാലെ നിയമസഭ സ്പീക്കർക്ക് പരാതി നൽകി. ഇവരെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇത് കൂടിയായാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി പൂർണമാകാനാണ് സാധ്യത.

ബിജെപി അംഗം രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് 16 എംഎ‍ൽഎമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നൽകിയത്. സ്പീക്കറായതിനു പിന്നാലെ നർവാക്കർ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും അംഗീകരിച്ചു.

അതിനിടെ, ഷിൻഡെ പക്ഷത്തെ 16 വിമതരെ അയോഗ്യരാക്കണമെന്ന് കാണിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, 16 എംഎ‍ൽഎമാരെ സുപ്രീംകോടതി അയോഗ്യരായി പ്രഖ്യാപിച്ചാൽ പോലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പുതിയ സർക്കാരിനു സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ 106 ബിജെപി എംഎ‍ൽഎമാരുടെയും 39 സേന വിമതരടക്കം 50 പേരുടെയും പിന്തുണയുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. അതായത്, 16 എംഎ‍ൽഎമാരെ അയോഗ്യരായി പ്രഖ്യാപിച്ചാലും ഷിൻഡെ പക്ഷത്തിന് 140 പേരുടെ പിന്തുണയുണ്ടാകും.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 137 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഞായറാഴ്ച നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ പിന്തുണയോടെയാണ് നർവാക്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർത്ഥി രാജൻ സാൽവിക്ക് 107 വോട്ടുകളാണ് ലഭിച്ചത്.