കൊച്ചി: കടവന്ത്രയിൽ കൊക്കെയ്‌നുമായി യുവനടൻ ഷൈൻ ടോം ചാക്കോയും യുവതികളും പിടിയിലായ ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആശയക്കുഴപ്പം. പ്രതികളെ പിടികൂടിയ കടവന്ത്രയിലെ ഫ്‌ളാറ്റ് കാലിഫോർണിയയിലുള്ള നിസാറിന്റെ പേരിലാണു വാങ്ങിയത്. ഈ ഫ്‌ളാറ്റ് ഇപ്പോൾ നിസാം ആണ് ഉപയോഗിക്കുന്നത്. ജനുവരി ഒന്നു മുതൽ പടിയിലായ സഹസംവിധായക ബ്ലസിക്ക് വാടകയ്ക്കു നൽകിയെന്നാണു പൊലീസ് പറയുന്നത്. എന്നാൽ വാടക സംബന്ധിച്ച രേഖകളൊന്നും ബ്ലസിക്ക് ഹാജരാക്കാനായിട്ടില്ല.

സ്‌കൈലൈൻ ടോപാസ് അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റ് പുതിയകോട്ടൽ നിസാർ, കാലിഫോർണിയ, അമെരിക്ക എന്ന പേരിലാണ് വാങ്ങിയിരിക്കുന്നത്. ഇത് പിന്നീട് തൃശൂർ അടയ്ക്കാപറമ്പിൽ സുബൈദ (56) എന്ന സ്ത്രീയുടെ പേരിൽ കൈമാറി. ഇന്നലെ എറണാകുളം സബ്രജിസ്ട്രാർ ഓഫിസിൽനിന്നാണ് ഇതു സംബന്ധിച്ച രേഖകൾ പൊലീസ് പരിശോധിച്ചത്. സുബൈദയും നിസാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ്.

തൃശൂരിലെ വിവാദ ബിസിനസുകാരൻ നിസാമിന്റേതാണു ഫ്‌ളാറ്റ് എന്നാണു പിടിയിലായവരുടെ മൊഴി. നിസാമിൽനിന്നു പൊലീസിനു ലഭിച്ച വിവരവും ഇതാണ്. ഈ സാഹചര്യത്തിൽ രേഖകളിൽ പേരുകളുള്ളവരുമായി നിസാമിനുള്ള ബന്ധമെന്തെന്ന് പരിശോധിക്കും. നാലു വർഷം മുൻപ് ഒരു കോടി രൂപയ്ക്കാണ് ഫ്‌ളാറ്റ് വാങ്ങിയത്. നെയിംബോർഡിലും നിസാറിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുഹമ്മദ് നിസാമിന്റെ പക്കൽ എങ്ങനെയെത്തിയെന്ന് മനസിലാക്കുന്നതിനു കോർപ്പറേഷനിലെ രേഖകളും പരിശോധിക്കും.

ബംഗളൂരുവിൽ താമസിക്കുന്ന ബ്ലസിയും നിസാമും തമ്മിലുള്ള അടുത്ത ബന്ധവും വ്യക്തമായി. ബഗംളൂരു മലയാളിയായ ബ്ലെസിക്ക് മയക്കുമരുന്നു മാഫിയകളുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യുവ നടൻ ഷൈൻ ടോം ചാക്കോയെയും നാലു യുവതികളെയും കസ്റ്റഡിയിൽ ലഭിക്കുമെന്നാണു പൊലീസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിനുള്ള ചോദ്യാവലി തയാറാക്കും. ഇതിനുള്ള വിവരശേഖരണത്തിലായിരുന്നു രണ്ടു ദിവസം അന്വേഷണ സംഘം.

സംഘവുമായി മലയാളസിനിമയിലെ യുവനടനും ഒരു ഹാസ്യനടനും നിർമ്മാതാവിനും ബന്ധമുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നിർമ്മാതാവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും പൊലീസ് നീക്കംതുടങ്ങി. അതേസമയം, മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റമാണ് റിമാൻഡിലായവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ഇത് ഇവരെ രക്ഷപ്പെടുത്താനാണെന്ന് ആക്ഷേപമുണ്ട്. റിമാൻഡിലായ യുവനടൻ ഷൈൻ ടോം ചാക്കോ, ബ്ലെസി സിൽവസ്റ്റർ, മോഡലുകളായ ടിൻസി, രേഷ്മ, സ്‌നേഹ എന്നിവരെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യംചെയ്യും. കേസിൽ റിമാൻഡിലായവരുടെ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ചോദ്യംചെയ്യാൻ വിട്ടുകിട്ടുന്നതിനായി പൊലീസ് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ചൊവ്വാഴ്ച അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ ചോദ്യംചെയ്യാൻ ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു. ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വംനൽകുന്ന നോർത്ത് സിഐ ഫ്രാൻസിസ് ഷെൽബി പറഞ്ഞു.

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെയും പൊലീസ്  കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ പിടികൂടിയ കടവന്തറയിലെ ഫ്‌ളാറ്റിൽനിന്നു പൊലീസ് പിടിച്ചെടുത്ത സിസി ടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. സഹസംവിധായിക ബ്ലസി സിൽവസ്റ്ററിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസിൽ പിടിയിലായ യുവ നടൻ ഷൈൻ ടോം ചാക്കോ, ബ്ലസി സിൽവസ്റ്റർ, ടിൻസി, രേഷ്മ, സ്‌നേഹ എന്നിവരെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനു പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകുന്നത്. ഇവരെ നാളെയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നു പ്രതീക്ഷ. പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള ചോദ്യാവലി പൊലീസ് തയാറാക്കി തുടങ്ങി. പ്രതികളെ സന്ദർശിച്ചവരെ വേണമെങ്കിൽ കസ്റ്റഡിയിലെടുക്കും. ഇവരുടെ ഫോൺ കോളുകളും പരിശോധിക്കും. തൃശൂരിലെ വിവാദ വ്യവസായി നിസാമും ബ്ലസിയുമായുള്ള ബന്ധവും അന്വേഷണപരിധിയിലുണ്ട്.

രണ്ടു മാസത്തിനിടെ കൊച്ചിയിൽ രണ്ടാമതാണ് കൊക്കെയ്ൻ പിടിക്കപ്പെടുന്നത്. മട്ടാഞ്ചേരിയിൽ മുസിരിസ് ബിനാലെ കാണാനെത്തിയ കോഴിക്കോട് സ്വദേശികളിൽനിന്നാണ് ഒരു മാസം മുൻപ് മൂന്നു ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഇരു കൂട്ടർക്കും മയക്കുമരുന്ന് എത്തിയത് ഒരേ മാർഗത്തിൽ നിന്നാണോ എന്നതും അന്വേഷിക്കും.

കോഴിക്കോട് സ്വദേശികളായ ചാലപ്പുറം കീർത്തി നഗർ കോളനി അഭിഗാർ ഹൗസിൽ ഇർഷാദ് (30), കല്ലായി ഷാസിൽ ചിറക്കൽപ്പറമ്പ് ഹൗസിൽ സംജിത് (29), അരിക്കുളം വില്ലെജ് അമൃത ഹൗസിൽ ബിജോയി (32) എന്നിവരാണ് മട്ടാഞ്ചേരിയിൽ പിടിയിലായത്. ഇവർ ഇപ്പോഴും റിമാൻഡിൽ. ഇവരെയും വീണ്ടും ചോദ്യം ചെയ്യും.