കൊച്ചി: മലയാളം സിനിമയിലെ യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് കനത്ത തിരിച്ചടി. കേസിലെ പ്രതികളായവർ കൊക്കെയ്ൻ ഉപയോഗിച്ചെന്ന പൊലീസിന്റെ വാദം പൊളിഞ്ഞതോടെയാണ് പൊലീസിന് തിരിച്ചടിയായത്. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനം ഇല്ലെന്നും തെളിഞ്ഞതാണ് പൊലീസിന് തിരിച്ചടിയായത്. ഡൽഹി, ഹൈദരബാദ് എന്നിവിടങ്ങളിലെ ബാലുകളിലേക്ക് പൊലീസ് അധികാരികൾ പ്രതികളുടെ രക്തസാമ്പിളുകൾ അയച്ചിരുന്നു. ഇത് തിരിച്ചയച്ചതോടെയാണ് പൊലീസ് വെട്ടിലായത്.

ഇതോടെ കൊക്കെയ്ൻ ഉപയോഗിച്ചെന്ന കുറ്റം ഒഴിവാക്കിയായിരിക്കും പൊലീസ് കുറ്റപത്രം സമർപ്പിക്കുക. നേരത്തെ ഷൈൻ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രക്തപരിശോധനാ ഫലത്തിൽ തെളിഞ്ഞിരുന്നു. കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളാരും കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. തുടർന്നാണ് സാമ്പിളുകൾ ഡൽഹിയിലേക്കും ഹൈദരബാദിലേക്കും അയച്ചത്.

ജനുവരി 30ന് കൊച്ചിയിൽ കടവന്ത്രയിലെ ഫ്ളാറ്റിൽ നിന്നുമാണ് കൊക്കെയ്‌നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേരെ പൊലീസ് പിടികൂടിയത്. ഷൈൻ ടോം ചാക്കോ, സഹസംവിധായിക ബ്ലസി, മോഡലുകളായ ടിൻസി, രേഷ്മ, സ്‌നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 10 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തിരുന്നു.

കൊക്കെയ്ൻ കൈവശം വച്ചു, ഉപയോഗിക്കൽ, വിൽപന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് നിഷാമിന്റെ ഫ്‌ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. ന്യൂജനറേഷൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കവെയാണ് ഷൈൻ ടോം ചാക്കോ പൊലീസിന്റെ വലയിൽ ആയത്.