കൊച്ചി: അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തിയ സംഘത്തെ കണ്ടു പിടിച്ചു നിന്നെങ്കിലും പൊലീസിനോടു കയർത്തപ്പോൾ നാവു കുഴഞ്ഞതാണു ഷൈൻ ടോം ചാക്കോയ്ക്കും യുവതികൾക്കും വിനയായത്.

കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് ഇന്നലെ കടവന്ത്രയിലെ ഫൽറ്റിലെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ കൊക്കെയ്ൻ, എൽഎസ്ഡി അടക്കമുള്ള വിലകൂടിയ ലഹരി പദാർഥങ്ങളെത്തുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ, ഫാഷൻ രംഗത്തുള്ളവരാണ് ഇവിടം സ്ഥിരമായി സന്ദർശിച്ചിരുന്നത്. പ്രായമായ രണ്ടു പേർ താമസിക്കുന്ന ഫഌറ്റിലെ ഫ്രിഡ്ജിനുള്ളിൽ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ ചെപ്പിനുള്ളിൽ കൂടിയ അളവിൽ കൊക്കെയ്ൻ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരമാണു പൊലീസിനു ലഭിച്ചത്.

പൊലീസ് യൂണിഫോം ഒഴിവാക്കിയാണ് അസി. കമ്മീഷണർ എസ് ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. സ്ഥലം കണ്ടെത്താനുള്ള അടയാളങ്ങളും നമ്പറും കൃത്യമായതോടെ വിവരം നൽകിയ ഉറവിടത്തെ പൂർണമായി വിശ്വസിച്ചായിരുന്നു പൊലീസിന്റെ നീക്കം. കൂടുതൽ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം കോളിങ് ബെൽ അടിച്ചു വാതിൽ തുറപ്പിക്കുകയായിരുന്നു. അകത്തു സിനിമാ നടനേയും യുവതികളേയും കണ്ടതോടെ മാറിപ്പോയെന്നു കരുതി പൊലീസ് ആദ്യം അമ്പരന്നു. ഫ്രിഡ്ജിനുള്ളിൽ പരിശോധിച്ചെങ്കിലും ബ്രൗൺ കവർ കണ്ടെത്താൻ കഴിഞ്ഞില്ല.

റെയ്ഡു നീക്കം പാളിയെന്നു തോന്നിയ നിമിഷമാണ് ഇവരോടു കയർത്ത യുവതിയുടെ നാവു കുഴയുന്നത് ശ്രദ്ധിച്ചത്. പിന്നീടു വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ ദേഹപരിശോധനയിലാണ് 10 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്. ഇതിഹാസ എന്ന സിനിമയിൽ ഷൈൻ ടോം സ്ത്രീവേഷത്തിൽ അഭിനയിച്ച ഭാഗം ഫഌറ്റിനുള്ളിൽ അഭിനയിച്ചു കാണിക്കാൻ ലഹരിയുടെ ഉന്മാദത്തിൽ യുവതികൾ നിർബന്ധിച്ചെങ്കിലും ഷൈൻ വഴങ്ങിയില്ലത്രേ. സഹസംവിധായികയായ ബ്ലെസി സിൽവെസ്റ്റർ നേരിട്ടു വിളിച്ചതിനാലാണ് കൊച്ചിയിലെ ഷൂട്ടിങ്ങിനിടയിലും ഫഌറ്റിലെത്താൻ കാരണമെന്നാണു ഷൈനിന്റെ മൊഴി.

ഫ്‌ളാറ്റ് ഉടമ നിസാമുമായി അടുത്തു ബന്ധമുള്ള ബ്ലസിക്കാണ് കൊക്കെയ്ൻ ലഭിച്ചത് എന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഈ മാസം ജനുവരി എട്ടിന് ഗോവയിൽ നിന്ന് ബസ് മാർഗം 100 ഗ്രാം കൊക്കെയ്ൻ കൊച്ചിയിൽ എത്തി എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഷൈനിൽ നിന്ന് പിടിച്ചെടുത്തത് ഈ കൊക്കെയ്‌നാണെന്നായിരുന്നു പൊലീസിന്റെ ധാരണ. എന്നാൽ കൊക്കെയ്ൻ ഗോവയിൽ നിന്ന് നേരിട്ട് വാങ്ങിയതാണെന്ന് ബ്ലസി നിലപാടെടുത്തതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ് പൊലീസ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമ്പോൾ ഈ കേസിനും തുമ്പുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

യുവതികളും ഷൈൻ ടോം ചാക്കോയും കടവന്ത്രയിലെ ഫഌറ്റിലെത്തും മുൻപ് അവിടെ സൂക്ഷിച്ചിരുന്ന 20 ലക്ഷം വിലവരുന്ന 100 ഗ്രാം കൊക്കെയ്ൻ പുറത്തേക്ക് കൊണ്ടുപോയയാളെ ഉടൻ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന. വിവാദ വ്യവസായി നിസാമിന്റെ വഴിവിട്ട ബന്ധങ്ങളിലേക്കു വെളിച്ചംവീശുന്ന വിവരങ്ങളാണ് ഈ കേസോടെ പൊലീസിനു ലഭിച്ചത്. എന്നാൽ പൊലീസ് തന്നെ ഫഌറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ തന്റെ കൈയിൽ കൊക്കെയ്ൻ ഉണ്ടായിരുന്നില്ലെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി പൊലീസ് വാഹനത്തിലിരുന്ന് പ്രതികരിക്കുകയായിരുന്നു ഷൈൻ.

എന്നാൽ ഫഌറ്റിൽ നിന്നും കൂടിയ അളവിൽ കൊക്കെയിൻ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷൈനെയും ഒപ്പം പിടിയിലായ യുവതികളെയും പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. വിവാദ വ്യവസായി നിഷാമിന്റെ കടവന്ത്രയിലെ ഫഌറ്റിൽ നിന്നാണ് ഷൈൻ ടോം ചാക്കോയെയും മോഡലുകളായ ടിൻസി, രേഷ്മ, സ്‌നേഹ, സഹസംവിധായക ബ്ലസി എന്നിവരെ പൊലീസ് പിടികൂടിയത്. നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 'ഇതിഹാസ'യാണ് ഷൈന്റെ ജനശ്രദ്ധ നേടിയ ചിത്രം. ഡോൾഫിൻ എന്ന ചിത്രത്തിന്റെ സഹസംവിധായികയാണ് ബ്ലസി.

കൊച്ചിയിൽ മുന്പ് സംഘടിപ്പിച്ച ലഹരിമരുന്ന് പാർട്ടികളെക്കുറിച്ച് ഷൈൻ ടോം ചാക്കോ പൊലീസിനോട് ഒന്നും വെളിപ്പെടുത്തിയില്ല. സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനാവില്ലെന്ന നിലപാടാണ് ചോദ്യം ചെയ്യലിൽ ഷൈൻ സ്വീകരിച്ചത്. അതേസമയം ഈ മാസം ജനുവരി എട്ടിന് കൊച്ചിയിൽ 100 ഗ്രാം കൊക്കെയ്ൻ എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. കൊച്ചിയിൽ പല ഫ്‌ളാറ്റുകളിലും മുമ്പ് നടന്ന െചറിയ സ്‌മോക്ക് പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെങ്കിലും ഇതിൽ ആരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കയില്ല.

കൊച്ചിയിൽ ലഹരിമരുന്നൊഴുകുന്ന വമ്പൻ നിശാപാർട്ടികൾ സംഘടിപ്പിക്കുന്ന ന്യൂജനറേഷൻ സിനിമയുടെ പ്രൊഡ്യൂസറുമായി ബന്ധമുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിന് അവരുടെ പാർട്ടിയിൽ എത്താന്മാത്രം വളർന്നിട്ടില്ലെന്നായിരുന്നു ഷൈനിന്റെ മറുപടി. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് സ്‌മോക്ക് പാർട്ടികളിലെ പതിവ് സിനിമക്കാരെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് പൊലീസ്.