- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തിൽ ശരീരം തളർന്ന് പിതാവ് കിടപ്പിലായതോടെ കൂലിപ്പണിക്ക് ഇറങ്ങിയത് 17കാരൻ; ഷിന്റോയുടെ ദുരിതകഥ മറുനാടനിലൂടെ അറിഞ്ഞ് സഹായവുമായി 'സി ഫോർ ചാരിറ്റി'; പഠനം ഏറ്റെടുത്തു കോഴ്സിന്റെ ആദ്യഘഡുവായ 25,000 അടച്ചു
തൃശൂർ: വാഹനാപകടത്തിൽ ശരീരം തളർന്ന് പിതാവ് കിടപ്പിലായതോടെ 17 കാരൻ കൂലിപ്പണിക്ക് പോകുന്നു എന്ന മറുനാടൻ വാർത്തയെ തുടർന്ന് സഹായവുമായി 'സി ഫോർ ചാരിറ്റി'. നാലുവർഷം മുൻപ് നടന്ന അപകടത്തിൽ ശരീരം തളർന്നു പോയ ഓട്ടോ ഡ്രൈവർ കൂർക്കഞ്ചേരി സ്വദേശി ഷൈജന്റെയും(46) മകൻ ഷിന്റോയുടെയും ദുരിതപൂർണ്ണമായ വാർത്തയാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത്. വാർത്തയുടെ അടിസ്ഥാനത്തിൽ ഷിന്റോയുടെ തുടർപഠനം വടൂക്കര 'സി ഫോർ ചാരിറ്റി' ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സംഘടനയുടെ മാനേജിങ് ട്രസ്റ്റീ ഷാനു ജോർജ്ജ് തൃശൂർ 'തൊഴിൽ അഭ്യാസന പീഠം പ്രൈവറ്റ് ഇൻടുസ്ട്രീയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ' അഡ്മിഷൻ വാങ്ങി നൽകി. ഒന്നര ലക്ഷം രൂപ ചിലവു വരുന്ന കോഴ്സിന്റെ ആദ്യഘഡു 25,000 രൂപയും അടച്ചു.
നിലവിൽ പ്രാദേശികമായി ഇലക്ട്രീഷ്യൻ ജോലിക്ക് പോകുന്ന ഷിന്റോയ്ക്ക് സ്വന്തമായി ജോലി ചെയ്യാനായി കോഴ്സ് സർട്ടിഫിക്കറ്റ് വേണം. പ്ലസ് വൺ പഠനം പാതിവഴിയിൽ മുടങ്ങിയ ഷിന്റോ ഐ.ടി.ഐ പഠിക്കണം എന്ന ആഗ്രഹം മറുനാടൻ വാർത്തയിൽ കൂടി പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സി ഫോർ ചാരിറ്റി ഷിന്റോയുടെ പഠനം ഏറ്റെടുക്കാൻ മുന്നോട്ട് വരികയായിരുന്നു. ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം ചുമലിലേന്തിയ ഷിന്റോയുടെ ദുരിതത്തിന് മാറ്റം വരുത്താനായിടാടണ് ഇത്തരം ഒരു സഹായം ചെയ്യാൻ തീരുമാനിച്ചതെന്ന് ഷാനു ജോർജ്ജ് മറുനാടനോട് പറഞ്ഞു. രണ്ട് വർഷത്തെ കോഴ്സ് പൂർത്തായാകുന്നതു വരെയുള്ള എല്ലാ ചിലവുകളും വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറുനാടനിലൂടെ വന്ന വാർത്തയ്ക്ക് പിന്നാലെ സഹായം നൽകിയവരോടും പഠനം ഏറ്റെടുത്ത സി ഫോർ ചാരിറ്റിയോടും ഹൃദയ നിറഞ്ഞ നന്ദിയുണ്ടെന്ന് ഷൈജനും ഷിന്റോയും പറഞ്ഞു.
ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്ന ഷൈജൻ 2017 ഒക്ടോബർ 24-നാണ് അപകടത്തിൽപ്പെട്ടത്. നെടുപുഴ ധ്യാനകേന്ദ്രത്തിനു സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് ഷൈജന് നട്ടെല്ലിന് പരിക്കേറ്റു. കൂർക്കഞ്ചേരിയിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോൾ കാറുടമ നെടുപുഴ ബത്ലേഹം റാഫി പറഞ്ഞത് തനിക്ക് അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതാണ് അതിനാൽ കേസു കൊടുക്കരുത്. എല്ലാ കാര്യങ്ങളും നോക്കൊമെന്നുമേറ്റു. ആശുപത്രി ചിലവും തുശ്ചമായ ഒരു തുകയും മാത്രം നൽകി മടങ്ങിപ്പോയ റാഫിയെ പിന്നീട് ഷൈജൻ കണ്ടിട്ടില്ല. ശരീരം തളർന്നു പോയ ഷൈജൻ 17 വയസ്സുള്ള മകൻ ജോലിക്ക് പോകുന്നതിനാൽ അന്നം മുട്ടാതെ ജീവിക്കുകയാണ്.
നാലുമാസം പൂർണവിശ്രമമെടുത്താൽ പ്രശ്നം തീരുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. കാറുടമയുടെ വാക്കുകേട്ട് ഷൈജൻ കേസിന് പോയില്ല. ആശുപത്രിബില്ലുകൾ അടച്ച് കാറുടമ പോയി. നാലുമാസം വിശ്രമിച്ചെങ്കിലും നട്ടെല്ലിലെ പ്രശ്നം തീർന്നില്ല. എണീൽക്കാനാകാതെ കിടപ്പിലായി. അപകടത്തിന്റെ തുടർച്ചയെന്നോണം പല രോഗങ്ങളും വന്നു. കാലിലെ പഴുപ്പ് മാറ്റാനായി മുട്ടിനുമുകളിൽവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. അപ്പോഴൊക്കെ റാഫിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. അതോടെയാണ് തനിക്ക് ചതി പറ്റി എന്ന് ഷൈജൻ തിരിച്ചറിയുന്നത്. അന്ന് റാഫിയെ സഹായിക്കാനായി കേസു കൊടുക്കാതിരുന്നത് തെറ്റായ തീരുമാനമായിരുന്നു. കേസു കൊടുത്തിരുന്നുവെങ്കിൽ മോശമല്ലാത്ത ഒരു തുക ഇൻഷുറൻസായി ലഭിക്കുമായിരുന്നു. ആശുപത്രി ബില്ലായ 23,000 രൂപയും ഭാര്യയുടെ കയ്യിൽ 10,000 രൂപയും മാത്രമാണ് റാഫി നൽകിയത്. കിടപ്പിലാതോടെ ദാരിദ്രം കാർന്നു തിന്നാൻ തുടങ്ങി. ഇപ്പോൾ വാടകവീട്ടിൽ എല്ലും തോലുമായി മുറിച്ചുമാറ്റപ്പെട്ട ഒരു കാലുമായി കിടക്കുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത മകൻ കൂലിവേലയ്ക്കായി ഇറങ്ങി.
നെടുപുഴ റെയിൽവേ ഗേറ്റിന് സമീപമുള്ള വാടക വീട്ടിലാണ് ഷൈജനും ഭാര്യ സിന്ധുവും മകൻ ഷിന്റോയും താമസിക്കുന്നത്. ഇലക്ട്രീഷ്യൻ ജോലിക്ക് സഹായി ആയി പോയാണ് 17 കാരനായ ഷിന്റോ കുടുംബം പോറ്റുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പിതാവ് ഷൈജൻ അപകടം പറ്റി കിടപ്പിലാകുന്നത്. ഇതോടെ പഠനത്തിനൊപ്പം ജോലിയും ഏറ്റെടുത്തു. രാവിലെ പത്രമിടാൻ പോകും പിന്നീട് കൂലിപ്പണിക്ക് പോകും ഇങ്ങനെ പത്താം തരം വരെ പഠിച്ചു. വീടിന് വാടക കൊടുക്കണം, അച്ഛന് മരുന്ന് വാങ്ങണം, ആഹാര സാധനങ്ങൾ വാങ്ങണം. പഠനം തുടർന്നാൽ ഇതൊന്നും നടക്കില്ല. അതിനാൽ മുഴുവൻ സമയം ജോലിക്ക് പോകാൻ തുടങ്ങി. ഇതിനിടയിൽ പത്രമിടാൻ പോകുന്ന വീട്ടിലെ ഒരു അദ്ധ്യാപകൻ അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ഫീസിളവ് നൽകി പഠന സൗകര്യം ഒരുക്കി. എന്നാൽ പ്രാരാബ്ദം കൂടുലായതിനാൽ പാതി വഴി പ്ലസ്ടു പഠനം നിർത്തേണ്ടി വന്നു. അടുത്തുള്ള ഇലക്ട്രീഷ്യന്മാരുടെ ഒപ്പം സഹായി ആയി പോയി പണി പഠിച്ചിരിക്കുകയാണ് ഷിന്റോ.
2020 ൽ ഷൈജൻ മകൾ ഷിൻസിയെ അടുത്തു തന്നെയുള്ള സിജോയ് എന്ന ചെറുപ്പക്കാരൻ വിവാഹം ആലോചിച്ചു വന്നു. ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞാണ് സിജോയ് എത്തിയത്. വിവാഹം നടത്താൻ പോലും വകയില്ലാഞ്ഞ ഷൈജൻ റാഫിയുടെ ഭാര്യയുടെ വീട്ടിൽ പോയി കരഞ്ഞു പറഞ്ഞു എന്തെങ്കിലും സഹായിക്കണമെന്ന്. അന്ന് 25,000 രൂപ അവർ നൽകി. നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചതിനാൽ വിവാഹം നടന്നു. ഇതിനിടയിൽ പലവട്ടം റാഫിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ചെയ്തു കൊടുത്തില്ല. ഈ വാർത്ത ശ്രദ്ധയിൽപ്പെടത്തിനെ തുടർന്നാണ് ഇപ്പോൾ ഷിന്റോയുടെ പഠനം സി ഫോർ ചാരിറ്റി ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ ഷൈജന്റെ ചികിത്സയ്ക്കും മറ്റുമായി മറുനാടൻ പ്രേക്ഷകർ മോശമല്ലാത്ത ഒരു തുകയും അവർക്ക് നൽകിയിട്ടുണ്ട്.