സ്‌കോട്ട്‌ലൻഡിലെ അബർഡീനിൽ കഴിഞ്ഞവർഷം നങ്കൂരമിട്ട മാളവ്യ സെവൻ എന്ന കപ്പലിലെ 11 ജീവനക്കാർക്ക് കി്ട്ടാനുള്ള ശമ്പളം കപ്പൽ വിറ്റ് നൽകാൻ ബ്രിട്ടീഷ് കോടതി വിധിച്ചു. അബർഡീനിലെത്തിയതോടെ, കപ്പലുടമ പാപ്പരായി പ്രഖ്യാപിക്കുകയും ശമ്പളം കിട്ടാതെ കപ്പലിൽനിന്നിറങ്ങില്ലെന്ന നിലപാടിൽ ജീവനക്കാർ നിലയുറപ്പിക്കുകയും ചെയ്തതോടെയുണ്ടായ പ്രതിസന്ധിയാണ് ഇതോടെ അവസാനിക്കുന്നത്.

ജീവനക്കാരായ പതിനൊന്നുപേരും ഇപ്പോഴും കപ്പലിൽത്തന്നെയാണുള്ളത്. ഇവർക്ക് ആറ് ലക്ഷം പൗണ്ടെങ്കിലും ശമ്പളക്കുടിശിക കൊടുത്തുതീർക്കാനുണ്ടാവുമെന്നാണ് ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (ഐടിഎഫ്) കണക്കുകൂട്ടുന്നത്. ലേലത്തിലൂടെ കപ്പൽ വിൽക്കുന്നതോടെ ഈ പണം കൊടുത്തുതീർക്കാനാവുമെന്നും ഐടിഎഫ് കരുതുന്നു.

മുംബൈയിലെ ഗോൾ ഓഫ്‌ഷോർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ഈ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടൽ നേരിടുകയാണ്. സ്‌കോട്ട്‌ലൻഡിലെ അബർഡീൻ ഹാർബറിലടുപ്പിച്ച കപ്പൽ അവിടം വിട്ടുപോകുന്നതിനെതിരെ ജീവനക്കാർ ഹർജി നൽകിയിരുന്നു. അതേത്തുടർന്നാണ് കോടതി പ്രശ്‌നത്തിലിടപെട്ടത്.

കപ്പൽ നങ്കൂരമിട്ടതോടെ, ശമ്പളവും ഭക്ഷണവും മുടങ്ങിയ അവസ്ഥയിലായിരുന്നു ജീവനക്കാർ. അബർഡീനിലെ ജീവകാരുണ്യ സംഘടനകളുടെയും പ്രാദേശിക കാത്തലിക് സമൂഹത്തിന്റെയും സഹായത്തോടെയാണ് അവർ പിടിച്ചുനിന്നത്. കപ്പലിൽനിന്ന് പോയാൽ ശമ്പളം കിട്ടിയേക്കില്ലെന്ന ആശങ്കയിലാണ് അവർ ഒരുവർഷമായിട്ടും അവിടെത്തന്നെ തുടരാൻ തീരുമാനിച്ചത്.

ഒരു വർഷമായിട്ടും കുടുംബത്തെ കാണാനോ നാട്ടിൽപോകാനോ ആവാത്ത നിലയിൽ കടുത്ത മനോവിഷമത്തിലാണ് താനും തനിക്കൊപ്പമുള്ളവരുമെന്ന് കപ്പലിലെ ചീഫ്് ഓഫീസർ ബാമദേവ് സ്വെയ്ൻ പറഞ്ഞു. വീട്ടിൽ വിളിക്കുമ്പോഴൊക്കെ മകൾ എപ്പോഴാണ് താൻ ചെല്ലുകയെന്ന് അന്വേഷിക്കും. താങ്ങാനാവാത്ത ദുഃഖത്തോടെയാണ് ഓരോ ദിവസവും കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് പെട്രോളിയവുമായി കരാറുണ്ടായിരുന്ന മാളവ്യ 2016 ജൂണിലാണ് അബർഡീനിലെത്തിയത്. ജീവനക്കാർക്ക് വേതനം നൽകാത്തതിനാൽ, കപ്പൽ തീരം വിട്ടുപോകാൻ അനുവദിക്കരുതെന്ന് മാരിടൈം ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് കപ്പൽ ബ്രിട്ടീഷ് അധികൃതർ ബന്ധിക്കുകയായിരുന്നു.

ഇപ്പോൾത്തന്നെ കപ്പൽ വാങ്ങാൻ താത്പര്യം കാണിച്ച് ഏറെ അന്വേഷണങ്ങൾ വരുന്നുണ്ടെന്ന് അബർഡീൻ ഷെരീഫ് കോടതി പറഞ്ഞു. കപ്പലിന് എട്ടരലക്ഷം പൗണ്ട് ലഭിക്കണമെന്നാണ് ഉടമകളുടെ നിലപാട്. സ്‌ക്രാപ്പിന് വിറ്റാൽക്കൂടി 670,000 പൗണ്ട് ലഭിക്കും. എന്നാൽ, ജീവനക്കാരുടെ യൂണിയന്റെ കണക്കുപ്രകാരം കപ്പലിന് 11 ലക്ഷം പൗണ്ടെങ്കിലും ലഭിക്കണം.