വർഷമാദ്യം സൈബീരിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ നിഗൂഢ ഗർത്തങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ നടത്തിയ അന്വേഷണം അറ്റ്‌ലാന്റിക് സമുദ്രത്തിലെ അത്ഭുത പ്രതിഭാസമായ ബർമുഡ ട്രയാങ്ക്‌ളിന്റെ ചുരുളഴിച്ചേക്കും. സൈബീരിയയിലെ ഗർത്തങ്ങൾ ഭൗമാന്തര ഭാഗത്ത് ഉണ്ടാകുന്ന വാതക സ്‌ഫോടനത്തിന്റെ ഫലമാണെന്നാണ് അന്വേഷണത്തിനൊടുവിൽ ശാസ്ത്രജ്ഞർ കരുതുന്നത്. ഭൗമോപരിതലത്തിലെ അസാധാരണ ചൂട് കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഭൂമിക്കുള്ളിലുണ്ടാകുന്ന ചൂടും വൻതോതിൽ വാതക സംയുക്തങ്ങളെ പുറന്തള്ളാൻ ഇടയാക്കുന്നുവെന്ന് ത്രോഫിമുക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം-ഗ്യാസ് ജിയോളജി ആൻഡ് ജിയോഫിസിക്‌സിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

ഈ വാതക സംയുക്തങ്ങൾ ഐസ് പോലുള്ള ജലരൂപത്തിലാണ്. മീഥെയ്ൻ വാതക തന്മാത്രകളാണ് ഇവയിലടങ്ങിയിരിക്കുന്നത്. ഇവ വടക്കൻ സൈബീരയ പോലുള്ള തണുപ്പേറിയ മേഖലകളിലാണുള്ളത്. ലോകത്തിന്റെ ചിലഭാഗങ്ങൽ സമുദ്രത്തിനടിയിലും ഇതുണ്ട്. ഈ പഠനത്തിന്റെ മുഖ്യ ഘടകം ഈ വാതക സംയുക്തങ്ങൾ പുറന്തള്ളപ്പെടുന്ന പ്രക്രിയ എങ്ങനെയാണ് എന്നതാണ്, ശാസ്ത്രജ്ഞനായ വ്‌ളാദ്മിർ പൊടപോവ് പറയുന്നു. ഉപദ്വീപിൽ ഭൂമിക്കടിയിൽ വളരെയേറെ ആഴത്തിലുള്ള പാളികളിലും ഉപരിതരലത്തോട് അടുത്ത പാളികളിലും ഇത്തരം വാതക സംയുക്തങ്ങളുള്ളതായി കണ്ടെത്താനായെന്ന് അദ്ദേഹം പറയുന്നു. ഗർത്തങ്ങൾ ഉണ്ടായിരിക്കുന്നത് ഭൗമാന്തര പാളികൾ് ലോപിക്കുന്നിടത്താണ്.

ഏറ്റവും പ്രധാനമായി ഈയിടെയുണ്ടായ ചൂടേറിയ വേനൽ ഭൗമോപരിതലത്തിനു തൊട്ടു താഴെയുള്ള പാളികളിൽ കുടുങ്ങിക്കിടക്കുന്ന വാതകങ്ങളെ ഉരുക്കിയിട്ടുണ്ട്. ഗർത്തങ്ങളെ സംബന്ധിച്ചുള്ള ഈ വിശദീകരണങ്ങൾ അറ്റലാന്റിക് സമുദ്രത്തിൽ കപ്പലുകളേയും വിമാനങ്ങളേയും മുക്കിക്കളയുന്ന ബർമുഡ ട്രയാങ്ക്ൾ എന്ന പ്രതിഭാസത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്ന് വിദഗ്ദ്ധർ കരുതുന്നു. വാതക സംയുക്തങ്ങളുടെ പ്രതികരണത്തിന്റെ അനന്തരഫലമായാണ് ബർമുഡ ട്രയാങ്ക്ൾ രൂപപ്പെടുന്നതെന്ന വാദം ഉണ്ടെന്ന് ത്രൊഫിമുക് ഇൻസ്റ്റിറ്റ്യൂട്ട് ഉപമേധാവിയായ റഷ്യൻ ശാസ്ത്രജ്ഞൻ ഇഗോർ യെൽസോവ് പറയുന്നു. ഇവിടെ മീഥെയ്ൻ ഐസ് വാതകമായി രൂപാന്തരപ്പെടുകയാണുണ്ടാകുന്നത്. വൻതോതിൽ വാതകം പുറന്തള്ളപ്പെടുന്ന ഈ പ്രക്രിയ സംഭവിക്കുന്നത് വലിയ ഹിമപ്രവാഹത്തെയും ആണവ സ്‌ഫോടനത്തെയും പോലെയാണ്. ഇത് വായുവിനെ മീഥെയ്ൻ പൂരിതമാക്കുകയും തത്ഫലമായി അന്തരീക്ഷം ഇളകിമറിയുകയും ചെയ്യുന്നു. ഇതിന് വിമാനങ്ങളെ താഴേക്ക് വലിച്ചിടാനും കപ്പലുകളെ മുക്കാനും ശേഷിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.