മുംബൈ: മഹാരാഷ്ടയിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശിവസേനയുടെ ആലോചന.രാജ്യത്തെ വിലക്കയറ്റത്തിനും, കർഷകപ്രശ്‌നങ്ങളുടെ പേരിലും ഇന്ന് രൂക്ഷമായ ആക്രമണമാണ് ശിവസേന സഖ്യകക്ഷിക്കെതിരെ അഴിച്ചുവിട്ടത്. ഈ പ്രശ്‌നങ്ങളുടെ പഴി തങ്ങളുടെ മേൽ ചാർത്താൻ താൽപര്യമില്ലെന്നും,സഖ്യം വിടുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

പെട്രോൾ-ഡീസൽ വിലവർദ്ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയെയും ശിവസേന നേതാവ് വിമർശിച്ചു.ദരിദ്രർക്കും, മധ്യവർഗക്കാർക്കും അപമാനമാണ് കണ്ണന്താനത്തിന്റെ പ്രസ്താവന.രാജ്യത്തെ കർഷക ആത്മഹത്യയുടെ മുഖ്യകാരണം തന്നെ ഇന്ധനവില വർദ്ധനയാണെന്നിരിക്കെ, മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി.

സ്വന്തം പൈസയ്ക്ക് ഒരിക്കൽ പോലും പെട്രോൾ അടിച്ചിട്ടില്ലാത്ത കണ്ണന്താനം വിലവർധനവിനെ ന്യായീകരിച്ച് സംസാരിച്ചത് പാവപ്പെട്ടവരുടെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമാണ്. കോൺഗ്രസ് ഭരണകാലത്ത് പോലും ജനങ്ങൾ ഇത്ര അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ലെന്നും ശിവസേന പറയുന്നു.

പാർട്ടി മുഖപത്രമായി സാമ്‌നയിലൂടെയും കണ്ണന്താനത്തിനെതിരെ ശിവസേന വിമർശനമുന്നയിച്ചു.കോൺഗ്രസ് കാലത്ത് ഇന്ധന വില വർധനവിനെതിരെ ഗ്യാസ് സിലിണ്ടറുകളുമായി രാജ്‌നാഥ് സിങ്ങും സുഷമാ സ്വരാജും ഉൾപ്പടെയുള്ളവർ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് ബിജെപി മറന്നു പോയോ എന്നും സേന ചോദിക്കുന്നു. ഇപ്പോൾ വീണ്ടും അധികാരത്തിലെത്തിയപ്പോൾ കണ്ണന്താനത്തിനെ പോലുള്ളവർ ജനങ്ങളെ കളിയാക്കുകയാണെന്നും ശിവസേന പറയുന്നു.

ഇന്ധന വിലവർധനവിനെ തുടർന്ന് രാജ്യത്തെ ജനങ്ങൾ ദുരിതംഅനുഭവിക്കുകയാണെന്നും 'അച്ഛേദിൻ' ദിവസേന കൊല്ലപ്പെടുകയാണെന്നും സേന പറയുന്നു.ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പുകഴ്‌ത്തുന്നവരുടെ മാനസിക നില തകരാറിലാണെന്നും ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമെന്നും സാമ്‌ന പറയുന്നു.