മുംബൈ: 29 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ശിവസേന എൻഡിഎ വിടുന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന അറിയിച്ചു. മുംബൈയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. 29 വർഷം നീണ്ടു നിന്ന ബന്ധമാണ് ശിവസേന ഉപേക്ഷിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാർട്ടി പ്രമേയം ശിവസേന ദേശീയ കൗൺസിൽ യോഗം അംഗീകരിച്ചു. ലോക്സഭയിലേക്കും ഒറ്റയ്ക്കാകും പാർട്ടി മത്സരിക്കുക.

ശിവസേന നേതാവ് സഞ്ജയ് റാവത്താണ് പ്രമേയം യോഗത്തിൽ അവതരിപ്പിച്ചത്. പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി. അടുത്തവർഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മൽസരിക്കും. ഉദ്ധവ് താക്കറേയുടെ മകൻ ആദിത്യ താക്കറേയെ ദേശീയ കൗൺസിൽ അംഗമാക്കാനും തീരുമാനിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിലും സംസ്ഥാനത്തും പരാജയമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

നിരന്തരം ശിവസേന ബിജെപിയുമായി ഏറ്റുമുട്ടൽ തുടങ്ങിയിട്ട് നാളേറെയായി. പലവട്ടം കേന്ദ്രസർക്കാരിനും മോദിക്കും എതിരെ അവർ രംഗത്തെത്തിയിരുന്നു. ഗുജറാത്തിൽ ബിജെപി തിരിച്ചടി നേരിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ വാഴ്‌ത്തിയും ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇരുപാർട്ടികളും ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി. സർക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും അന്ന് മുതൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിക്കാനും പരിഹസിക്കാനും കിട്ടുന്ന ഒരുവസരവും ശിവസേന പാഴാക്കിയിരുന്നില്ല. ശിവസേന പ്രതിനിധി കേന്ദ്രമന്ത്രിസഭയിൽ ഇപ്പോഴും അംഗമായി തുടരുകയാണ്.