ന്യൂഡൽഹി:ഡൽഹിയിൽ എംഎൽഎമാർക്കു സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തത് എന്നും ധൃതി പിടിച്ചെടുത്ത ഈ തീരുമാനം തെറ്റായിപ്പോയെന്നുമുള്ള അഭിപ്രായവുമായി ശിവസേന രംഗത്ത്.എംഎൽഎമാരെ അയോഗ്യരാക്കിയത് 'അസാധാരണ നടപടി'യാണെന്നാണു മുഖപത്രമായ 'സാമ്‌ന'യിൽ ശിവസേന വിശേഷിപ്പിച്ചത്.

എംഎൽഎമാർക്കു സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തത്. ധൃതി പിടിച്ചെടുത്ത ഈ തീരുമാനം തെറ്റായിപ്പോയി. കെജ്‌രിവാളിനു പകരം ബിജെപി മുഖ്യമന്ത്രിയാണു അധികാരത്തിലെങ്കിൽ ലഫ്റ്റനന്റ് ഗവർണർക്കു ഇങ്ങനെയൊരു കീഴ്‌വഴക്കമുണ്ടാക്കാൻ ധൈര്യപ്പെടുമോ...? ബിജെപി ഏജന്റിനെപ്പോലെയാണു ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.

'ഇരട്ടപ്പദവി വിഷയത്തിൽ എഎപി എംഎൽഎൽമാരെ അയോഗ്യരാക്കിയത് അസാധാരണ നടപടിയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മൊത്തത്തിൽ അയോഗ്യരാക്കപ്പെട്ടതു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്തും സമാന പരാതികളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഇങ്ങനെയുണ്ട്. പക്ഷെ, അവർക്കൊന്നും പ്രശ്‌നമുണ്ടാകുന്നില്ല' ശിവസേന അഭിപ്രായപ്പെട്ടു.