വേദിയെ ഇളക്കി മറിച്ച കൂട്ടുകെട്ടായിരുന്നു ശിവമണിയുടേയും ബാലഭാസ്‌ക്കറിൻേയും. വാദ്യസംഗീതത്തിന്റെ മുടിചൂടാമന്നന്മാരായ ബാലഭാസ്‌ക്കറിന്റേയും ശിവമണിയുടേയും ലൈവ് പെർഫോമൻസുകൾ വേദിയെ ഹരം കൊള്ളിക്കുന്നതായിരുന്നു. സംഗീതത്തിന്റെ പാരമ്യതയിൽ എല്ലാം മറന്ന് ഒരു അത്ഭുത ലോകത്തേക്കെന്നവണ്ണം കാണികളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു ബാലഭാസ്‌ക്കറും ശിവമണിയും. ബാലയുടെ വയലിനും ശിവമണിയുടെ വാദ്യവും ലോകം മുഴുവനുമുള്ള കാണികളുടെ കയ്യടി നേടുകയും ചെയ്തിരുന്നു. വർഷങ്ങൾ നീണ്ട പരിചയത്തിലൂടെ തന്നെ ശിവമണിക്ക് സ്വന്തം അനുജനെ പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ബാല.

അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ബാല മരിച്ചപ്പോൾ അവസാനമായി ഒരു നോക്ക് കാണാതിരിക്കാൻ ശിവമണിക്ക് ആകുമായിരുന്നില്ല. തൈക്കാട്ശാന്തികവാടത്തിൽ സംസ്‌ക്കാരത്തിനായി കൊണ്ടു വന്ന ബാല ഭാസ്‌ക്കറിന് അന്തിമ ചുംബനം നൽകാൻ നിറ കണ്ണുകളോടെയാണ് ശിവമണി എത്തിയത്. തന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് ആരും കാണാതിരിക്കാൻ കറുത്ത ഗ്ലാസ് ധരിച്ചാണ് അദ്ദേഹം വന്നത്. ഒരുവേള ബാലഭാസ്‌ക്കറിന്റെ ചേതനയറ്റ ശരീരം കണ്ട ശിവമണി സ്റ്റീഫൻ ദേവസിയെ ധൈര്യത്തിനെന്നോണം മുറുക്കെ പിടിക്കുകയും ചെയ്തു. തനിക്കൊപ്പം വേദികളിലേക്ക് ഇനി ബാലയുണ്ടാകില്ലെന്ന സങ്കടം ആ മുഖത്ത് നിറഞ്ഞു നിന്നു.

ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല വിദേശികൾ പോലും ശിവമണിയുടേയും ബാലഭാസ്‌ക്കറിന്റേയും ഭാഷയില്ലാത്ത സംഗീതത്തിനായി കാതോർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സയാമീസ് ഇരട്ടകളെ പോലെ വേദികളിൽ നിറഞ്ഞു നിന്ന ഇരുവരുടേയും ആ കൂട്ട് പിരിഞ്ഞത് ലോകമെമ്പാടുമുള്ള ആരാധകരെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ്. ഇരുവരുടേയും സ്റ്റേജ് പെർഫോമൻസിന് നിറഞ്ഞ വേദികളായിരുന്നു എല്ലായിടത്തും. ഭാഷയില്ലാതെ സംഗീതത്തിന്റെ മാസ്മരികതയും ചടുലതയുമായി ഇരുവരും സ്റ്റേജിലെത്തിയാൽ മതിമറന്നു നിൽക്കുന്ന ആസ്വാദകരായിരുന്നു എല്ലായിടത്തും. കൊച്ചു കുട്ടികൾ പോലും കൗതുകത്തോടെയാണ് ഇരുവരുടേയും സംഗീതത്തിന് കാതോർത്തത്.

പിന്നീട് ഇരുവരുടേയും കൂട്ടുകെട്ടിലേക്ക് സ്റ്റീഫൻ ദേവസ്സിയും വന്നു ചേർന്ന്. സിനിമാ സംഗീതം വിട്ട് ലോകമെമ്പാടും ചുറ്റി സഞ്ചരിച്ച് മൂവരും കാഴ്‌ച്ചവെച്ചത് അസാധ്യമായ സംഗീത വിരുന്നുകളായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ മരണം ഉൾക്കൊള്ളാൻ ഇവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നല്ല ഗായകനായും സംഗീതജ്ഞനായും മലയാളികളുടെ മനസ് കീഴടക്കിയ ബാലയുടെ മരണം ലോക സംഗീതത്തിന് തന്നെ തീരാനഷ്ടമാണ്. ഇന്നലെ കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിന് വെച്ച ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരത്തിന് വിട നൽകാൻ സ്റ്റീഫൻ ദേവസ്സിയും സംഘവും സംഗീതാഞ്ജലി ഒരുക്കിയിരുന്നു.

ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ള ഭാര്യ ലക്ഷ്മി മകളുടെയോ ഭർത്താവിന്റെയോ വേർപാട് അറിഞ്ഞിട്ടില്ല. ഓർമ വീണ്ടെടുക്കാനാകാതെ സങ്കീർണാവസ്ഥയിലായിരുന്നെങ്കിലും മരണത്തിനു തലേന്നാൾ ബാലഭാസ്‌കറിന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടിരുന്നു.എന്നാൽ ഹൃദയാഘാതം ജീവൻ എടുത്തു. തലയ്ക്കും നട്ടെല്ലിനും കഴുത്തെല്ലിനും ശ്വാസകോശത്തിനും ഗുരുതര ക്ഷതമേറ്റ ബാലഭാസ്‌കറിനെ ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു. ബാലഭാസ്‌കറിനെ അമ്മാവനും വയലിൻ വാദകനുമായ ബി.ശശികുമാറാണു സംഗീതലോകത്തേക്കു നയിച്ചത്.

തൃശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഏകമകൾ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ്രൈഡവർ അർജുനും ചികിത്സയിലാണ്. വയലിനിസ്റ്റ് എന്ന നിലയിൽ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കർ ചെറുപ്രായത്തിൽതന്നെ സിനിമയ്ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു. 1978 ജൂലായ് പത്തിന് തിരുമല സ്വദേശി റിട്ട. പോസ്റ്റ് മാസ്റ്റർ സി.കെ. ഉണ്ണിയുടെയും തിരുവനന്തപുരം സംഗീതകോളേജിൽനിന്ന് വിരമിച്ച സംസ്‌കൃത അദ്ധ്യാപിക ശാന്തകുമാരിയുടെയും മകനായി ജനിച്ചു. മീരയാണ് സഹോദരി. മൂന്നാം വയസ്സിൽ അമ്മാവൻ ബി. ശശികുമാറിന്റെ കീഴിൽ സംഗീതപഠനം തുടങ്ങി. 12-ാം വയസ്സിൽ ആദ്യ കച്ചേരി നടത്തി. 17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചലച്ചിത്രത്തിലൂടെ സംഗീതസംവിധായകനായി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും സംഗീതം ചെയ്തു. നിനക്കായ്, ആദ്യമായി തുടങ്ങിയ സംഗീത ആൽബങ്ങളും ശ്രദ്ധനേടി.

വേദികളിൽ ഫ്യൂഷൻ സംഗീതത്തിലൂടെ മലയാളിക്ക് പുതിയ സംഗീതാനുഭവം പകർന്നു. എ.ആർ. റഹ്മാൻ, സാക്കീർ ഹുസൈൻ, ലൂയിസ് ബാങ്ക്, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, സ്റ്റീഫൻ ദേവസി തുടങ്ങിയവരുമായെല്ലാം ഫ്യൂഷൻ സംഗീതവേദികൾ പങ്കിട്ടു. കോളേജ് പഠനകാലത്ത് കൺഫ്യൂഷൻ എന്ന ബാൻഡും പിന്നീട് ദ ബിഗ് ബാൻഡും തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചു. 2008-ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ല ഖാൻ യുവ സംഗീത്കാർ പുരസ്‌കാരം ലഭിച്ചു.