ഭരത്പൂര്(ഉത്തർപ്രദേശ്): പിതാവ് മറ്റൊരു വിവാഹം ചെയ്യുന്നത് ഒഴിവാക്കാനായി സഹോദരിമാർ ചെയ്തത് ആരും ചെയ്യാൻ മടിക്കുന്ന കൃത്യങ്ങളായിരുന്നു. ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് പൊലീസിനെ ഞെട്ടിച്ച കഥകൾ പുറത്ത് വന്നത്.

രണ്ട് വർഷം മുമ്പ് ഇവരുടെ 12 വയസ്സുകാരനായ സഹോദരൻ മരിച്ചിരുന്നു ഇതോടെ അമ്മ വിഷാദത്തിനടിപ്പെട്ടു. എന്നാൽ ആൺകുട്ടി വേണം എന്ന് ആഗ്രഹമുള്ള അച്ഛൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതോടെ പൂർണമായും തകർന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാനുമായും ആൺകുഞ്ഞിനെ തട്ടിയെടുക്കാൻ ഇവർ തീരുമാനിച്ചു.

ഒരാൺകുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയിൽ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്സുമാരോട് അന്വേഷിച്ചു നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല. തുടർന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാൻ സഹോദരിമാർ പദ്ധതിയിട്ടത്.

രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോന്നത്. തുടർന്ന് സഹോദരിമാരായ ശിവാനി ദേവിയും പ്രിയങ്കാ ദേവിയും വീട്ടിലെത്തിയപ്പോൾ അന്വേഷണങ്ങളും മറ്റും നടക്കുന്നതറിഞ്ഞു. ഇതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവർ റോഡരികിൽ ഉപേക്ഷിച്ചു. ഭരത്പൂരിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തിക്കണമെന്നും എഴുതിയ കുറിപ്പും കുഞ്ഞിനടുത്ത് വച്ചു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സഹോദരിമാരെ പൊലീസ് തിരിച്ചറിഞ്ഞ് അന്വേഷണം തുടങ്ങിയത്. ഇവർ എത്തിയ സ്‌കൂട്ടറിന്റെ നമ്പർ ആശുപത്രി ജീവനക്കാരൻ ഓർത്തിരുന്നതും പൊലീസിന് സഹായകമായി. സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായ ശിവാനി ഭർത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാർത്ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.