കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തുവെങ്കിലും ജാമ്യാപേക്ഷയിലെ വാദങ്ങൾ പ്രതീക്ഷ നൽകുന്നതെന്ന് വിലയിരുത്തൽ. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. സ്വർണ്ണ കടത്തും ലൈഫ് മിഷനും തമ്മിലെ ക്ലാഷുകൾ ശിവശങ്കറിന് അനുകൂലമായേക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ കണ്ടെത്തലുകൾ കേസിനെ സ്വാധീനിക്കും. സ്വപ്‌നാ സുരേഷിന്റെ ലോക്കറിലുണ്ടായിരുന്നത് ലൈഫ മിഷൻ കോഴയെന്ന വാദമാണ് ട്വിസ്റ്റുകൾക്ക് വഴിവയ്ക്കുന്നത്.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ നിലപാടുകളിൽ നിന്ന് അന്വേഷണ സംഘം മാറിയതായി കോടതി വാക്കാൽ നിരീക്ഷിച്ചിട്ടുണ്ട്. ഇതാണ് ശിവശങ്കറിന് പ്രതീക്ഷയാകുന്നത്. സ്വപ്നയുടെ കൂട്ടുടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ പണം സ്വർണക്കടത്തിലൂടെ നേടിയ ലാഭമാണെന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. ലോക്കർ തുറന്നു പണവും സ്വർണവും പിടിച്ചെടുത്ത ദേശീയ അന്വേഷണ ഏജൻസിയും ഇതു സ്വർണക്കടത്തിലൂടെ നേടിയതാണെന്നാണു കോടതിയെ അറിയിച്ചത്. ഇഡിയുടെ കണ്ടെത്തൽ സ്വർണ്ണ കടത്തിലെ ലാഭവിഹിതത്തെ കുറിച്ചുള്ള ചർച്ചകൾ പുതിയ തലത്തിലേക്ക് എത്തിക്കും.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സ്വപ്ന വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് വഴിതെറ്റിച്ചതായി ഇഡി വാദിച്ചു. പിന്നീടു കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും പ്രകാരം ജയിലിനുള്ളിൽ ചോദ്യം ചെയ്തപ്പോഴാണു വസ്തുതകൾ വെളിപ്പെട്ടതെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചു. ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ്മിഷന്റെ കോഴയാണോ എന്നതിനേക്കാൾ പ്രധാനം സ്വർണക്കടത്തിലൂടെ നേടിയതാണോ എന്നതല്ലേയെന്നു കോടതി ഇഡിയോട് ചോദിച്ചിട്ടുണ്ട്. വിധി എഴുതുമ്പോൾ ഇതെങ്ങനെ സ്വാധീനിക്കപ്പെടുമെന്നതാണ് നിർണ്ണായകം.

കസ്റ്റംസും എൻഐഎയുമെല്ലാം ലോക്കറിലെ പണത്തെ സ്വർണ്ണ കടത്തിലെ ലാഭവിഹിതമായാണ് കണ്ടിരുന്നത്. എന്നാൽ ഇഡിയുടെ പുതിയ വെളിപ്പെടുത്തലോടെ ഇതിന്റെ സാധ്യതകൾ അടയുകയാണ്. അതിനിടെ നയതന്ത്രപാഴ്‌സൽ സ്വർണക്കടത്ത്, ലൈഫ് ഉൾപ്പെടെ സർക്കാർ പദ്ധതികളിലെ കോഴ ഇടപാടുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്വപ്ന സുരേഷ് മുഖവും എം.ശിവശങ്കർ മുഖംമൂടിയുമാണെന്നു ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി വാദിച്ചു. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ കള്ളപ്പണം ശിവശങ്കറിന്റേതാണ്. സ്വപ്നയെ മറയാക്കി നടത്തിയ കോഴ ഇടപാടുകളിലും നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തിലും ശിവശങ്കർ മുഖ്യപങ്കാളിയും ബുദ്ധികേന്ദ്രവുമാണെന്നും ഇഡിക്കു വേണ്ടി ഓൺലൈനായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജു പറഞ്ഞു

എന്നാൽ കാതലായ തെളിവുകളില്ലാത്ത ഇഡിയുടെ ആരോപണങ്ങൾ അവരുടെ തന്നെ മുൻകണ്ടെത്തലുകൾക്കും ദേശീയ അന്വേഷണ ഏജൻസിയുടെ നിഗമനങ്ങൾക്കും എതിരാണെന്നു ശിവശങ്കറിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു. അന്വേഷണത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും പ്രതിഭാഗം ആരോപിച്ചു. സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കേണ്ട ഘട്ടം ഇതല്ലെന്നും കോടതി നിരീക്ഷിച്ചു. ഇഡിക്കു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണനും ശിവശങ്കറിനു വേണ്ടി എസ്.രാജീവും കോടതിയിൽ നേരിട്ടു ഹാജരായി. റിമാൻഡ് ചെയ്ത ശിവശങ്കറിനെ ജയിലിലേക്കു നേരിട്ടെത്തിക്കാതെ സമീപത്തെ ബോസ്റ്റൽ സ്‌കൂളിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ലോക്കപ്പിലാണിപ്പോൾ പാർപ്പിച്ചിരിക്കുന്നത്. രണ്ടാം പരിശോധന കൂടി നെഗറ്റീവ് ആയാൽ ഇന്നു ജയിലിലേക്കു മാറ്റും.

ലോക്കറിൽ കണ്ടെത്തിയ 1.05 കോടി രൂപ ലൈഫ് മിഷൻ കൈക്കൂലിയായി ലഭിച്ചതാണെന്നു സ്വപ്ന വിജിലൻസിനും മൊഴി നൽകി. കമ്മിഷൻ തുക ലഭിച്ച കാര്യവും ഈ തുക ലോക്കറിൽ സൂക്ഷിക്കുന്നതും എം.ശിവശങ്കറിന് അറിയാമായിരുന്നെന്നുമാണ് മൊഴി. കൈക്കൂലിയായി ലഭിച്ച 1.05 കോടി രൂപയിൽ 64 ലക്ഷം എസ്‌ബിഐ ലോക്കറിലും 36.50 ലക്ഷം രൂപ ഫെഡറൽ ബാങ്ക് ലോക്കറിലുമാണു സൂക്ഷിച്ചത്. ഇതിന് സഹായം ചെയ്തതു ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ ആണ്. ശിവശങ്കറിനു പണമിടപാടുകളുടെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു സ്വപ്ന മൊഴി നൽകി. ഈ മൊഴിയാണ് കേസിനെ നിർണ്ണായകമായി സ്വാധീനിക്കുന്നത്. ഇതോടെ ലൈഫ് കോഴയിലെ വിജിലൻസ് അന്വേഷണവും ശിവശങ്കറിന് കുരുക്കായി മാറും.

ലൈഫ് മിഷൻ ഇടപാടിലെ കോഴത്തുക കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കൈമാറുന്നത് 2019 ഓഗസ്റ്റ് 2നു കവടിയാർ വച്ചാണ്. 3.80 കോടിയായിരുന്നു കമ്മിഷൻ. 1.50 കോടി ഇന്ത്യൻ രൂപയും ബാക്കി ഡോളറുമാണ് നൽകിയത്. ഈ തുക 4 ദിവസം ഖാലിദ് കൈവശം വച്ചു. പിന്നീട് സ്വപ്നയെ വിളിച്ച് കമ്മിഷൻ തുക ലഭിച്ചതായി അറിയിച്ചു. അഞ്ചാം തീയതി രാത്രി സരിത്തും സ്വപ്നയും ഖാലിദിന്റെ വീട്ടിലെത്തി പണം കൈപ്പറ്റി. എത്ര തുകയുണ്ടെന്നു സ്വപ്നയ്ക്കു അറിയില്ലായിരുന്നു. വലിയ സംഖ്യയാണെന്നും സൂക്ഷിച്ചു കൊണ്ടുപോകണമെന്നു ഖാലിദ് പറഞ്ഞു. ആറാം തീയതി ഉച്ചയ്ക്ക് ഒന്നര മണിക്ക് എസ്‌ബിഐ ലോക്കറിൽ സ്വപ്ന 64 ലക്ഷംരൂപ വച്ചു. നോട്ടുകൾ പൂർണമായി ലോക്കറിൽ വയ്ക്കാൻ കഴിയാത്തതിനാൽ തൊട്ടടുത്തുള്ള ഫെഡറൽ ബാങ്കിൽപോയി.

വൈകിട്ട് അഞ്ചരമണിയോടെ ലോക്കർ ഓപ്പൺ ചെയ്ത് 36.50 ലക്ഷം രൂപ അതിൽ വച്ചു. പണമിടപാട് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്ന വിജിലൻസിനു നൽകിയ മൊഴി. ലൈഫ് പദ്ധതിയിൽ കമ്മിഷൻ ലഭിക്കുന്നതിന് എല്ലാ സഹായവും ശിവശങ്കർ നൽകി. എന്നാൽ, കമ്മിഷൻ തുക ശിവശങ്കറിനാണെന്ന് നേരിട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും സ്വപ്ന നിലപാടെടുത്തു.