വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണും, കേരളാ അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടണും ചേർന്ന് അവതരിപ്പിക്കുന്ന 'കൃഷ്ണാ'ഷോയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തെന്നിന്ത്യൻ മലയാളി താരവും മലയാളത്തിന്റെ അഭിമാനവുമായ ശോഭന അണിയിച്ചൊരുക്കുന്ന നൃത്തശിൽപം ഏപ്രിൽ 25ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരിലാന്റിലെ ബെൽറ്റ്‌സ് വില്ലിലുള്ള ഹൈപോയിന്റ് ഹൈസ്‌കൂളിൽ വച്ച് അരങ്ങേറുന്നതാണ്.

ഓസ്‌കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി ശബ്ദവിന്യാസം നിർവഹിച്ചിരിക്കുന്ന ഷോയിലെ വിവിധ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ പ്രതിഭകളായ ശബാനാ ആസ്മി, സൂര്യ, പ്രഭു, കൊങ്കണാ സെൻ, നന്ദിതാ ദാസ്, രാധിക തുടങ്ങിയവരാണ്. ഇരുപതിൽപ്പരം ആർട്ടിസ്റ്റുകളുടെ സാന്നിധ്യവും അവതരണ മികവും കൊണ്ട് ഭകൃഷ്ണ' കാണികൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കും.

ഷോയുടെ വിജയത്തിനായി വിർജീനിയ, ഡി.സി, മേരിലാന്റ് പ്രദേശത്തെ സഹൃദയരുടെ സഹായ സഹകരണങ്ങൾ കാംക്ഷിക്കുന്നതായി കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ പ്രസിഡന്റ് ജിനേഷ് കുമാറും, കേരളാ അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺ പ്രസിഡന്റ് അരുൺ ജോ സഖറിയയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഷോയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജിനേഷ് കുമാർ (609 240 3453), അരുൺ ജോ സഖറിയ (571 620 1110), സുരേഷ് നായർ (240 751 3632), സ്മിതാ മേനോൻ (301 335 9825), സന്ദീപ് പണിക്കർ (443 463 8390,  ഹരിദാസ് നമ്പ്യാർ (703 999 3215). വെബ്‌സൈറ്റ്: www.kcsmw.org or www.kagw.org