കോതമംഗലം: വർഷങ്ങൾക്ക് മുമ്പ് നടന്നതും പെരുംമ്പാവൂരിലെ ജിഷസംഭവവുമായി ഏറെ സമാനതകളുള്ളതുമായ കോതമംഗലത്തെ അംഗൻവാടി അദ്ധ്യാപിക നിനിയുടെയും വീട്ടമ്മയായിരുന്ന ഷോജിയുടെയും കൊലയാളികളെ കണ്ടെത്തുന്നതിനുള്ള പൊലീസ് നീക്കം ഇപ്പോഴും തുടങ്ങയിടത്തുതന്നെ. ഈ രണ്ടുസംഭവങ്ങളിലും കൃത്യം നടത്തിയരെക്കുറിച്ച് വ്യക്തമായ സൂചനപോലും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഇരുവരും കൊല്ലപ്പെട്ടത് പട്ടാപകലാണെന്നതാണ് ജിഷാ സംഭവവുമയി ഈ കൊലകൾക്കുള്ള പ്രധാന സമാനത.

വീട്ടമ്മയായ സീനത്തിന്റെയും എഞ്ചിനിയറിങ് വിദ്യാർത്ഥി ക്രിസ്റ്റഫർ ആന്റണിയുടെയും മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതിനുപിന്നിലെ ദൂരുഹതകൾ അകറ്റുന്നതിനുള്ള പൊലീസ് അന്വോഷണം ഇപ്പോഴും ലക്ഷ്യം കണ്ടിട്ടില്ല. ഈ പട്ടികയിലേക്ക് ജിഷയുടെ കൊലപാതക കേസ് അന്വേഷണം എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിൽ ഷോജിയുടെ കൊലപാതകിയെ കണ്ടെത്താനാവാത്തതിന് കാരണം കേസ് അന്വേഷത്തിലെ അപാകതയാണ്. തുടക്കത്തിലേ തന്നെ തെളിവുകളെല്ലാം പൊലീസിന്റെ അനാസ്ഥ കാരണം നഷ്ടമായി.

മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8-ാം തീയതി ബുധനാഴ്ച രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നനിലയിൽ ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയിൽ പായിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ജഡംകണ്ടെത്തിയത്.

ഭർത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിർമ്മാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെകണ്ടെത്താൻ സഹായകമായ ഒരുവിവരവും ലഭിച്ചില്ല. അരും കൊല നടന്നിട്ട് പൊലീസിന്റെ അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, അന്വേഷണം തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐ യ്‌ക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഷോജിയുടെ ബന്ധുക്കൾ അന്നത്തെ അഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷണനെ സമീപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് ഷോജിയുടെ ഭർത്താവ് ഷാജിയിലേക്കായിരുന്നു.

ഷോജിയുടെ കൊലപാതകത്തിന് കാരണം ഭർത്താവ് ഷാജിയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയുമാണെന്നും ഷോജിയുടെ ബന്ധുക്കൾ കൊല നടന്ന ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരോടും മാദ്ധ്യമപ്രവർത്തകരോടും പറഞ്ഞിരുന്നു. കേസിൽ നിർണ്ണായകമാകാവുന്ന തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ തന്നെ അലംഭാവം മൂലമാണന്നും പരിസരവാസികളിൽ നേരത്തെ ആരോപണം മുയർന്നിരുന്നു. ഷോജിയുടെ മരണം പുറലോകം അറിഞ്ഞതോടെ സംഭവനടന്ന വീട്ടിൽ നാട്ടുകാർ ഇരച്ചുകയറുകയും മുറിയിലുണ്ടായിരുന്ന സാധനസാമഗ്രകളിലും സ്പർശിക്കുകയും ചെയ്തിരുന്നു, മാത്രമല്ല ഭിത്തികളിലും മറ്റിടങ്ങളിലും നാട്ടുകാരുടെ വിരൽപാടുകൾ നിറഞ്ഞു. രക്തക്കറ കൈയിൽ പുരണ്ട ഉദ്യേഗസ്ഥർ വീടിനുള്ളിൽ തന്നെയുള്ള വാഷ് ബേസിനിൽ കൈ കഴുകുകയുംചെയ്തു.

പ്രതി കൊലയ്ക്ക് ശേഷം കൈഴുകുന്നതിനോ ആയുധം വൃത്തിയാക്കുന്നതിനോ ഈ വാഷ് ബേസിൻ ഉപയോഗിച്ചരുന്നുവെങ്കിൽ നിർണായകമായേക്കാവുന്ന തെളിവാണ്് പൊലീസിന്റെ ഈ അശ്രദ്ധമൂലം നഷ്ടപ്പെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലീസുകാരനാണ്. നാട്ടുകാരെ അകറ്റി നിർത്തുന്നതിൽ ഇയാൾ നിസ്സഹായനായിരുന്നു. പൊലീസ് വരുംമുമ്പേ സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകൾ അങ്ങനെ നശിപ്പിക്കപ്പെട്ടു. പൊലീസ് വന്നിട്ടും സ്ഥിതി മാറിയില്ല.പൊലീസ് നായയെ കൊണ്ടുവരുന്നതിലും അന്വേഷണസംഘം മടികാണിച്ചു. സംഭവദിവസം പൊലീസ് നായയെ കൊണ്ടുവരാത്തത് പരക്കെ വിമർശനത്തിന് കാരണമായിരുന്നു.ഷോജിയുടെ ശവസംസ്‌ക്കാരം കഴിഞ്ഞാണ് സ്റ്റെല്ലയെന്ന പൊലീസ് നായെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.

പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകം അന്വേഷണഉദ്യോഗസ്ഥർ സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയിരുന്നുവെങ്കിൽ പ്രതിയെ പിടികൂടുന്നതിനാവശ്യമായ തെളിവുകൾ നശിപ്പിക്കപ്പെടുകയില്ലായിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചിട്ട് വിരൽപ്പാടുകൾ ലഭ്യമാകാതിരുന്നതിനു കാരണം പ്രാഥമിക അന്വേഷണ നടത്തിയ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ്. മൂർച്ചയുള്ള ആയുധം കൊണ്ട് ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഷോജിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിട്ടുള്ളത്. കഴുത്തിന്റെ ഇടതുഭാഗത്ത് എട്ടുസെന്റിമീറ്റർ നീളവും ആറു സെന്റീമീറ്റർ ആഴവുമുള്ള മുറിവാണുണ്ടായിരുന്നത്. ഒരു പക്ഷേ കുത്തിയ ശേഷം ബഹളം വച്ചപ്പോൾ കൃത്യം നടത്തിയ നരാധമൻ ഷോജിയുടെ കഴുത്തറുത്തതാകാമെന്ന സംശയമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. അതിമൂർച്ചയുള്ള പേപ്പർ കട്ടറോ ഉളിയോപോലുള്ള ആയുധമാണു കൃത്യത്തിനു ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഈ ആയുധം കണ്ടെത്താൻ പൊലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.

സംഭവം നടന്നതിനു പിറ്റേന്നു സംസ്‌കാരം കഴിഞ്ഞ് ജനങ്ങൾ പിരിഞ്ഞുപോയതിനുശേഷമാണ് ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തിയത്. നായ വീട്ടിനുള്ളിൽ കടന്ന് ഒന്നാം നിലയിൽ എത്തിയശേഷം ഗോവണി വഴി പുറത്തുവന്ന് അവിടെനിന്ന് അടുത്ത പരയിടത്തിലും പിന്നീട് കൊറിയാമല റോഡിലൂടെയും അൽപദൂരം ഓടിയശേഷം മടങ്ങിവന്നു. ഇതിൽനിന്ന് അന്വേഷണത്തിനു പുതിയ ദിശയൊന്നും തെളിഞ്ഞുകിട്ടിയില്ല.