തിരുവനന്തപുരം: തന്നെ ട്രെയിനിൽ വെച്ച് ഒരു നേതാവിന്റെ മകൻ അപമാനിക്കാൻ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി ജോർജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിന് കാരണം 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ ചില പരാമർശങ്ങളായിരുന്നു. മാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ നിഷയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാണിയുടെ മരുമകൾ മറുപടി പറയണമെന്ന നിലപാടിലാണ് ഷോൺ ജോർജ്. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും ഷോൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒന്നുകിൽ അവർ അത് ഞാൻ ആണെന്ന് പറയണം അല്ലെങ്കിൽ അതിൽ പറഞ്ഞിരിക്കുന്നത് ഞാൻ അല്ലെന്ന് പറയണം. അത് അവർ പറഞ്ഞേ പറ്റൂ. കാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ അത് എനിക്ക് നേരെയാണ് ചൂണ്ടുന്നത്. പിന്നെ അവർ പറയുന്നത് പോലെ അവർക്ക് എന്നെ പരിചയമില്ലായ്മയുടെ ചോദ്യം ഇല്ല കാരണം അവർക്ക് എന്നെ നേരത്തെ അറിയാവുന്നതാണ്.അവരുമായും അവരുടെ കുടുംബാഗങ്ങളുമായും ഏറെ അടുത്ത ബന്ധം പുലർത്തിയിട്ടുള്ള എന്നെ ടിടി അവർക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്നുവെന്ന് പറയുന്നത് തന്നെ വാസ്തവവിരുദ്ധമാണ്.

അവർക്ക് മറ്റാരെങ്കിൽ നിന്നും അവർക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുക.അവർക്ക് അത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിരലുകൾ അവർ പറഞ്ഞ സൂചനകൾ അനുസരിച്ച് എന്റെ നേർക്ക നീളുമ്പോൾ അതിൽ പ്രതിപാദിച്ചിരിക്കുന്നത് ഞാൻ ആണോയെന്ന് അവർ വിശദീകരിക്കണ്ടതുണ്ട്. അതിനായി അവർക്കെതിരെ കേസ് കൊടുക്കാനുള്ള നടപടിയിലാണ് ഞാനിപ്പോൾ ഉള്ളത്. മീറ്റു എന്ന് പറഞ്ഞ് വ്യാജ ആരോപണവുമായി ഇനി ഒരു സ്ത്രീയും വരരുത്. ഇവിടെ മാന്യമായി ജീവിക്കുന്ന ഏത് പുരുഷന് നേരെയും ഇത്തരമൊരു ആരോപണം ഉയർത്തി തകർക്കാൻ ശ്രമിക്കുന്നത് അത്ര നല്ല കാര്യമല്ല. സ്ത്രീകൾക്ക് മാത്രമല്ലല്ലോ ഇവിടെ അവകാശങ്ങൾ ഉള്ളത് പുരുഷന്മാർക്കും ഇവിടെ ജീവിക്കണ്ടെയെന്നും ഷോൺ ചോദിക്കുന്നു.

ഇങ്ങനെ ഒരു ആരോപണം അവർ ഉന്നയിച്ചതിന് പിന്നാലെയാണ് ആരോപണങ്ങളിൽ പറഞ്ഞ ചില സൂചനകളനുസരിച്ച് ട്രെയ്നിൽ അപമാനിക്കാൻ ശ്രമിച്ചത് ഷോൺ ജോർജ് ആണെന്ന് നിഗമനത്തിൽ എത്തിയത്. എന്നാൽ ഇത് പിസി ജോർജും ഷോൺ ജോർജും തള്ളിക്കളയുകയായിരുന്നു. ഈ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് മാത്രമാണെന്നും ഷോൺ പറയുന്നു. ഷോൺ ജോർജാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന വാർത്ത വന്നതിന് പിന്നാലെ താൻ തന്റെ അനുഭവം മാത്രമാണ് പറഞ്ഞതെന്നും ഒരു വ്യക്തിയേയും ഉദ്ദേശിച്ചില്ലെന്നും ജോസ് കെ മാണിയുടെ ഭാര്യ നിഷ പ്രതികരിച്ചിരുന്നു.

എന്നാൽ സംഭവം വിവാദമായതോടെയാണ് നിയമപരമായി മുന്നോട്ട് പോകാൻ ഷോൺ ജോർജ് തീരുമാനിച്ചത്. ഡിജിപിക്കും അത് പോലെ തന്നെ കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയതായി ഷോൺ പറയുന്നു. ഒരു വ്യക്തിയേയും അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അവർ പറഞ്ഞല്ലോ. അപ്പോൾ ആരെയാണ് ഉദ്ദേശിച്ചതെന്ന് പറയാൻ തയ്യാറല്ലെങ്കിൽ ഇപ്പോൾ ആരോപണങ്ങൾ വന്ന് നിൽക്കുന്നത് എന്റെ നേർക്കാണ്. അപ്പോൾ അങ്ങനെ ആണെങ്കിൽ ആരെയും ഉദ്ദേശിച്ചില്ലെന്ന് പറയുന്നവർ ഇപ്പോൾ പേരുദോഷം കേൾക്കുന്നവർക്ക് ഇതിൽ ബന്ധമില്ലെന്ന് തുറന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും ഷോൺ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഈ സംഭവം ആരോപിക്കുന്ന സമയത്ത് ഷോൺ ജോർജ് ജോസ് കെ മാണി എന്നിവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അപ്പോൾ പിന്നെ നിഷയോട് ഇന്നയാളുടെ മകനാണെന്ന് പറഞ്ഞ് അപമാനിക്കാൻ പോകേണ്ടതുണ്ടോയെന്നും ഷോൺ ചോദിക്കുന്നു. പരസ്പരം അറിയുന്നയാളുകൾ എന്നതിൽ ഉപരി അവർ ഒരു എംപിയുടെ ഭാര്യ അല്ലേ, ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഇത്തരം തെറ്റുകൾക്ക് നേരം മുഖം തിരിക്കാൻ പാടില്ല. ഒരു എംപി വിചാരിച്ചാൽ സ്വന്തം ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചവരെ പിടികൂടാൻ കഴിയില്ലെയെന്നും ഷോൺ ചോദിക്കുന്നു.

നേരത്തെ പിസി ജോർജും നിഷയുടെ ആരോപണത്തിനെതിരെ രംഗത്ത് വന്നിരുന്നു.ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുൻപുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്നാണ് പിസി ജോർജിന്റെ പക്ഷം. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ അത് മാധ്യമങ്ങൾ വാർത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോർജ് ചോദിക്കുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോർജ് പറയുന്നു. സത്യം പറഞ്ഞാൽ രണ്ട് ദിസം മുൻപ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോൾ മുതൽ മാണിയെക്കുറിച്ചാണ് ചിന്ത. പാലായിൽ മത്സരിക്കാൻ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ മാണിയുടെ മേൽ ഒരു കണ്ണുള്ളത് നന്നായിരിക്കുെമന്നും പിസി ജോർജ് പറയുന്നു. മാണിയെ അപായപ്പെടുത്താൻ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോർജ് പറയുന്നു.