ഒക് ലഹോമ: മസ്‌കോശിയിലെ വീട്ടിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിനും മറ്റു ചെലവുകൾക്കുമായി പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബ്രിട്ടണിയുടെ സഹോദരിയാണ് ഇവർക്കു വേണ്ടി ഗോ ഫണ്ട് മി അക്കൗണ്ട് തുറന്നിരിക്കുന്നത്.

ചൊവ്വാഴ്ച മസ്‌കോശിയിലെ വീട്ടിൽ വെടിവയ്‌പ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെതുടർന്നു പൊലീസ് സ്ഥലത്തെത്തുമ്പോൾ കൈയിൽ തോക്കുമായി നിൽക്കുന്ന ജറോണെയാണ് (25) കണ്ടത്. ഇയാൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.

വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അഞ്ചു കുട്ടികളും ഒരു യുവാവും ബ്രിട്ടണിയും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഇതിൽ നാലു കുട്ടികളും യുവാവും മരിച്ചിരുന്നു. പരിക്കേറ്റ ബ്രിട്ടണിയെയും മറ്റൊരു കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച യുവാവ് വെടിവയ്‌പ്പ് നടത്തിയ ജറോണെയുടെ സഹോദരനാണ്. മരിച്ച മൂന്നു കുട്ടികളും ജറോണെയുടെ മക്കളായിരുന്നുവെന്നും പൊലീസ് പറയുന്നു. വെടിവയ്ക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

വെടിയേറ്റു മരിച്ച കുട്ടികളുടെ സംസ്‌കാര ചെലവുകൾക്കാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടണിയുടെ സഹോദരി റാവെൻ ഗോഫണ്ട് അക്കൗണ്ട് തുടങ്ങിയത്.