സിൻസിനാറ്റി: അമേരിക്കയിലെ തിരക്കേറിയ നൈറ്റ് ക്ലബ്ബിൽ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 1.30 നാണ് ഓഹായിയോ സംസ്ഥാനത്തെ സിൻസിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് നടന്നത്.

നൈറ്റ് ക്ലബ്ബിൽ യുവാക്കളായിരുന്നു അധികവുമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് എ.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വെടിവെപ്പിനുശേഷം അക്രമികൾ രക്ഷപെട്ടു. അക്രമികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പൊലീസ് പരിശോധിച്ച് വരികയാണ്. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതർക്ക് കൈമാറണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

വെടിവെപ്പിന് പിന്നിൽ ഭീകരരാണെന്ന സൂചനകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം അമേരിക്കയിലെ ഓർലാൻഡോയിലെ ഗേ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.