ഇസ്രയേലിലെ പട്ടണങ്ങളിലെല്ലാം അറബികളും യഹൂദന്മാരും ഏറ്റുമുട്ടുന്നു; സിനഗോഗുകൾ ചാമ്പലാക്കി അറബികൾ പ്രതികാരം ചെയ്യുമ്പോൾ മോസ്കുകൾക്ക് തീയിട്ട് യഹൂദന്മാർ; കത്തിക്കുത്തും വെടിവയ്പും ക്രൂര മർദ്ദനങ്ങളും പതിവ്; ഹമാസ്-ഇസ്രയേൽ പോരിനിടെ അഭ്യന്തര കലാപം മൂർച്ഛിച്ച് ഇസ്രയേൽ
- Share
- Tweet
- Telegram
- LinkedIniiiii
ടെൽ അവീവ്: ഇസ്രയേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യം ഇസ്രയേലിൽ അഭ്യന്തര കലാപത്തിലേക്കും വഴിതെളിച്ചിരിക്കുന്നു. തീവയ്പും കൊള്ളയും കൊലപാതകവുമൊക്കെയായി ഇസ്രയേലിലെ ചെറു പട്ടണങ്ങളിലേക്ക് പോലും അശാന്തി പടരുകയാണ്. അറബികളും യഹൂദന്മാരും തമ്മിലുള്ള സംഘർഷം കനത്തതോടെ ജനങ്ങൾ ശാന്തരാകണമെന്ന് അഭ്യർത്ഥിച്ച് ബെഞ്ചമിൻ നേതന്യാഹുവും രംഗത്തെത്തി.
ലോഡ് നഗരത്തിലാണ് അക്രമം വലിയതോതിൽ ഉണ്ടായിട്ടുള്ളതെങ്കിലും ബീർഷെബ, നേതന്യാ, ആക്രെ, ജറുസലേം, ഹൈഫ, ബാറ്റ്യാം, ടൈബിറിയസ് തുടങ്ങിയ ഇടങ്ങളിലും അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ജെനിൻ, ഹെബ്രോൺ, ബേത്ലഹേം, നബുലസ് എന്നിവിടങ്ങളിൽ ഇന്നലെ രാവിലെയോടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ തടിച്ചുകൂടി. ഗസ്സയിലെ ജനങ്ങളോടും അവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിങ്ങളുടെ രക്തം തിളയ്ക്കുന്നുണ്ടെങ്കിൽ ഞാൻ അത് കാര്യമാക്കുന്നില്ല എന്നാണ് ഈ പ്രതിഷേധങ്ങളെ കുറിച്ച് നേതന്യാഹു പറഞ്ഞത്. ഇതിൽ പലയിടങ്ങളിലും പ്രതിഷേധംസംഘർഷത്തിലേക്ക് വഴിമാറി. നാല് പേർ മരിച്ചതായാണ് കണക്ക്.
നിയമം കൈയിലെടുക്കാൻ ആരേയുമനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ഒരു അറബി പൗരനേയും കൊല്ലാൻ അനുവദിക്കില്ലെന്നും പറഞ്ഞു. അതുപോലെ യഹൂദ പൗരന്മാരെ കൊല്ലാനും അനുവദിക്കില്ല. അതേസമയം, വെള്ളിയാഴ്‌ച്ചയും ഫലസ്തീൻ പ്രതിഷേധക്കാർക്ക് നേരെ പലയിടങ്ങളിലും ഇസ്രയേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. ഏറ്റവും വലിയ പ്രതിഷേധത്തി് സാക്ഷ്യം വഹിച്ചത് ഹെബ്രോൺ നഗരമാണ്. നൂറുകണക്കിന് ഫലസ്തീനികളാണ് ഇവിടെ പ്രതിഷേധത്തിൽ പങ്കെടുത്തത്.
അതേസമയം അക്രമസംഭവങ്ങൾ ഏറെയും അരങ്ങേറിയത് ലോഡ് നഗരത്തിലായിരുന്നു. ഒരു ഡോക്ടറുടെ കാലിൽ വെടിയേറ്റു. സിനഗോഗിൽ പ്രാർത്ഥനയ്ക്കയി എത്തിയ ഒരു യുവാവിനെ ചിലർ കുത്തി വീഴ്‌ത്തി. അഞ്ച് ഉദ്യോഗസ്ഥർക്കും അക്രമങ്ങളിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചോളം സിനഗോഗുകൾ അഗ്‌നിക്കിരയാക്കിയ നഗരത്തിൽ ഇന്നലെ മറ്റൊരു സിനഗോഗ് കൂടി തീവച്ച് നശിപ്പിച്ചു. ഇവിടെ മാത്രം ഇന്നലെ 42 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രാത്രിയും അറബ് പൗരന്മാരും യഹൂദപൗരന്മാരും തമ്മിലുള്ള വെടിവയ്പുകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പല പൊലീസ് സ്റ്റേഷനുകൾക്ക് നേരെയും പെട്രോൾ ബോംബ് ആക്രമണവും ഉണ്ടായി.
നിരവധി കബറിടങ്ങളിലെ ശവകുടീരങ്ങൾക്കും അക്രമികൾ കേടുപാടുകൾ വരുത്തിയതായി റിപ്പോർട്ടുകളുണ്ട്. അത്തരമൊരു സംഭവത്തിൽ ഒരു ശവക്കല്ലറയുടെ മാർബിൾ കല്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ജാഫാ നഗരത്തിലും കനത്ത അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. തലയോട്ടി തകർന്ന ഒരു സൈനികനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരു സൈനികനു നേരെ കാറിടിച്ചുകയറ്റാനുള്ള ശ്രമവുമുണ്ടായി.
പല നഗരങ്ങളിലും കനത്ത പൊലീസ് കാവലുണ്ടെങ്കിൽ പോലും സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വടക്കൻ ഇസ്രയേലിലെ ഹൈഫയിൽ ഒരു ബസ്സിനുനേരെ ഉണ്ടായ കല്ലേറിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ലോവർ ഗലീലിയിൽ ഒരു 16 കാരൻ കൊല്ലപ്പെട്ടു. ഇസ്രയേലിനകത്തുനിന്ന് കലാപമുണ്ടാക്കുന്നവർ ഹമാസിനോളം തന്നെ അപകടകാരികളാണെന്നും അവരെ കർശനമായി നേരിടുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാണ്ട്സ് പറഞ്ഞു. അതേസമയം, നേതന്യാഹു സർക്കാരിന്റെ അടിച്ചമർത്തൽ നയമാണ് ഈ കലാപത്തിനു കാരണമെന്നാണ് അറബ് നേതാവ് അമൻ ഒഡെ പറയുന്നത്.
മറുനാടന് ഡെസ്ക്