- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തിനെതിരേ യുവദമ്പതിമാരുടെ ഷോർട്ട് ഫിലിം; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവച്ച് പൊലീസും
തിരുവനന്തപുരം: സ്ത്രീധനത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരെ നീതി തേടി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന യുവദമ്പതിമാർ ഇറക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
സ്ത്രീധനത്തിന്റെയും മറ്റും പേരിൽ ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെയും, അവരുടെ രക്ഷിതാക്കളെയും ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മൂന്ന് മിനിറ്റ് 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ
അടൂർ അനശ്വരയിൽ അനുരാജും പ്രീണയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ വീഡിയോയുടെ പ്രാധാന്യം മനസ്സിലാക്കിയ പൊലീസ് അവരുടെ ഔദ്യോഗിക ഫേസ്‌ബുക്കിൽ ഇത് പങ്കുവച്ചു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പണം ആവശ്യപ്പെട്ട് ഭർത്താവിന്റെ നിരന്തര ഉപദ്രവത്തെ തുടർന്ന് ഭർതൃവീട് വിട്ടിറങ്ങുന്ന ഒരു യുവതിയെ കഥാപാത്രമാക്കിയാണ് വീഡിയോ ആരംഭിക്കുന്നത്.
വീട് വിട്ടിറങ്ങുന്ന യുവതിയെ ഭർതൃവീടിനടുത്തുള്ള യുവദമ്പതിമാർ കാണുന്നതും അവരെ അവരുടെ മാതാപിക്കളുടെ അടുത്ത് എത്തിക്കുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. രക്ഷിതാക്കളോട് യുവതി ഭർതൃവീട്ടിൽ അനുഭവിച്ച കാര്യങ്ങൾ യുവദമ്പതിമാർ വിവരിക്കുന്നു. മകൾ ഭർതൃവീട്ടിൽ നേരിട്ട ദുരവസ്ഥ കേട്ട് തകർന്ന മാതാപിതാക്കളെ യുവദമ്പതിമാർ ആശ്വസിപ്പിക്കുകയും ഉടൻ തന്നെ മകളുടെ അവസ്ഥ കാണിച്ച് പരാതിപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
പക്ഷേ, അഭിമാനബോധം കാരണം രക്ഷിതാക്കൾ പരാതി നൽകാൻ മടിക്കുന്നു. സ്ത്രീധനപീഡനം, ഗാർഹികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പരാതിപ്പെടാനുള്ള സർക്കാരിന്റെ അപരാജിത ഓൺലൈനിനെപ്പറ്റിയും ഇതിനുള്ള 9497996992 എന്ന നമ്പരിനെക്കുറിച്ചും പറഞ്ഞ് കാര്യങ്ങൾ വിശദീകരിക്കുകയും ഇവരുടെ ആശങ്ക ദൂരീകരിക്കുകയും ചെയ്യുന്നതോടെ മൂന്ന് മിനിറ്റ് 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നു.
സമൂഹത്തിൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന നിരവധി സ്ത്രീകൾ ഉണ്ടാകാം. ഇവർ പല കാരണംകൊണ്ട് പരാതിപ്പെടാതെ വീടുകളിൽ എല്ലാം സഹിച്ച് ജീവിക്കുന്നു. ചിലർ ജീവനൊടുക്കുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാണ് സുഹൃത്തുക്കൾക്കൊപ്പം ഇതേക്കുറിച്ച് വീഡിയോ ചെയ്തതെന്ന് അനുരാജും പ്രീണയും പറയുന്നു. വിബി വർഗീസ്, വിനയചന്ദ്രൻ, പൂർണിമാ വിനയചന്ദ്രൻ, പാർവതി മണി, സിബി ജോസഫ് എന്നിവരും ദമ്പതിമാർക്കൊപ്പം വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്