സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമുകളായിരുന്നു എട്ടുകാലി, ഞാൻ സിനിമാ മോഹി തുടങ്ങിയവ. ഈ ചെറുചിത്രങ്ങളുടെ സംവിധായകനായ പ്രിൻസ് ജോയി തന്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് കടക്കുകയാണ്. സണ്ണി വെയിൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.

ഷോർട്ട് ഫിലിമുകളിലൂടെ സിനിമാരംഗത്തേക്ക് കാലെടുത്തു വെക്കുന്ന പുതിയ പ്രതിഭകളെ ആവേശം കൊള്ളിക്കുന്നതാണ് പ്രിൻസിന്റെ പുതിയ സിനിമാ പ്രഖ്യാപനം. കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിൽ ദീപു കരുണാകരന്റെയും അലമാര എന്ന ചിത്രത്തിൽ മിഥുൻ മാനുവൽ തോമസിന്റേയും അസിസ്റ്റന്റായിട്ടാണ് പ്രിൻസിന്റെ സിനിമാ പ്രവേശനം.

തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ എട്ടുകാലി സാമൂഹ്യ പ്രസകതമായ വിഷയം കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ഷോർട്ട് ഫിലിം അവാർഡുകളടക്കം നിരവധി ദേശീയ-അന്തർ ദേശീയ പുരസ്‌കാരങ്ങളും എട്ടുകാലിയിലൂടെ പ്രിൻസ് സ്വന്തമാക്കിയിരുന്നു.

ഒരു കൂട്ടം സിനിമാ മോഹികളുടെ കഥ പറഞ്ഞ ഞാൻ സിനിമാ മോഹിയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമാമോഹിയുടെ തിരക്കഥ ഒരുക്കിയ ജിഷ്ണു, അശ്വിൻ എന്നിവർ ചേർന്ന് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രിസം എന്റർടൈനറിന്റെ ബാനറിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും