ബംഗളൂരു: യെദിയൂരപ്പ സ്വന്തം 'റെക്കോഡ്' വീണ്ടും ഭേദിച്ചു. മുമ്പ് ഒരാഴ്ചമുഖ്യമന്ത്രി എന്ന നിലയിൽ കർണാടകത്തിൽ അധികാരമേറിയതിന് പിന്നാലെ രാജിവച്ചൊഴിയേണ്ടിവന്ന യദിയൂരപ്പയ്ക്ക് ഇക്കുറി 56 മണിക്കൂർ മാത്രമേ മുഖ്യമന്ത്രിയായി നിൽക്കാൻ കഴിഞ്ഞുള്ളൂ. വലിയ വിശ്വാസിയായ യദിയൂരപ്പയ്ക്ക് ഇത്തരത്തിൽ രണ്ടാമതും മുഖ്യമന്ത്രിക്കസേരയ്ക്ക് അൽപ്പായുസ്സായത് ബിജെപി വൃത്തങ്ങളിലും ചർച്ചയായി. നിയമസഭയിൽ 112 എന്ത മാന്ത്രിക സംഖ്യയിലേക്ക് എത്താൻ കൂടുതൽ എംഎൽഎമാരെ ബിജെപി എങ്ങനെയെങ്കിലും നേടുമെന്ന വിശ്വാസത്തിലാണ് മുമ്പ് സ്വയം പ്രഖ്യാപിച്ച സമയത്തുതന്നെ യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. എന്നാൽ സുപ്രീംകോടതിയിലേക്ക് കോൺഗ്രസ് കാര്യങ്ങൾ നീക്കിയതോടെ എല്ലാം തകിടംമറിഞ്ഞു. മോദിയുടെ വിശ്വസ്തനായ ഗവർണർ രണ്ടാഴ്ച സമയം നൽകുമെന്നും സുപ്രീംകോടതി ഒരാഴ്ചയെങ്കിലും സമയം വിശ്വാസം തെളിയിക്കാൻ അനുവദിക്കുമെന്നും ആയിരുന്നു ബിജെപിയുടേയും യദിയൂരപ്പയുടേയും പ്രതീക്ഷ. പക്ഷേ, അത് നടന്നില്ല.

ഇതോടെ ഇന്ന് ഉച്ചയോടെ തന്നെ യദിയൂരപ്പ 12 പേജുള്ള രാജിപ്രസംഗം തയ്യാറാക്കിവച്ചതായ വാർത്തകളും പുറത്തുവന്നു. അപ്പോഴും വലിയൊരു വിഭാഗം പ്രവർത്തകർ പ്രതീക്ഷയിലായിരുന്നു. സഭയിൽ എന്തുവിലകൊടുത്തും കോൺഗ്രസിനേയും ദളിനേയും നേരിട്ട് യദിയൂരപ്പ അധികാരത്തിൽ തുടരുമെന്നായിരുന്നു അവരുടെ വിശ്വാസം. സഭയിലെ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രോ ടേം സ്പീക്കറായി ഏറ്റവും വിശ്വസ്തനെ തന്നെ കീഴ് വഴക്കങ്ങൾ ലംഘിച്ച് ബിജെപി നിയോഗിച്ചതും എന്തും സംഭവിക്കാം സഭയിലെന്ന പ്രതീതി സൃഷ്ടിച്ചു.

എന്നാൽ സഭാ നടപടികൾ ലൈവ് ചെയ്യാൻ ചാനലുകളെ അനുവദിച്ചതോടെ സഭയ്ക്കകത്ത് ഉയരുന്ന ഏതൊരു പ്രതിഷേധവും സുപ്രീംകോടതിയിലെത്തുമെന്ന് ഉറപ്പായി. ഇതോടെ കോൺ്ഗ്രസ്സും കരുതലോടെ നീങ്ങി. സഭയിൽ യദിയൂരപ്പ വിശ്വാസം തേടിയുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ വികാരാധീനനായി പ്രസംഗം നീട്ടിയപ്പോഴേ അത് രാജി തീരുമാനിച്ചുള്ള പ്രസംഗമാണെന്ന് എല്ലാവരും ഉറപ്പിച്ചു. ആദ്യം പ്രസംഗം നീളുന്നതിനെതിരെ സിദ്ധരാമയ്യ എതിർപ്പ് ഉന്നയിച്ചെങ്കിലും പ്രോടേം സ്പീക്കറുടെ റൂളിങ് വന്നു. യദിയൂരപ്പ പ്രസംഗം തുടർന്നു. എന്തുതന്നെ നടന്നാലും സംയമനം വിടില്ലെന്നും സഭയിൽ എതിർപ്പോ പ്രതിഷേധമോ ഉയർത്തില്ലെന്നും കോൺഗ്രസ് തീരുമാനിച്ചിരുന്നു. ദള്ളും ഇതേ നയം പാലിച്ചു. അംഗങ്ങൾക്കെല്ലാം നിർദ്ദേശവും നൽകി.

പ്രസംഗത്തിനിടെ വികാരാധീനനായി യദിയൂരപ്പ നീങ്ങിയപ്പോഴും ആരും ഒന്നും ശബ്ദിച്ചില്ല. ഇതിനകം തന്നെ ബിജെപി അംഗങ്ങൾക്കിടയിൽ രാജിക്കാര്യത്തിന്റെ തീരുമാനം എത്തിയിരുന്നു. ഇതോടെ അവരും യാതൊരു ഒച്ചപ്പാടും സൃഷ്ടിക്കാതെ നേതാവിന്റെ പ്രഖ്യാപനത്തിന് കാതോർത്തു. ഒടുവിൽ രാഷ്ട്രീയ നാടകങ്ങളും അവകാശവാദങ്ങളും എല്ലാം വൃഥാവിലായെന്ന ബോധ്യത്തോടെ യദിയൂരപ്പ രാജി പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയിൽ കുറഞ്ഞ സമയം അധികാരത്തിലിരുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിൽ രണ്ടാമതും ഇടംപിടിക്കുകയാണ് അദ്ദേഹം. മെയ്‌ 17 നായിരുന്നു സത്യപ്രതിജ്ഞ. രാവിലെ ഒമ്പതിന് 56 മണിക്കൂർ പിന്നിടുമ്പോൾ ഇന്ന് നാലുമണിയോടെ ഒടുവിൽ രാജി.

ഇന്ത്യയിൽ കുറഞ്ഞ സമയം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നവരുടെ കൂട്ടത്തിൽ ഇതിനുമുമ്പ് 2007ൽ യദിയൂരപ്പയുടെ പേര് എഴുതിച്ചേർക്കപ്പെട്ടിരുന്നു. അന്ന് ഏഴു ദിവസം മാത്രമായിരുന്നു അധികാരത്തിൽ. നാലു മന്ത്രിമാരോടൊപ്പം 2007 നവംബർ 12ന് ആണു യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാടകീയ സംഭവങ്ങൾക്കൊടുവിൽ നവംബർ 19നു വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. പ്രമേയത്തെ എതിർത്തു വോട്ട് ചെയ്യാൻ ജനതാദൾ (എസ്) എംഎൽഎമാർക്കു പാർട്ടി അധ്യക്ഷൻ ദവഗൗഡ അന്നു രാവിലെ വിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് യദിയൂരപ്പ പുറത്താവുന്നത്. ഇന്ന് വീണ്ടും ദള്ളും ദേവഗൗഡയും എതിർ പാളയത്തിൽ കോൺഗ്രസിനൊപ്പം കൈകോർത്തതോടെ യദിയൂരപ്പയ്ക്ക് വീണ്ടും പുറത്തുപോവേണ്ടിവരുന്നു.

എന്നാൽ ഒരു ദിവസം മാത്രം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയും രണ്ടുദിവസമിരുന്ന നേതാവും ഉണ്ട് ഇപ്പോഴും യദിയൂരപ്പയ്ക്ക മുന്നിൽ ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് (കോൺഗ്രസ്) രണ്ടാംവട്ടം മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത് കഷ്ടിച്ച് ഒരു ദിവസം മാത്രം. 2016 ഏപ്രിൽ 21 മുതൽ 22 വരെ. കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലേക്കു പോയതോടെ 2016 മാർച്ച് 27ന് ആണു രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. ഏപ്രിൽ 21ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് രാഷ്ട്രപതിഭരണം റദ്ദാക്കി. ഹരീഷ് റാവത്ത് മുഖ്യമന്ത്രിക്കസേരയിൽ മടങ്ങിയെത്തി. തൊട്ടടുത്ത ദിവസം തന്നെ ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി തടഞ്ഞു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി.

യുപിയിൽ ജഗദംബിക പാലിന് രണ്ടുദിവസമാണ് അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. 1998 ഫെബ്രുവരി 21നു ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിൽ കല്യാൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. തുടർന്നു ലോക്താന്ത്രിക് കോൺഗ്രസ് നേതാവ് ജഗദംബികപാൽ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ, കല്യാൺ സിങ് സർക്കാരിനെ പുനഃസ്ഥാപിക്കാൻ അലഹാബാദ് ഹൈക്കോടതി ഫെബ്രുവരി 23ന് ഉത്തരവിട്ടു. ഇതോടെ ജഗദംബികപാൽ പുറത്തായി. 1968 ജനുവരി 28 മുതൽ ഫെബ്രുവരി ഒന്ന് വരെ മാത്രം ബിഹാറിലെ കോൺഗ്രസ് സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു സതീഷ് പ്രസാദ് സിങ് ഇദ്ദേഹം അഞ്ചുദിവസമാണ് അധികാരത്തിലിരുന്നത്.