കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ കരുതലോടെ മാത്രമേ പൊലീസ് നിശ്ചയിക്കൂ. ദിലീപിന്റെ വ്യക്തിപരവും തൊഴിൽപരവുമായ വീഴ്ചകളും ആക്ഷേപങ്ങളും കുറ്റപത്രത്തിലുണ്ടാകും. മുൻഭാര്യ മഞ്ജു വാര്യരെ വിവാഹം കഴിക്കുംമുമ്പ് ദിലീപ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചിരുന്നു തുടങ്ങിയ മൊഴികൾ അതിനിർണ്ണായകമാകും. ദിലീപിൽ നിന്നു ദുരനുഭവമുണ്ടായ കൂടുതൽപ്പേരെ സാക്ഷികളാക്കി കുറ്റപത്രം തയാറാക്കാനാണ് തീരുമാനം. ഗൂഢാലോചനക്കേസിൽ സാക്ഷിമൊഴികളിൽ പലതും ദിലീപിന്റെ ക്രിമിനൽസ്വഭാവം വിവരിക്കുന്നവയാണ്. ദിലീപിന്റെ ക്രിമിനൽസ്വഭാവം തെളിയിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ ദിലീപിന്റെ ആദ്യ വിവാഹം നിർണ്ണായകമാകും.

ദിലീപിന്റെ ക്രിമിനൽ സ്വഭാവം തെളിയിക്കാൻ കഴിഞ്ഞാൽ കുറ്റപത്രം കൂടുതൽ ഉറപ്പുള്ളതാകുമെന്നാണു കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ ഡി.ജി.പി. മഞ്ചേരി ശ്രീധരൻനായർ അന്വേഷണസംഘത്തെ അറിയിച്ചത്. ഗൂഢാലോചനക്കേസിൽ സാഹചര്യത്തെളിവാണു പ്രധാനം. മൊബൈൽ ടവർ ലൊക്കേഷനുകൾ, ഫോൺകോൾ ലിസ്റ്റ്, വിവിധ രസീതികൾ, സന്ദർശക ഡയറികൾ മുതലായവ പരമാവധി ശേഖരിക്കാൻ അന്വേഷണ സംഘത്തിനായിട്ടുണ്ട്. സൈബർ ഫോറൻസിക് പരിശോധനാ ഫലവും മെറ്റീരിയലുകളുടെ ഫോറൻസിക് ഫലവുംകൂടി എത്തിയശേഷം കുറ്റപത്രം കൊടുത്താൽ മതിയെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം. ഇതിന് മുമ്പ് സാക്ഷികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. മഞ്ജു വാര്യർ സാക്ഷിപ്പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന.

ദിലീപിൽനിന്നു വാക്കുകൊണ്ടോ, പ്രവൃർത്തികൊണ്ടോ എതിരനുഭവമുണ്ടായിട്ടുള്ളവരെ കണ്ടെത്തി സാക്ഷിയാക്കാനുള്ള നീക്കത്തിലാണു പൊലീസ്. നടിയെ ആക്രമിച്ച കേസിലെ ആദ്യകുറ്റപത്രത്തിൽ 167ൽപരം പേർ സാക്ഷികളുണ്ട്. ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസിൽ 300 സാക്ഷികളുണ്ടാവുമെന്നാണു വിവരം. അനൂപ് ചന്ദ്രൻ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ തുടങ്ങിയവർ ദിലീപിൽനിന്നു തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്. നാലു യുവ നടിമാർ ദിലീപിനെതിരേ സെക്ഷൻ 164 പ്രകാരമുള്ള രഹസ്യമൊഴി നൽകിയിട്ടുണ്ട്. ദിലീപ് ക്രൂരസ്വഭാവമുള്ളയാളാണെന്നു സ്ഥാപിക്കുകയാണ് ലക്ഷ്യം.

മഞ്ജുവാര്യരേയും പിന്നീട് കാവ്യ മാധവനേയും വിവാഹം ചെയ്യുന്നതിനു മുൻപ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്. ദിലീപിന്റെ വ്യക്തി ജീവിതത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യത്തിൽ സൂചനകൾ കിട്ടിയത്. ദിലീപ് അറസ്റ്റിലായി പിറ്റേന്നു തന്നെ വിവാഹക്കാര്യം പൊലീസ് അറിഞ്ഞിരുന്നുവെന്നാണ് വിവരം. പി. ഗോപാലകൃഷ്്ണൻ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. എന്നാൽ രേഖകൾ ഇനിയും പൊലീസ് ലഭിച്ചിട്ടില്ല. സിനിമ മേഖലയിലെ പലർക്കും ഈ വിവാഹക്കാര്യം അറിയാമായിരുന്നു. ദിലീപിന്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് ഇക്കാര്യത്തിൽ മൊഴിയെടുത്തിട്ടുണ്ട്. ദിലീപ് മിമിക്രി രംഗത്ത് സജീവമായിരുന്ന സമയത്തായിരുന്നു വിവാഹം.

വിവാഹത്തിന് സാക്ഷികളായവരെ പൊലീസ് ഫോണിൽ വിളിച്ച് മൊഴിയെടുത്തു. അകന്ന ബന്ധുവായ യുവതിയെ ദേശം രജിസ്റ്റർ ഓഫിസിൽ വച്ചാണ് വിവാഹം ചെയ്തത്. ദിലീപ് അന്ന് സിനിമയിൽ താരമായിട്ടില്ല. എന്നാൽ പിന്നീട് സിനിമയിലെത്തി മഞ്ജുവുമായി അടുക്കുകയും വിവാഹത്തിലേക്കും എത്തുമെന്ന് ഉറപ്പായതോടെ ഈ യുവതിയെ ഒഴിവാക്കുകയായിരുന്നു. അടുത്ത ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥ ശ്രമം നടത്തിയാണ് യുവതിയെ ഈ ബന്ധത്തിൽ നിന്നും പിന്തിരിച്ചത്. ഇതെല്ലാം അതീവ രഹസ്യമായാണു നടന്നത്. ദിലീപും ഈ യുവതിയും തമ്മിൽ വിവാഹമോചനം നടന്നിട്ടില്ല എന്നും സൂചനയുണ്ട്. യുവതി ഇപ്പോൾ ഗൾഫിലാണ്. ദിലീപിന്റെ സ്വഭാവത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാൻ ഈ വിഷയവും കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.

ഇത്തരത്തിൽ സ്വഭാവദൂഷ്യമുള്ളയാൾ നടിയെ പീഡിപ്പിക്കുന്നതുപോലെയുള്ള ക്രൂരപ്രവൃത്തികളും നടപ്പാക്കുമെന്നാണു പൊലീസിന്റെ വാദം. ഗൂഢാലോചനക്കേസിൽ സാക്ഷിമൊഴികൾക്കു പ്രസക്തി കുറവാണെങ്കിലും പ്രതി ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നു തെളിയിക്കാനാണ് ഇവ ശേഖരിക്കുന്നത്. കേസിൽ ഏഴാം പ്രതിയായ ചാർളിയാണ് സംഭവം ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനിൽകുമാർ തന്നോട് വെളിപ്പെടുത്തിയതായി കോടതിയിൽ രഹസ്യമൊഴി നൽകിയത്. കേസിൽ ചാർളി മാപ്പുസാക്ഷിയാകും. നടിയുടെ ദൃശ്യങ്ങൾ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്നും ചാർളി കോടതിയിൽ പറഞ്ഞു. പിടിയിലായപ്പോൾ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്. ഉന്നത ഇടപെടലിനെതുടർന്നാണ് മൊഴിയിൽ അന്വേഷണം ഉണ്ടാകാതിരുന്നതെന്നും ആരോപണമുണ്ട്.

കോയമ്പത്തൂരിലെ ചാർളിയുടെ താമസസ്ഥലത്താണ് പൊലീസ് പിടിയിലാകുന്നതിന് മുൻപ് പ്രതി സുനിൽ കുമാർ ഒളിവിൽ കഴിഞ്ഞത്. ദിലീപിന്റെ ക്വട്ടേഷനെന്ന് സുനിൽകുമാർ ആദ്യം പറഞ്ഞത് ചാർളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷൻ തുകയെന്നും സുനി പറഞ്ഞെന്ന് ചാർളി രഹസ്യമൊഴി നൽകി.