കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ സേവ് ഔർ സിസ്റ്റേഴ്‌സിന്റെ പേരിൽ സമരത്തിനിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ
ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങി സീറോ-മലബാർ സഭാ നേതൃത്വം. ഫാദർ അഗസ്റ്റിൻ വട്ടോളിക്ക് കാരണം കാണിക്കൽ നോട്ടീസും മുന്നറിയിപ്പുമാണ് നൽകിയിരിക്കുന്നത്. നവംബർ 14 ന് സെക്രട്ടേറിയറ്റിന് മുന്നിൽ സേവ് ഔർ സിസ്റ്റഴ്‌സ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്നത് വിലക്കി 11 നാണ് നോട്ടീസ് നൽകിയത്. സഭാനിയമപ്രകാരം ഇത്തരം ധർണകൾ സംഘടിപ്പിക്കുന്നത് പൊതുജനമധ്യത്തിലും വിശ്വാസികൾക്കിടയിലും സഭയെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ധർണയിൽ പങ്കെടുക്കുന്നതിൽ നിന്നും ഫാ.അഗസ്റ്റിൻ വട്ടോളിയെ വിലക്കുന്നതായും നോട്ടീസിൽ പറയുന്നു.

അപ്പോസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ എന്നിവരാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ 25 നകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ, ഫാദറിനെതിരെ സഭാനിയമപ്രകാരം അച്ചടക്കനടപടിയെടുക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. കത്തിനെ ശരിയായ ആത്മാവിൽ ഉൾക്കൊള്ളണമെന്നും ക്രിസ്തുവിൽ സ്വയം മാറണമെന്നും അതിനു പരിശുദ്ധാത്മാവിന്റെ പരിവർത്തനം ഉണ്ടാകട്ടെ എന്നും കത്തിൽ ആശംസിക്കുന്നുണ്ട്.

ധർണ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും സഭാ വിരുദ്ധമാണെന്നും ഒരു പുരോഹിതൻ എന്ന നിലയിൽ സഭയ്ക്ക് അപകീർത്തികരമാവുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭ അനുശാസിക്കുന്നതു പോലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നില്ലെന്നും സഭാ മാനദണ്ഡം അനുസരിച്ചുള്ള ജീവിത വിശുദ്ധി ഫാ. അഗസ്റ്റിൻ വട്ടോളി പരിപാലിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണവും കത്തിലുണ്ട്. ഫാ. അഗസ്റ്റിൻ പ്രസംഗങ്ങളിലും പ്രവർത്തികളിലുമെല്ലാം കടുത്ത സഭാ വിരുദ്ധത പ്രകടമാക്കുന്നുണ്ടെന്നും സഭാ വിരുദ്ധനിലപാടുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നെന്നും സഭയുടെ സൽപേരിനു കളങ്കം വരുത്തുന്ന ഗൂഢാലോചനകൾ നടത്തുന്നതായും കത്തിൽ ആരോപിക്കുന്നു.

വിശുദ്ധ കന്യാമറിയത്തിന്റെ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിനു പകരം കന്യാസ്ത്രീയെ കിടത്തിയുള്ള പോസ്റ്റർ നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയെന്നതുൾപ്പടെ ക്രീസ്തീയ സഭാ പെരുമാറ്റച്ചട്ടപ്രകാരം നിരവധി ഗുരുതര കുറ്റങ്ങളാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരെ കത്തിൽ ആരോപിക്കുന്നത്. സഭാധികാരികൾക്കെതിരെ കലാപത്തിനും, വിദ്വേഷം സൃഷ്ടിക്കുന്നതിനും പ്രേരകമാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രസംഗവും പ്രവൃത്തിയുമെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപന പുറത്തുകൊണ്ടുവന്നതും കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നിയമത്തിനു മുന്നിൽ നിൽക്കേണ്ടിവന്നതും ഫാ.അഗസ്റ്റിൻ വട്ടോളിയുടെ ഇടപെടൽ മൂലമായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു. എന്നാൽ, കത്തിനെ കുറിച്ച് പ്രതികരിക്കാൻ ഫാ.അഗസ്റ്റിൻ വട്ടോളി തയ്യാറായില്ല. ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നതു മുതൽ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു ഫാ.വട്ടോളി. അതിനിടെയാണ് ബിഷപ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനം പുറത്തുവരുന്നത്.

കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ രൂപീകരിച്ച സേവ് ഔവർ സിസേ്റ്റഴ്സ് (എസ്.ഒ.എസ്) മൂവ്മെന്റിന്റെ കൺവീനറും ഫാ.വട്ടോളിയാണ്. ഈ സമരങ്ങൾക്കും പുറമേ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെ കന്യാസ്ത്രീകളുടെ ജീവന് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ച് ഈ മാസം 14ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ഫാ.വട്ടോളി പങ്കെടുത്തിരുന്നു.

മേലിൽ ഇത്തരം സമരപരിപാടികളിൽ നിന്ന് ഫാ.വട്ടോളിയെ പിന്തിരിപ്പിക്കുകയാണ് സഭാ നേതൃത്വത്തിന്റെ നീക്കമെന്ന് കരുതുന്നത്. മുന്നറിയിപ്പ് ലംഘിച്ചും സമരപരിപാടിക്ക് പോയാൽ അനുസരണക്കേടിന്റെ പേരിൽ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കുമെന്ന താക്കീതാണ് നൽകുന്നത്. അതേസമയം, ഫാ.അഗസ്റ്റിൻ വട്ടോളിയെ പുറത്താക്കുക എന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് എസ്.ഒ.എസ് പ്രവർത്തകർ ആരോപിച്ചു.

14-ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പോകരുത് എന്നു പറഞ്ഞ് 12-നാണ് കത്തുകൊടുത്തത്. എന്നാൽ, പരിപാടിക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ നോട്ടീസിന്റെ കാര്യം ഫാ.വട്ടോളി ആരോടും പറഞ്ഞിരുന്നില്ല. പരിപാടിയിൽ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ഒന്നിനും മുൻനിരയിലേക്ക് വന്നില്ല. ധർണ്ണ ഉദ്ഘാടനം ചെയ്ത വി എസ്. അച്യുതാനന്ദന് സ്വാഗതം പറയാൻ മാത്രം വന്ന വൈദികൻ പിന്നീട് ചടങ്ങിന്റെ പിൻനിരയിലേക്ക് മാറിയിരുന്നു.