മെൽബൺ: തണുപ്പിൽ വിറച്ചിരിക്കുന്ന വിക്ടോറിയയിൽ തണുപ്പിന് ആധിക്യം വർധിപ്പിച്ച് മഴയും എത്തുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്നതിനാൽ ഏറെ മോശമായ കാലാവസ്ഥയായിരിക്കും വിക്ടോറിയയിൽ പരക്കെ അനുഭവപ്പെടുക. താപനില മൂന്നിലേക്ക് വരെ താഴുമെന്നാണ് കാലാവസ്ഥ പ്രവചനം.

വെസ്‌റ്റേൺ വിക്ടോറിയയിൽ കാറ്റ് മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കും. ട്രെൻതാം, കിങ്ലേക്ക് മേസിഡോൺ എന്നീ പട്ടണങ്ങളിൽ രാവിലെ മുതൽ മഞ്ഞുവീഴ്ച അനുഭവപ്പെടും. ഇടയ്ക്ക് മഴ പെയ്യാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വീശിയടിക്കുന്ന കാറ്റ് അഞ്ചു മുതൽ പത്തു സെന്റീ മീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. പ്രധാനമായും ആൽപ്‌സിലാണിതെങ്കിലും അതിന്റെ പ്രതിഫലനം മറ്റു പ്രദേശങ്ങളിലും പ്രകടമാകും.

മെൽബണിലും താപനില ഏറെ താഴുമെന്നാണ് പ്രവചനം. തിങ്കളാഴ്ച രാത്രി എട്ടു ഡിഗ്രിയിലേക്ക് താപനില താഴ്ന്നിരുന്നു. നേരം പുലർന്നിട്ടും 8.7 ഡിഗ്രിയായിരുന്നു അന്തരീക്ഷോഷ്മാവ്. ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ മേഖലകളിൽ അന്റാർട്ടിക് വേർട്ടെക്‌സിന്റെ സാന്നിധ്യം പ്രകടമായതിനാൽ വിക്ടോറിയയെക്കാൾ കൂടുതലായി ന്യൂ സൗത്ത് വേൽസിലും ക്യൂൻസ് ലാൻഡിലുമായിരിക്കും അതിന്റെ പ്രതിഫലനം ഏറെ വ്യക്തമാകുക.

15 വർഷത്തെ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് ഓസ്‌ട്രേലിയ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് നേരത്തെ തന്നെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സിഡ്‌നി, വിക്ടോറിയ, മെൽബൺ, അഡ്‌ലൈഡ്, ക്യൂൻസ് ലാൻഡ് എന്നിവിടങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയാണ് ഈ ദിവസങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തന്നെ കാറ്റിന്റെ ശല്യവും ഉണ്ടാകുന്നതിനാൽ ഒറ്റപ്പെട്ടു പോകാവുന്ന സ്ഥലങ്ങളിലുള്ളവർ ഭക്ഷണപദാർഥങ്ങളും ഇന്ധനവും മരുന്നും മറ്റ് അവശ്യവസ്തുക്കളും കൂടെ കരുതണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.