കൊച്ചി: യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പകച്ചതോടെ ക്ഷീണം തീർക്കാൻ സർക്കാർ തലത്തിൽ നടപടി തുടങ്ങി. കരിങ്കൊടി കാണിച്ചത് മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ഈ ഈ സംഭവവുമായി ബന്ധപ്പെട്ട് സർക്കാറിനും പൊലീസിനും ഉണ്ടായ ക്ഷീണം തീർക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് എസ്എച്ഒയ്ക്ക് സ്ഥലം മാറ്റി. സുരക്ഷാ വീഴ്‌ച്ചയുടെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയാണ് നടപടി. എളമക്കര എസ്എച്ഒ സാബുവിനെയാണ് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടി. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് എസ്എച്ഒയെ സ്ഥലം മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു പോയ നേതാവ് പിണറായി എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. ഈ ഇമേജിന് യൂത്തി കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ കോട്ടം തട്ടിയെന്നാണ് വിലയിരുത്തൽ. കണ്ണൂരിൽ കല്ലു കൊണ്ട് തലപൊട്ടിയപ്പോഴും മുഖത്തെ ശാന്തത അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈവിട്ടില്ല. എന്നാൽ ഓടിയെത്തിയ യൂത്ത് കോൺഗ്രസുകാരന് മുമ്പിൽ പിണറായിയുടെ മുഖം നിസ്സഹായതയോടെ നോക്കി. മുഖ്യമന്ത്രി ഒരിക്കലും ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച പ്രതീക്ഷിച്ചിരുന്നില്ല.

വെള്ളിയാഴ്‌ച്ച ഉച്ചയോടെ കാക്കനാട് എറണാകുളം ഗവ. പ്രസ് സിടിപി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വാഹനം തടഞ്ഞുനിർത്തി മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ല് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമി യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി ജോർജ് പനന്താനത്തെ പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിനു പിന്നാലെയാണ് കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ച് ആക്രമിക്കാനുള്ള നീക്കം.

കാക്കനാട് ഗവ. പ്രസിലെ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുടെ വാഹനം പ്രസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു ആക്രമണ ശ്രമം. പൊലീസ് പൈലറ്റ് വാഹനം കടന്നുപോയശേഷം സോണി ജോർജ് മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്കു ചാടുകയായിരുന്നു. വാഹനത്തിന്റെ ബോണറ്റിലും മുന്നിലെ ചില്ലിലും ഇയാൾ ഇടിച്ചു. മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനോടുചേർന്നുള്ള ചില്ലും ഇടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ബോണറ്റിന് ചളുക്കുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റിയശേഷമാണ് യാത്ര തുടർന്നത്. ഏറെ പരിശ്രമിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇയാളെ കീഴടക്കിയത്. പിന്നിൽവന്ന പൊലീസ് വാഹനം ഇയാളെ കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിനു കൈമാറി. മൽപ്പിടിത്തത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.

കോതമംഗലം ചേലാട് പനന്താനത്ത് സ്വദേശിയായ സോണി ജോർജ് (25) അൺ ഓർഗനൈസ്ഡ് എംപ്ലോയീസ് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. മുഖ്യമന്ത്രിക്കുനേരെ വധശ്രമത്തിനും ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന സോണി ജോർജിനെതിരെ എറണാകുളം സൗത്ത്, നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണർ പറഞ്ഞു. മുഖ്യമന്ത്രിക്കുനേരെ രാവിലെ കളമശേരിയിലും ആലുവയിലും കരിങ്കൊടി കാണിക്കൽ നടന്നു.