- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമം ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് പിരിയുമ്പോൾ ഡോ സഖറിയാ ജോർജിനു ലഭിച്ച അവസാന മാസശമ്പളം 10,000 രൂപ! ഡോക്ടറുടെ മരണത്തോടെ കുടുംബം പ്രതിസന്ധിയിൽ; അർഹതയുള്ളവർക്ക് ശമ്പളം കൊടുക്കാൻ നൂലാമാലകൾ പറഞ്ഞ് തടസ്സം നിൽക്കുന്നത് ധനവകുപ്പ്; ഈ എയ്ഡഡ് കോളേജിന് പറയാനുള്ളത് അവഗണന മാത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് സിഎം രവീന്ദ്രൻ. സിഎം രവീന്ദ്രന്റെ വിദ്യാഭ്യാസ യോഗ്യത അർക്കും അറിയില്ല. എന്നാൽ സംസ്ഥാനത്തെ മുഴുവൻ ചലിപ്പിക്കുന്ന പ്രധാനിയാണ് രവീന്ദ്രൻ. ഒരു ലക്ഷത്തിന് അപ്പുറം ശമ്പളം രവീന്ദ്രനുണ്ട്. എന്നാൽ മുപ്പത്തിമൂന്നു വർഷത്തെ സേവനം അവസാനിപ്പിച്ചു നേമം ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് പിരിയുമ്പോൾ ഡോ. സഖറിയാ ജോർജിനു ലഭിച്ച അവസാന മാസശമ്പളം 10,000 രൂപ. ഈ ഡോക്ടർ അദ്ധ്യാപകൻ വിടവാങ്ങുകയാണ്.
നേമം ശ്രീവിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജ് സർക്കാർ രേഖകൾ പ്രകാരം എയ്ഡഡ് കോളേജുകളുടെ പട്ടികയിലാണ്. സംസ്ഥാനത്തെ മൂന്ന് എയ്ഡഡ് ഹോമിയോ കോളേജുകളിലൊന്ന്. 1965-ൽ ഹോമിയോപ്പതി ഡിപ്ലോമ കോഴ്സുകളുമായി ആരംഭിച്ച സ്ഥാപനം 2002-ലാണ് എയ്ഡഡ് ആകുന്നത്. വർഷാവർഷം 63 ബി.എച്ച്.എം.എസ്. സീറ്റുകളിലേക്ക് സർക്കാർ ഇവിടെ പ്രവേശനവും നൽകുന്നുണ്ട്. പക്ഷേ, മെഡിക്കൽ അദ്ധ്യാപകർ അടക്കം നൂറോളം ജീവനക്കാർക്ക് അനുവദനീയമായ ശമ്പളം കിട്ടിയിട്ട് ഇരുപതു വർഷത്തോളമായി. ഇതാണ് ഡോ സഖറിയാ ജോർജിനും വിനയായത്.
സംസ്ഥാനമെമ്പാടുമായി നിരവധി ശിഷ്യസമ്പത്തുള്ള ഡോ. സഖറിയയുടെ വേർപാടോടെ കുടുംബം കൂടുതൽ നിസ്സഹായതയിലേക്കു വീഴുകയാണ്. ഐരാണിമുട്ടം ഹോമിയോ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. കെ.സെഡ്.ജോർജിന്റെ മകനായ സഖറിയാ 1989-ൽ ട്യൂട്ടറായാണ് നേമം ശ്രീവിദ്യാധിരാജ ഹോമിയോ കോളേജിൽ േചർന്നത്. 2002-ൽ കോളേജ് എയ്ഡഡായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ പതിമൂന്നു വർഷത്തെ സേവനം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. രാഷ്ട്രീയ നിയമനങ്ങൾക്ക് പച്ചക്കൊടി കാട്ടി പെൻഷൻ ഉറപ്പാക്കുന്ന ഇടതു വലതു സർക്കാരുകൾ കാട്ടിയ നീതി നിഷേധം.
അനുകൂലമായ കോടതിവിധിക്കെതിരേ സർക്കാർ അപ്പീൽ പോയതോടെ നിയമനാംഗീകാരം അനന്തമായി നീണ്ടു. ഇതോടെ ശമ്പളമില്ലാതെയും ദീർഘനാൾ ജോലിചെയ്ത ശേഷമാണ് സർജറി വകുപ്പ് മേധാവിയായി ഈവർഷമാദ്യം അദ്ദേഹം ഹോമിയോ കോളേജിൽ നിന്ന് വിരമിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ കൂലിപോലും ഒരു മാസം കൈപ്പറ്റാൻ ഈ ഡോക്ടർക്ക് കഴിഞ്ഞില്ല. ഇതിന് സമാനമായി നിരവധി മെഡിക്കൽ അദ്ധ്യാപകർ കേരളത്തിലുണ്ട്.
എയ്ഡഡ് ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മിക്കവരും അവിടെ തുടരുന്നത്. 1965-ൽ സ്ഥാപിച്ച ശ്രീവിദ്യാധിരാജ ഹോമിയോ കോളേജിനെ 2002-ൽ സർക്കാർ എയ്ഡഡായി പ്രഖ്യാപിച്ചെങ്കിലും ധനവകുപ്പിന്റെ കടുംപിടിത്തം കാരണം സർക്കാർ സഹായമോ അനുവദനീയമായ ശമ്പളമോ കിട്ടാത്ത നൂറോളം ജീവനക്കാർ ഇവിടെയുണ്ട്.
അടിസ്ഥാനശമ്പളം മാത്രം ലഭിക്കുന്ന ഭൂരിഭാഗം അദ്ധ്യാപകർക്കും വാർഷികശമ്പള വർധന പോലും സർക്കാർ അനുവദിക്കുന്നില്ല. അദ്ധ്യാപകരും അനധ്യാപകരുമായി ശമ്പളം കിട്ടാത്തവരായി ആറിലധികം പേരും ഇവിടെ ജോലിചെയ്യുന്നു. സർക്കാർ ജീവനക്കാർക്ക് അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം നടപ്പാക്കുമെങ്കിലും അതനുസരിച്ചുള്ള വർധനയോ ആനുകൂല്യങ്ങളോ വിദ്യാധിരാജ ഹോമിയോ കോളേജിലെ അദ്ധ്യാപകർക്കും അനധ്യാപകർക്കും കിട്ടുന്നില്ല. ഇതിന് കാരണം എയ്ഡഡ് കോളേജായിട്ടും ശമ്പളം നൽകാത്ത സർക്കാർ നിലപാടാണ്.
അദ്ധ്യാപകരും അനധ്യാപകരും മാനേജ്മെന്റും ഒക്കെ വർഷങ്ങളായി സെക്രട്ടേറിയറ്റിലും കോടതികളിലും കയറിയിറങ്ങി അനുകൂല തീരുമാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നടപടി ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഏറ്റവും ഒടുവിൽ ധനവകുപ്പിന്റെ കോർട്ടിലേക്ക് ഫയൽ തട്ടിയെങ്കിലും ശമ്പള കുടിശ്ശിക അടക്കം നല്കണമെങ്കിൽ 200 കോടിയോളം രൂപയുടെ ബാധ്യത വരുമെന്ന് പറഞ്ഞ് അവരും പുറംതിരിഞ്ഞു. കുടിശ്ശിക പി.എഫിൽ ലയിപ്പിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ മാനേജ്മെന്റ് തന്നെ മുന്നോട്ടുവച്ചിട്ടും ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല.
തുടക്കംമുതൽ വിവിധ ഉത്തരവുകളിലൂടെ അദ്ധ്യാപകർക്കും അനധ്യാപകർക്കും സർക്കാർ ശമ്പളം നല്കിയെങ്കിലും പിന്നീടുള്ള തസ്തികകൾ അംഗീകരിക്കാനും കാലാകാലങ്ങളിൽവന്ന ശമ്പളപരിഷ്‌കരണം നടപ്പാക്കാനും തയ്യാറായില്ല. അദ്ധ്യാപക തസ്തികകളുടെ അംഗീകാരം വൈകിയത്, ഹോമിയോപ്പതി കൗൺസിൽ അദ്ധ്യാപകയോഗ്യതയിൽ പിന്നീട് വരുത്തിയ മാറ്റം, കോളേജിനൊപ്പമുള്ള ആശുപത്രിയിലെ മെഡിക്കൽ ഓഫീസർമാരുടെ നിയമനം, അനധ്യാപക തസ്തിക സൃഷ്ടിക്കലും അംഗീകാരം നേടിയെടുക്കലും ഇങ്ങനെ ഓരോ വകുപ്പും ഫയലുകളിൽ കുരുക്കു മുറുക്കിയതാണ് ജീവനക്കാർക്ക് വിനയായത്. അനുമതിയുള്ള തസ്തികകൾക്ക് പോലും അംഗീകാരം നല്കുന്നില്ലെന്നാണ് പരാതി.
ഏറ്റവും ഒടുവിൽ 2011-ലും 2013-ലും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ വിദ്യാധിരാജ ഹോമിയോ കോളേജ് പ്രശ്നം ചർച്ചചെയ്യാൻ മാത്രം യോഗം വിളിച്ച് ജീവനക്കാർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുത്തിരുന്നു. ജീവനക്കാർക്ക് ശമ്പളം നല്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും സീനിയോറിറ്റി തർക്കം അടക്കം ഉടലെടുത്തതോടെ നടപടികൾ വീണ്ടും കോടതികയറി.
ആരോഗ്യ സർവകലാശാല നിലവിൽവന്നതോടെ തസ്തികകൾക്ക് അവരുടെ അംഗീകാരം നേടേണ്ടിവന്നു. അതിന്റെ തുടർച്ചയായി 42 അനധ്യാപക ജീവനക്കാരുടെ നിയമനം അംഗീകരിച്ച് എൻട്രി സ്‌കെയിലിലെ ശമ്പളം നല്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ അനുവദനീയമായ ശമ്പളം നല്കാൻ സർക്കാർ തയ്യാറല്ല. അതിനിടെ ഒട്ടേറെ ജീവനക്കാർ വിരമിച്ചെങ്കിലും വിരമിക്കൽ ആനുകൂല്യങ്ങളില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ