ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമയോടൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സഹതാരം ശ്രേയസ് അയ്യർ. വർക്കൗട്ട് വേഷത്തിൽ ജിമ്മിൽ ഇരുവരും നൃത്തം ചെയ്യുന്നതിന്റെ വിഡിയോയാണ് 'ഞങ്ങൾ കാലുകളെക്കുറിച്ച് ചിന്തിക്കുന്നു' എന്ന അടിക്കുറിപ്പോടെ ശ്രേയസ് പങ്കുവച്ചിരിക്കുന്നത്.

ഇരുവരുടേയും പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖർ വിഡിയോയ്ക്കു കമന്റുമായി രംഗത്തെത്തുകയും ചെയ്തു. 'ടൂ കൂൾ ബ്രോ' എന്നായിരുന്നു സഹതാരം ഹാർദിക് പാണ്ഡ്യയുടെ കമന്റ്. സ്പിൻ ബോളർ ആർ.അശ്വിന്റെ ഭാര്യ പ്രീതി നാരായണന്റെയും സമാനരീതിയിലുള്ള കമന്റായിരുന്നു 'ടൂ കൂൾ'. വിഡിയോ വളരെ മികച്ചതാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ച്, ആർ.ശ്രീധർ പറഞ്ഞു.

ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അറിയപ്പെടുന്ന യൂട്യൂബറും കൂടിയാണ് ഇവർ. ലോക്ഡൗൺ കാലത്തായിരുന്നു ചെഹലിന്റെയും ധനശ്രീയുടെയും വിവാഹ നിശ്ചയം. ചെഹൽ ഓസ്‌ട്രേലിയൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ വിവാഹച്ചടങ്ങുകളും നടത്തി.