പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്ന് തെളിഞ്ഞു. പാലക്കാട് കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതി (30) ആണ് മരിച്ചത്. ഭർത്താവാണ് കൊന്നത്.

ഈ മാസം 18 ന് പകൽ 3.30നാണ് വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തുടർന്ന് തൃശുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്കുള്ള പ്രതികാരം. ഇതിനെ തുടർന്ന് ശ്രുതിയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു ശ്രീജിത്ത്.

മംഗലംഡാം ഒലിംകടവ് കുന്നത്ത് വീട്ടിൽ ശിവൻ - മേരി ദമ്പതികളുടെ മകളാണ് ശ്രുതി. 12 വർഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ശ്രീജിത്ത് ശ്രുതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രുതിയുടെ അച്ഛൻ ശിവൻ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഡോക്ടർമാർക്ക് ശ്രുതി നൽകിയ മൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ മക്കളുടെ മൊഴിയും ഇതുതന്നെയാണ് വ്യക്തമാക്കിയത്. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മക്കളുടെ മൊഴി ചൈൽഡ് ലൈന്റെ സഹായത്തോടുകൂടി വീണ്ടും രേഖപ്പെടുത്തി. ഇതാണ് നിർണ്ണായകമായത്. ഇതിനൊപ്പം അയൽക്കാരും പൊലീസിന് ഇതുകൊലപാതകമാണെന്ന സൂചന നൽകിയിരുന്നു.

കേസിൽ ആത്മഹത്യാ പ്രേരണയിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താനാണ് കൊല നടത്തിയതെന്ന് ശ്രീജിത്ത് കുറ്റസമ്മതം നടത്തിയത്. പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ഭർത്താവ് ശ്രീജിത്ത് മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. ആത്മഹത്യാ പ്രേരണയ്ക്ക് നേരത്തേ അറസ്റ്റിലായ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്.

അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്കുകൾ പതിവായിരുന്നതായും പൊലീസിന് വ്യക്തമായി. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണ് വഴക്കിന് കാരണമെന്നും വ്യക്തമായി. ശ്രുതിക്ക് പൊള്ളലേറ്റ വിവരം കുട്ടികളാണ് അയൽവീട്ടിൽ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തി എന്നാണ് കുട്ടികൾ പറഞ്ഞത്. ഇതും അന്വേഷണത്തിൽ നിർണായകമാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ എല്ലാകാര്യവും ശ്രീജിത്ത് സമ്മതിച്ചിട്ടുണ്ട്.