കണ്ണൂർ: കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ കൊലയാളികളെ കുറിച്ച് യാതൊരു എത്തുംപിടിയുമില്ലാതെ പൊലീസ്. നേരത്തെ ആർഎസ്എസ് പ്രവർത്തകൻ ശ്യമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ മൂന്ന് മണിക്കൂർ കൊണ്ട് അറസ്റ്റു ചെയ്ത മിടുക്കു കാട്ടിയ പൊലീസ് സിപിഎം ആരോപണ വിധേയരായ കേസിൽ തികഞ്ഞ നിഷ്‌ക്രിയത്തം പാലിക്കുകയാണ്. ഇത് പൊലീസിന്റെ വീഴ്‌ച്ചയായാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സിപിഎം ആസൂത്രിതമായ നടത്തിയ കൊലപാതകം തന്നെയാണ് ശുഹൈബിന്റേതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കൊലപാതകം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശുഹൈബിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീരുക്കളായ ഈ അക്രമികളെ വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഹുൽ പറഞ്ഞു. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് ഇന്നു പ്രതിഷേധ ദിനം ആചരിക്കും. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

ടിപി വധത്തിനു സമാനമായി 36 വെട്ടുകളാണു ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഷുഹൈബിനെ വധിക്കുമെന്നു ഭീഷണി മുഴക്കി നേരത്തേ സിപിഎം പ്രകടനം നടത്തിയിരുന്നു. ഇ.പി. ജയരാജന്റെ സ്റ്റാഫിൽപ്പെട്ട എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. കൊലപാതകം നടത്തിയ മുഖംമൂടിക്കാരെ തിരിച്ചറിയാൻ രതീഷിനെയും ചോദ്യം ചെയ്യണമെന്നും ഡീൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായ തുടർ പ്രക്ഷോഭത്തിനു യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ശുഹൈബിന്റെ കൊലയാളികളെ പിടികൂടാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെങ്കിലും കേസിൽ നാലു സിപിഎം പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മട്ടന്നൂർ സി.ഐ എ.വി. ജോൺ അറിയിച്ചു. അതേസമയം, ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് എടയന്നൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥപ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മോർച്ചറിക്ക് മുമ്പിൽ വികാരനിർഭര രംഗങ്ങൾ

ഷുഹൈബ് എടയന്നൂരിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ വികാരനിർഭര രംഗങ്ങൾ. ഒരുമണിയോടെ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകീട്ട് 6.15 ഓടെയാണ് വിട്ടുകിട്ടിയത്. ഈ സമയമത്രയും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുടെയും പ്രവർത്തകരുടേയും പ്രവാഹമായിരുന്നു ഇവിടേക്ക്. അഞ്ഞൂറോളം ആളുകളാണ് മോർച്ചറിക്ക് സമീപം നിലയുറപ്പിച്ചത്. കണ്ണൂരിൽ നിന്നെത്തിയ സുഹൃത്തുക്കൾക്കെല്ലാം പറയാനുണ്ടായിരുന്നത് നാട്ടുകാരുടെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പംനിൽക്കാനുള്ള അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ചായിരുന്നു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ മോർച്ചറിക്കു സമീപം പ്രതിഷേധ പ്രകടനവും നടന്നു.

കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എം.ഐ. ഷാനവാസ് എംപി, സണ്ണി ജോസഫ് എംഎ‍ൽഎ, കെ. സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, സതീശൻ പാച്ചേനി, വി.വി. പ്രകാശ്, ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ, ആര്യാടൻ ഷൗക്കത്ത്, വി എസ്. ജോയ്, സുരേന്ദ്രൻ, അഡ്വ. കെ. ജയന്ത്, കെ. പ്രവീൺകുമാർ, ആദം മുൽസി, സി.വി. ജിതേഷ് തുടങ്ങിയ നേതാക്കൾ നേരമത്രയും മോർച്ചറിക്കു മുന്നിൽ കാത്തുനിന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും എത്തി. മുദ്രാവാക്യം വിളികളോടെയാണ് പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ആംബുലൻസിലേക്ക് കയറ്റിയത്.

തുടർന്ന് മെഡിക്കൽ കോളജിന് സമീപത്തെ പള്ളിയിലെത്തിച്ച് മതചടങ്ങുകൾ പൂർത്തിയാക്കിയശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി. 11ഓടെ തെരൂർ മാപ്പിള എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം 12ഓടെ എടയന്നൂർ ജുമാമസ്ജിദിൽ ഖബറടക്കി.

പൊലീസ് നിഷ്‌ക്രിയത്തം ആരോപിച്ച് കോൺഗ്രസ് നേതാക്കൾ

മട്ടന്നൂരിലെ കെഎസ്‌യുഎസ്എഫ്‌ഐ തർക്കത്തിൽ പൊലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിപിഎം-ബിജെപി സംഘട്ടനത്തിലേക്ക് കോൺഗ്രസിനെക്കൂടി വലിച്ചിഴച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഷുഹൈബിന്റെ ക്രൂരമായ കൊലപാതകമെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഉമ്മൻ ചാണ്ടി പത്രക്കുറിപ്പിലൂടെയാണ് പ്രതികരണം അറിയിച്ചത്.

അതേസമയം, ഇടതു ഭരണത്തിനു കീഴിൽ ചുവപ്പ് ഭീകരതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. സിപിഎം ആയുധം താഴെവയ്ക്കാതെ കൊലപാതക രാഷ്ട്രീയത്തിനു പരിഹാരമില്ലെന്നും രമേശ് ചെന്നിത്തല ചെന്നൈയിൽ പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി എം. സുധീരൻ ആവശ്യപ്പെട്ടു.

മട്ടന്നൂർ മേഖലയിലുണ്ടായിരുന്ന പ്രാദേശിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു. ആർഎംപി പ്രവർത്തകർക്കെതിരെ വ്യാപകമായ അക്രമങ്ങൾ കഴിഞ്ഞ ദിവസം ഉണ്ടായി. ഇതൊക്കെ സർക്കാരിന്റെ മൗനസമ്മതത്തോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങളാണ്.

കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസർക്കാർ അധികാരമേറ്റു രണ്ടു വർഷം തികയും മുൻപേ രാഷ്ട്രീയ കൊലപാതകങ്ങളിൽ 22 പേരാണു മരിച്ചത്. സംസ്ഥാനത്ത് പൊലീസിന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനു കഴിയുന്നില്ല. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്നും ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.

അതേസമയം, കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ അതിദാരുണവും നിഷ്ഠൂരവുമായ കൊലപാതകമെന്ന് കെ.സി.ജോസഫ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മും ബിജെപിയും അഴിച്ചുവിട്ട സംഘർഷം നാടിന്റെ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്.

നിയമം നടപ്പിലാക്കാൻ ബാധ്യതയുള്ള ജില്ലാ ഭരണകൂടവും പൊലീസും മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങി കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ നടക്കുന്ന കൊലപാതങ്ങൾ കണ്ട് നിശബ്ദനായിരിക്കുന്നത് അപമാനകരമാണെന്നും ഭരണപരാജയം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു നിഷ്ഠുരമായ കൊലപാതകം നടന്നത്. തെരൂരിലെ തട്ടുകടയിൽ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മൻസിലിൽ റിയാസ് (27) എന്നിവർക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെയാണ് റിയാസിനും നൗഷാദിനും പരിക്കേറ്റത്. മൂവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷുഹൈബിന്റെ കാലുകൾ വെട്ടേറ്റ് തൂങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിൽ തലശ്ശേരിയിൽവെച്ച് മരിക്കുകയായിരുന്നു.

കൊലയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് നടത്തിയ ഹർത്താൽ പൂർണമായിരുന്നു. ശിവരാത്രി ആയതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി ഒഴികെയുള്ള ബസുകളൊന്നും സർവിസ് നടത്തിയില്ല.