കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട് ആറുദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാകാത്തതിനെ ചൊല്ലി പൊലീസിലും അഭിപ്രായ ഭിന്നത്. ശക്തമായ അന്വേഷണം പോലും നടക്കുന്നില്ലെന്ന പരാതി ശക്തമാണ്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയും വിശ്വാസവുമില്ലെന്ന് ഷുഹൈബിന്റെ കുടുംബവും വ്യക്തമാക്കി. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് പറഞ്ഞു. ഇതും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ. സുധാകരൻ തിങ്കളാഴ്ച മുതൽ നിരാഹാരം സമരം തുടങ്ങും. ഇതും പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഇതിന് ശേഷം അന്വേഷണത്തിൽ ഒരു തുമ്പും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധത്തിലേക്ക് സുധാകരൻ പോകുന്നത്. ഇത് ജില്ലയിൽ കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകും. ഇത് സിപിഎമ്മിനേയും വെട്ടിലാക്കും. കേസ് യഥാസമയം അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്ന തോന്നലാണ് പരക്കെയുള്ളത്.

പ്രതികളെ ഉടൻ പിടികൂടുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. സിസി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളുമാണ് പരിശോധിക്കുന്നത്. പരോളിൽ ഇറങ്ങിയ പ്രതികളിൽ ആർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കിർമാണി മനോജ് അടക്കമുള്ളവർ പരോളിൽ ഉണ്ടായിരുന്നത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തെളിവുകളുടെ അഭാവമാണ് പൊലീസ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ. എന്നാൽ പാർട്ടി കൊടുക്കുന്ന പട്ടികയ്ക്കായി പൊലീസ് കാത്തിരിക്കുകയാണെന്നും യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു.

ഷുഹൈബിന്റെ കുടുംബത്തിന്റെ ആരോപണവും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് നാലുദിവസത്തിനുശേഷമാണ് പൊലീസ് വീട്ടിൽവരാൻ തയ്യാറായതെന്നാണ് അവരുടെ പരാതി. മൊഴി രേഖപ്പെടുത്താതെ പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അവർ മടങ്ങി. ഉമ്മയും മൂന്നുസഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഷുഹൈബിന്റെ മരണത്തോടെ ഇല്ലാതായത്. ഭീഷണിയുണ്ടെന്ന് ഷുഹൈബ് പറഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ സുഹൃത്തുക്കളോടാണ് ഷുഹൈബ് പങ്കുവയ്ക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ഷുഹൈബിന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സഹോദരി ഷർമിന പറഞ്ഞു.

ഈ സാഹചര്യത്തിൽ പ്രതികൾക്കായി സിപിഎം പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ് നടത്തി. പേരാവൂർ, ഇരിട്ടി മേഖലകളിലെ പാർട്ടി ഗ്രാമങ്ങളിലാണ് തിരച്ചിൽ. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞ മുടക്കോഴിമലയിലും പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം പൊലീസ് സംഘം പേരാവൂർ സ്റ്റേഷനിൽ തിരിച്ചെത്തിയെങ്കിലും ആരെയെങ്കിലും പിടികൂടിയതായി സൂചനയില്ല. അതേസമയം, വിവരശേഖരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഒരാൾ ഇപ്പോഴും പേരാവൂർ സ്റ്റേഷനിലുണ്ട്. ഇത് ആരെന്ന് പൊലീസ് പുറത്തുവിടുന്നുമില്ല. കണ്ണൂർ എസ്‌പി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചിലിൽ പങ്കെടുത്തത്. ഷുഹൈബിന്റെ കൊലപാതക സമയത്ത് പരോളിലുണ്ടായിരുന്ന പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്വേഷണം ശരിയായ ദിശയിലാണെന്നും തൃപ്തനാണെന്നുമാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. കുറ്റവാളികൾ ആരെന്നതിനെപ്പറ്റി സൂചന ലഭിച്ചെന്നും അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും മേൽനോട്ടം വഹിക്കുന്ന ഇരിട്ടി ഡിവൈ.എസ്‌പി. പ്രജീഷ് തോട്ടത്തിലും പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയത് ഒന്നരമണിക്കൂറോളം കഴിഞ്ഞാണെന്ന ആരോപണവും ശക്തമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾ ഉപേക്ഷിച്ച വാഹനം സംഭവദിവസം രാത്രിതന്നെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ പെട്ടെന്ന് തുമ്പുണ്ടാക്കിയത്. എന്നാൽ ഈ കേസിൽ വാഹനവും കണ്ടെത്തനായിട്ടില്ല.

ഈയടുത്ത് കണ്ണൂർ ജില്ലയിൽത്തന്നെ എ.ബി.വി.പി. നേതാവായ ശ്യാമപ്രസാദിനെ വധിച്ച സംഭവത്തിൽ മണിക്കൂറുകൾക്കകം എസ്.ഡി.പി.ഐ.ക്കാരായ പ്രതികളെ പിടിച്ചിരുന്നു. ജില്ലാ അതിർത്തിയിലടക്കം കൃത്യമായ വാഹനപരിശോധന അതിവേഗം നടത്താൻ കഴിഞ്ഞതോടെയാണ് പ്രതികളെ പെട്ടെന്ന് പിടിയിലാക്കിയത്. കൊലപാതകം ആസൂത്രിതമായിരുന്നെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സിപിഎമ്മിന് പങ്കില്ലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നുമാണ് സിപിഎം. മട്ടന്നൂർ ഏരിയാ നേതൃത്വത്തിന്റെ വിശദീകരണം.

അതിനിടെ, പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്‌യു മട്ടന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപവാസ സമരം നടത്തി. പ്രതികളെ പിടികൂടുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ ഷുബൈഹ് കൊടും ക്രിമനലാണെന്നും പാർട്ടിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും സിപഎമ്മും ആരോപിക്കുന്നു. വിമർശനങ്ങളെ പ്രതിരോധിക്കാൻ ഇതുമായി ബന്ധപ്പെട്ട പ്രചരണം പാർട്ടി ശക്തമാക്കിയിട്ടുണ്ട്.