കണ്ണൂർ: സിപിഐ.(എം). ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല ഷുഹൈബിനെ അക്രമിച്ചതെന്ന് വിശദീകരണവുമായി ജില്ലാ സെക്രട്ടറി പി ജരാജൻ. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം ജയരാജൻ അറിയിച്ചതായാണ് സൂചന. കണ്ണൂരിലെ കൊലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് ഇത്.

തീർത്തും പ്രാദേശിക നേതൃത്വത്തിലെ ചിലർമാത്രമറിഞ്ഞുകൊണ്ടുള്ള അക്രമമാണ് ഷുഹൈബിന്റെ കൊലയിൽ കലാശിച്ചതെന്നാണ് വിവരം. ഷുഹൈബിന്റെ കാൽ വെട്ടി വൈകല്യം വരുത്തിയ ശേഷം ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും സംഭവത്തിൽ പങ്കാളിയായ ഒരു സിഐ ടി.യു പ്രവർത്തകൻ കൊല ഉറപ്പു വരുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ അനന്തരഫലമാണ് ഷുഹൈബ് വധിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കണ്ണൂരിന് അതിന്റേതായ രീതിയുണ്ട്.

90 കളിൽ ജില്ലയിലെ രാഷ്ട്രീയ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം ' എന്ന പേരിലറിയപ്പെടുന്ന ക്രിമാനൽ ടീമാണ്. എതിരാളികളുടെ കാൽ അടിച്ചു തകർക്കുകയോ വെട്ടി മാറ്റുകയോ ചെയ്യും. അതാണ് കാൽ വെട്ടു സംഘം എന്നപേരിലറിയപ്പെട്ടത്. അതോടൊപ്പം തന്നെ വയറിൽ വെട്ടി കുടൽമാല പുറത്താക്കിയ ശേഷം മണ്ണ് വാരി ഇടുന്നതും മുഖം വെട്ടിക്കീറുന്നതുമാണ് അക്കാലത്തെ രീതി. കുടൽമാലയിലോ മറ്റ് വെട്ടേറ്റ സ്ഥലത്തോ മണ്ണ് വാരിയിട്ടാൽ പിന്നെ അക്രമിക്കപ്പെട്ടയാൾ രക്ഷപ്പെടുന്നത് വിരളമാണ്.

മാത്രമല്ല ദേഹമാസകലം പഴുത്ത് വികൃതമായി മരണം വരിക്കേണ്ടി വന്നവർ കണ്ണൂരിലേറെയാരുന്നു. തൊട്ടടയിലെ ശ്രീനിവാസൻ എന്ന കോൺഗ്രസ്സ് നേതാവ് ഇത്തരത്തിൽ മാസങ്ങൾ ആശുപത്രിയിൽ കിടന്ന് മരണം വരിക്കേണ്ടി വന്നയാളാണ്. ഈ സംഭവത്തോടെയാണ് എതിരാളികളെ കൊലപ്പെടുത്താനും അക്രമിക്കാനും 'എസ്. കത്തി ' എന്ന ആയുധം രംഗത്തു വന്നത്.

കണ്ണൂരിലെ യുവാക്കളുടെ പ്രതിരോധ സ്വഭാവവും പ്രതിഷേധവും രാഷ്ട്രീയക്കാർ മുതലെടുക്കാൻ തുടങ്ങിയതോടെ അവർ പറയുന്ന ആളുകൾ ശത്രുക്കളായി മാറുന്നു. ജന്മി വ്യവസ്ഥക്കെതിരെ പോരടിച്ചവരും ജന്മിയുടെ പത്തായപുരയിൽ നിന്ന് നെല്ല് പിടിച്ചെടുത്ത് പാവങ്ങൾക്ക് വിശപ്പടക്കാൻ നൽകിയതുമായ മുൻഗാമികൾ രാഷ്ട്രീയം മാത്രം നോക്കിയല്ല ഇതെല്ലാം ചെയ്തത്. അവർ പകർന്നു നൽകിയ വിപ്ലവ ബോധം ഇന്ന് എതിരാളികളുടെ നെഞ്ചിലേക്ക് കത്തിയിറക്കാനും വെട്ടി കൊലപ്പെടുത്താനും വഴി മാറിയിരിക്കുന്നു.

അക്രമ രാഷ്ട്രീയം തലക്കു പിടിച്ച ചാവേർ പോരാളികളായി ഒരു കൂട്ടം പേർ അഴിഞ്ഞാടുന്നു. അതിന്റെ പ്രതികരണമാണ് യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലയിൽ എത്തി നിൽക്കുന്നത്. നേരിട്ട് പരിചയം പോലുമില്ലാത്ത ഒരാളെ വെട്ടാൻ കയ്യറപ്പില്ലാതെ എത്തിയവരാണ് ഷുഹൈബ് കൊല കേസിലെ പ്രതികളെന്നു പറയുന്നവർ.

പൊലീസ് പിടിയിലായ ആകാശ് തില്ലങ്കേരിയും റിജിൻ രാജും പാർട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറാവുന്ന യുവാക്കളാണ്. ഉന്നത നേതാക്കളുമായി ഇവർക്കുള്ള ബന്ധമാണ് പാർട്ടി ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണമുയരുന്നത്. നേതൃത്വം അറിയാതെ അക്രമങ്ങൾ കാട്ടിയാൽ സംരക്ഷണം ഒരുക്കാനും ചിലപ്പോൾ പാർട്ടി നിർബന്ധിതമാകാറുണ്ട്. അത് മുതലെടുത്ത് പ്രാദേശിക നേതൃത്വത്തിന്റെ ഇംഗിത മനുസരിച്ച് പ്രവർത്തിക്കാനും ഇവർ തയ്യാറാണ്. സ്വയം വലിയവരായി ഇവർ കരുതുന്നു.

അതനുസരിച്ച് പാർട്ടിയിൽ ഇവർക്ക് സ്ഥാനവുമുണ്ട്. കുടുംബത്തോട് പ്രത്യേക മമതയൊന്നുമില്ലാത്ത ഇത്തരം യുവാക്കൾക്ക് എല്ലാം പാർട്ടിയാണ്. അതുകൊണ്ടു തന്നെ അവർ എന്തിനും ഇറങ്ങി പുറപ്പെടുന്നു. കൊലപാതകത്തിലും അക്രമത്തിലും പെട്ട 11 കേസുകളാണ് ആകാശ് എന്ന 24 കാരനുള്ളത്. ആർ.എസ്. എസ്. പ്രവർത്തകൻ തില്ലങ്കേരിയിലെ വിനീഷ് വധക്കേസിൽ പ്രതിയായതിനാൽ ഇയാൾക്ക് ഭീഷണി നിലവിലുണ്ട്. അതുകൊണ്ടു തന്നെ നാട്ടിൽ വരുന്നത് വിരളമാണ്.

മട്ടന്നൂരിലെ സിപിഐ.(എം). ന്റെ പ്രാദേശിക നേതൃത്തിലെ ചിലരുടെ അറിവോടെയാണ് അക്രമം നടന്നതെന്ന് പൊലീസും കരുതുന്നു. എന്നാൽ അതിലും ഒന്നടക്കം പങ്കാളികളല്ല. ഷുഹൈബിന്റെ ഒരു കാൽ അറുത്തു മാറ്റാൻ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ അകമത്തിനിടെ ഷുഹൈബുമായി നേരിട്ട് ശത്രുതയിലുള്ള ഒരാൾ കൊലയിലേക്ക് എത്തിക്കുകയായിരുന്നു. അതേ സമയം ഇപ്പോൾ പിടിയിലായ പ്രതികൾ യഥാർത്ഥ പ്രതികളാണെന്ന കാര്യത്തിൽ ഷുഹൈബിന്റെ പിതാവിനോ കോൺഗ്രസ്സിനോ വിശ്വാസവുമില്ല.

അതുകൊണ്ടു തന്നെ അവർ സിബിഐ.അന്വേഷണത്തിനു വേണ്ടി ആവശ്യപ്പെടുകയാണ്. അറസ്റ്റിലായ പ്രതികൾക്ക് ഷുഹൈബുമായി യാതൊരു ശത്രുതയും ഇല്ലെന്നാണ് അതിനു കാരണമായി അവർ ഉന്നയിക്കുന്നത്. എന്നാൽ ജില്ല തോറും ഇറങ്ങി അക്രമം കാട്ടുന്ന നിലയിലേക്ക് ആകാശും റിജിൻ രാജും എത്തിയെന്ന അവസ്ഥയിലാണ് പൊലീസ്.