കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് നേരെ തിരിയരുതെന്ന് പൊലീസിന് ഉന്നതതല നിർദ്ദേശം കിട്ടിയതായി സൂചന. ഈ പ്രതികളെ പൊലീസ് ചോദ്യം പോലും ചെയ്യില്ല. അനാവാശ്യ ചർച്ചകൾ ഒഴിവാക്കാൻ വേണ്ടത്ര മുൻകരുതലെടുക്കമെന്നാണ് അന്വേഷണ സംഘത്തിന് മുകളിൽ നിന്ന് കിട്ടിയ നിർദ്ദേശം. രാഷ്ട്രീയ വിവാദമായി ഇനിയും കാര്യങ്ങൾ ഇടത് സർക്കാരിന് തിരിച്ചടിയാവാതിരിക്കാനാണ് ഇത്.

അതിനിടെ കൊടി സുനി പരോൾ കഴിഞ്ഞ് തിരിച്ചെത്തിയത് പരോൾ കാലാവധി കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷമെന്ന നിർണ്ണായക വെളിപ്പെടുത്തലും പുറത്തു വന്നു. പതിനഞ്ചുദിവസത്തെ പരോൾ കഴിഞ്ഞ് ഫെബ്രുവരി 12-ന് വൈകീട്ടാണ് സുനി വിയ്യൂർ ജയിലിൽ എത്തിയത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത് 12-ന് രാത്രിയിലാണ്. ജനുവരി 25-നാണ് സുനിക്ക് പരോൾ ലഭിച്ചത്. ഫെബ്രുവരി ഒമ്പതിനു തിരിച്ചെത്തേണ്ടതായിരുന്നു. ഇത് പല സംശയങ്ങൾക്കും ഇട നൽകുന്നു. കൊടി സുനിയുടെ നേതൃത്വത്തിലാണ് ഷുഹൈബിനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നതെന്നാണ് കോൺഗ്രസിന്റെ സംശയം.

പരോളിൽ പുറത്തു പോകുന്ന തടവുകാർക്ക് ദൂരസ്ഥലങ്ങളിൽനിന്നുള്ള തടവുകാർക്ക് യാത്രയ്ക്കായി അധികദിവസം അനുവദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തടവുകാർക്കാണ് ഇതു പ്രധാനമായും നൽകുന്നത്. കൊടി സുനി ഈ ആനുകൂല്യം ദുരുപയോഗം ചെയ്തതായാണ് കോൺഗ്രസിന്റെ സംശയം. പരോൾ നൽകുമ്പോൾ അതതു സ്റ്റേഷനുകളിൽ നിന്നുള്ള എൻഒസി. നിർബന്ധമാണ്. എന്നാൽ, സുനി ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ ഇതുണ്ടായില്ല. സുനിക്കും അനൂപിനും അടിയന്തര പരോളാണ് നൽകിയത്. കിർമാണി മനോജിന് 30 ദിവസത്തെ സ്വാഭാവിക പരോളും ലഭിച്ചു.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയും ലംഘിക്കപ്പെട്ടുവെന്നാണ് സൂചന. പരോൾ അനുവദിക്കുന്ന സമയത്തെ നിബന്ധനകൾ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഓരോ ആഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നതാണ് ഇതിലൊരു നിർദ്ദേശം. പരോൾ കാലയളവിൽ കൊടി സുനി ഏതെങ്കിലും സ്റ്റേഷനിൽ ഹാജരാകണം. ഇതും ചെയ്തില്ല. ഒരേ കേസിൽ ഉൾപ്പെട്ടവർക്ക് ഒരേസമയം പരോൾ അനുവദിക്കരുതെന്ന നിബന്ധനയും പാലിച്ചിട്ടില്ല. അങ്ങനെ കോൺഗ്രസിന് സംശയിക്കാൻ കാരണങ്ങൾ ഏരെയാണ്.

കിർമാണി മനോജും അനൂപും ഇപ്പോഴും പരോളിലാണ്. നിബന്ധന മറികടക്കാൻ മനോജിന്റേതു സ്വാഭാവിക പരോളും അനൂപിന്റേതു അടിയന്തര പരോളുമാക്കി മാറ്റുകയായിരുന്നു. പരോൾകാലത്ത് ഇവരെ കൃത്യമായി നിരീക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. ഷുഹൈബിനെ കൊലപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ പരോളുകളെന്നാണ് കോൺഗ്രസ് ആരോപണം.