കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ അക്രമിക്കുന്നതിന് മുമ്പ് ബോംബെറിഞ്ഞത് മുടക്കോഴിയിലെ കരുവോട്ട് വീട്ടിൽ ജിതിൻ. കഴിഞ്ഞ 25 ാം തീയ്യതി മുഴക്കുന്ന ക്ഷേത്ര പരിസരത്ത് വെച്ച് പിടിയിലായ ജിതിൻ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ജിതിൻ ബോംബെറിഞ്ഞ് ഭീതി പരത്തി ആളുകളെ അകറ്റാനാണ് ശ്രമിച്ചത്. ബോംബെറിഞ്ഞപ്പോൾ ഉണ്ടായ സ്ഫോടത്തിനിടെ ജിതിന്റെ മുഖത്ത് ചീളുതെറിച്ച് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് തയ്യാറാക്കി മട്ടന്നൂർ കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജിതിനെതിരെ ഇരിട്ടി പൊലീസിൽ വേറേയും ക്രിമിനൽ കേസുകളുണ്ട്.

കഴിഞ്ഞ മാസം 12 ാം തീയ്യതി രാത്രിയാണ് ഷുെഹെബ് അക്രമത്തിൽ കൊല്ലപ്പെട്ടത്. പിടിയിലായ അസ്‌ക്കർ ഓടിച്ച ഫോർ രജിസ്ട്രേഷൻ കാറിൽ തെരൂറിലെ തട്ടുകടക്കു മുന്നിൽ പ്രതികൾ എത്തുകയായിരുന്നു. ആദ്യം ജിതിൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൂട്ടു പ്രതികൾ ഷുഹൈബിനേയും സുഹൃത്തുക്കളേയും തടഞ്ഞു വെക്കുകയുമാണ് ചെയ്തത്.

പിന്നീട് ഷുഹൈബിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വെട്ടി പരിക്കേൽപ്പിച്ചു. നിലത്തു വീണ് ഷുഹൈബിനെ പ്രതികൾ ഇരുന്നും കുനിഞ്ഞും തുരുതുരാ വെട്ടുകയായിരുന്നു. 37 ലേറെ വെട്ടേറ്റ ഷുഹൈബിന്റെ മരണം ഉറപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തടേയും കരുതലോടേയുമാണ് സിപിഐ.(എം). അനുകൂലികളായ പ്രതികൾ മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ അസ്‌ക്കർ, അൻവർ സാദത്ത്, അഖിൽ, ജിതിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൊലയാളി സംഘത്തിൽ പെട്ടവരെ ചോദ്യം ചെയ്താൽ ഇതിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളികളായവരെ തിരിച്ചറിയാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. അതേ സമയം ഷുഹൈബ് കൊലക്കേസിൽ പ്രതികൾ കൃത്യം നിർവ്വഹിച്ചവെന്ന് കരുതുന്ന മൂന്ന് വാളുകൾ വെള്ളപ്പറമ്പിൽ പ്രതികൾ തങ്ങിയ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. നേരത്തേയും ഇവിടെ നിന്ന് ഒരു വാൾ കണ്ടെടുത്തിരുന്നു. ഇതുകൊലപാതകത്തിന് മുമ്പ് തന്നെ നഷ്ടപ്പെട്ടതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

എന്നാൽ ഈ വാളുകൾ ഉപയോഗിച്ചു തന്നെയാണോ പ്രതികൾ ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയതെന്നത് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. അതിനുള്ള നീക്കം ജില്ലാ പൊലീസ് മേധാവി തന്നെ നടത്തുന്നുണ്ട്. കുടകിൽ മുള വെട്ടാൻ ഉപയോഗിച്ച വാളാണ് ഷുഹൈബിനെ അക്രമിക്കാൻ ഉപയോഗിച്ചതെന്ന വിവരവും നേരത്തെ ഉണ്ടായിരുന്നു. എതിരാളികൾക്ക് നേരെ നേരിയ അക്രമം പോലും ഈ വാളുകൊണ്ടായാൽ ഗുരുതരമായ പരിക്കേൽക്കും.

വാളിന്റെ കാര്യത്തിലെ സംശയം ഇതുവരേയും നീക്കാനായിട്ടില്ല. അക്രമി സംഘം ഉപയോഗിച്ചിരുന്ന വാൾ കണ്ടെത്താതിരുന്നതിനെ ഹൈക്കോടതിയും കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ കണ്ടെത്തിയ വാളിന് 71 സെന്റീമീറ്റർ നീളമുണ്ട്. അടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ വാളുകളെന്ന് പൊലീസ് പറയുന്നു.