കൊച്ചി: നാട്ടിലൊരു വില്ലയും ഫ്‌ലാറ്റും മോഹിച്ച് പണം മുടക്കിയ പ്രവാസികളിൽ നിന്നും കോടികൾ തട്ടിപ്പിലൂടെ സ്വരൂപിക്കുകയും നിശ്ചിത സമയത്ത് വസ്തു കൈമാറാതിരിക്കുകയും ചെയ്തതിന് അറസ്റ്റിലായ ഷ്വാസ് ബിൽഡേഴ്‌സ് എംഡി ശ്രീനി പരമേശ്വരനെ പുറത്തിറക്കാൻ വേണ്ടി കമ്പനി അധികൃതർ തീവ്രശ്രമം തുടങ്ങി. ഇതിനിടെ ശ്രീനി അറസ്റ്റിലായതോടെ ഫ്‌ലാറ്റിന് വേണ്ടി പണം മുടങ്ങിയ മറ്റുള്ളവർ വലിയ ആശങ്കയിലുമാണ്. നിശ്ചിത തുക മുടക്കിയിട്ടും ഫ്‌ലാറ്റ് ലഭിക്കാത്തവർ പരാതിയുമായി പൊലീസ് സ്‌റ്റേഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഉന്നത ബന്ധങ്ങളുടെ ബലത്തിൽ അറസ്റ്റ് ഒഴിവാക്കി നടന്ന ശ്രീനി പരമേശ്വരനെതിരെ കൂടുതൽ പരാതികൾ ഉയരുന്നത് കാര്യങ്ങൾ കുഴപ്പത്തിലാകുമെന്ന് ഭയന്ന് പരാതി ഒഴിവാക്കാനുള്ള അനുരജ്ഞന ശ്രമങ്ങൾ കമ്പനി അധികൃതർ തുടങ്ങിയിട്ടുണ്ട്.

ഷ്വാസ് ബിൽഡേഴ്‌സിന്റെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളെ വിളിച്ച് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് ബിൽഡേഴ്‌സിന്റെ പിആർ ടീം. തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഭയന്നു കൊണ്ടാണ് മാദ്ധ്യമങ്ങളുടെ സഹായം ഇവർ അഭ്യാർത്ഥിച്ചത്. മുൻകൂട്ടി ഫ്‌ലാറ്റ് ബുക്ക് ചെയ്ത ശേഷം നിശ്ചത സമയത്ത് നൽകാതിരുന്നതിനെ തുടർന്നാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. ഡൽഹി മലയാളിയായ ബെന്നി അഗസ്റ്റിൻ അടക്കമുള്ളവരുടെ പരാതിയിലാണ് ഇപ്പോൾ ശ്രീനി പരമേശ്വരൻ അറസ്റ്റിലായത്.

ആരെയും പദ്ധതികളെ ആകർഷിക്കുന്ന വിധത്തിൽ വിശദമായ പദ്ധതികൾ ഷ്വാസ് തയ്യാറാക്കിയിരുന്നു. ഫ്‌ലാറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചെറിയ തോതിൽ അസ്വാസര്യങ്ങൾ ഉടലെടുത്ത വേളയിലാണ് ആരെയും ആകർഷിക്കുന്ന പദ്ധതികൾ ഇവർ തയ്യാറാക്കിയത്. 45 ലക്ഷം രൂപയ്ക്ക് മെട്രോ നഗരമായ കൊച്ചി നഗരത്തിൽ 1300 സ്‌ക്വയർ ഫീറ്റുള്ള ട്വിൻ വില്ലയാണ് ഷ്വാസ് ബിൽഡേഴ്‌സ് ഓഫർ ചെയ്തിരുന്നത്. കൂടാതെ 12.75 ലക്ഷം രൂപയ്ക്ക് കൊച്ചിയിൽ ഫർണിഷ്ഡ് ഫ്‌ലാറ്റെന്ന ആകർഷക ഓഫറും അവർ തയ്യാറാക്കി. ഇങ്ങനെ ആരെയും ആകർഷിക്കുന്ന ഓഫറുകൾ നൽകിയപ്പോൾ ബഹുഭൂരിപക്ഷം വില്ലകളും വിറ്റുപോകുകയാണ് ഉണ്ടായത്. പലരും വ്‌സതുക്കൾക്കായി 20 ശതമാനം വരെ തുക നൽകിയിരുന്നു.

കൊച്ചി രാജഗിരി ആശുപത്രിക്ക് സമീപം എപ്‌കോട്ട് കൗണ്ടി എന്ന പേരിലുള്ള വില്ലാ പ്രൊജക്ടാണ് ഏറ്റവും ഒടുവിലത്തേത്. ഈ പദ്ധതി ആരെയും ആകർഷിക്കുന്നതാണ്. 45 ലക്ഷം രൂപ മുടക്കിയാൽ ട്വിൻ വില്ല എന്നതായിരുന്നു ഈ പ്രൊജക്ടിന്റെ ഓഫർ. 1300 സ്‌ക്വയർഫീറ്റ് ആഡംബര വില്ല ഇത്രയും തുകയ്ക്ക് ലഭിക്കുമെന്ന ഓഫർ ആരെയും ആകർഷിക്കുന്നത് തന്നെയായിരുന്നു. കമ്പനിയുടെ ടെട്രാകോർ 22 എന് റിവർവ്യൂ ഫ്‌ലാറ്റിൽ മൂന്ന് ബെഡ്‌റൂം ഫർണിഷ്ഡ് ഫ്‌ലാറ്റിന് വില നിശ്ചയിച്ചത് 45 ലക്ഷം രൂപയായിരുന്നു. പൊതുവേ കൊച്ചിയിലെ ഭൂമി വിലയും ഫർച്ചറുകളുടെ വിലയും എല്ലാം പരിഗണിക്കുമ്പോൾ ആളുകൾക്ക് ഈ പദ്ധതി വളരെ ആകർഷകമായി തന്നെ തോന്നി. അതുകൊണ്ട് തന്നെ ഈ ആകർഷക പദ്ധതികളിലെ പലതും വിറ്റുപോയി. വിരലിൽ എണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നതും.

ആലുവ അക്വാസിറ്റിയിലെ ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് ശ്രീനി പരമേശ്വരനെതിരെ ഏറ്റവും അധികം പരാതികൾ ഉയർന്നത്. പെരിയാർ തീരത്തുള്ള വൻകിട ഫ്‌ലാറ്റ് സമുച്ഛയ പദ്ധതിയാണ് ഇത്. പ്രവാസികളെ ആകർഷിക്കാൻ പ്രത്യേക ഓഫറായിരുന്നു ബിൽഡേഴ്‌സ് തയ്യാറാക്കിയത്. 20 ശതമാനം പണം നൽകിയാൽ നാട്ടിൽ റെഡിയായി വീട് എന്നതായിരുന്നു പദ്ധതിയിലെ പ്രധാന ആകർഷക ഘടകം. കൊച്ചിയിലെ കായൽ തീരത്തു വന്ന ഫ്‌ലാറ്റുകളിൽ പലതും തിരദേശാപരിപാലന നിയമം ലംഘനം നടത്തിയതിന് കേസുകൾ നിരവധി ഉണ്ടാകുന്ന ഘട്ടത്തിലാണ് ശ്രീനി പരമേശ്വരൻ വിശദമായ പരസ്യങ്ങളുമായി രംഗത്തിറങ്ങിയത്.

പുഴയും പാടവും നിറഞ്ഞ ഗ്രാമാന്തരീക്ഷം സ്വപ്‌നം കാണുന്ന പ്രവാസികൾ പണവുമായി വന്നു വീഴാൻ അതിനാൽ ഒരു താമസവും ഉണ്ടായില്ല. കാരണം കൊച്ചിയിലേക്കും, നെടുമ്പാശേരി വിമാനത്താവളതത്തിലേക്കും ഒരേ ദൂരമാണ് ആലുവായിൽ നിന്നുള്ളത് എന്നത് അടക്കം പ്രത്യേകതകൾ വിശദീകരിച്ച് പരസ്യങ്ങൾ കൂടി ആയതോടെ പ്രവാസി മലയാളികൾ അടക്കമുള്ളവർ എളുപ്പത്തിൽ പദ്ധതിയൽ താൽപ്പര്യം പ്രകടിപ്പിച്ചു.

ആലുവാ കരുമാലൂർ, തൃപ്പൂണിത്തറയിലെ ഏരൂരിലും കണ്ണായ സ്ഥലത്തു ഫ്‌ലാറ്റുകളും വില്ലകളും പണിതു നൽകാമെന്ന ഓഫറിൽ ആളുകൾ വീഴുകയായിരന്നു. മിക്ക ആളുകളിൽ നിന്നും അഡ്വാൻസായി 20 ശതമാനം തുക കൈപ്പറ്റി. എന്നാൽ, നിശ്ചിത സമയത്ത് പദ്ധതി എങ്ങുമെത്താതെ വന്നതോടെയും ഫ്‌ലാറ്റുകൾ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പരാതി ഉയർന്നത്. അറസ്റ്റിലായ ശ്രീനി പരമേശ്വരന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. പണം നഷ്ടമായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താൻ ഒരുങ്ങും മുമ്പേ കേസൊതുക്കാൻ പൊലീസിന് മേലും സമ്മർദ്ദമുണ്ട്. ഉന്നത പൊലീസുകാരും രാഷ്ട്രീയ നേതൃത്വവുമായി ഷ്വാസ് ഉടമക്ക് നല്ല ബന്ധമുണ്ട്.

പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ പരാതിക്കാരെ തേടിപിടിച്ചു സ്റ്റേഷന്റെ പുറത്തുവച്ച് കേസ് ഒത്തു തീർക്കാനായി ഷ്വാസ് ഹോമുമായി ബന്ധപ്പെട്ട ചിലർ സ്റ്റേഷൻ പരിസരത്തു തന്നെ തമ്പടിച്ചിട്ടുണ്ട്. കേസുകൾ ഒതുക്കി ഉടമയെ പുറത്തിറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. കോടികളുടെ തട്ടിപ്പ് സംശയിക്കുന്ന ഷ്വാസ് ഹോം ഫ്‌ലാറ്റ് തട്ടിപ്പിന്റെ ഇപ്പോഴത്തെ അന്വേഷണ ചുമതല തൃക്കാക്കര എസി എൻ രാജേഷിന്റെ മേൽനോട്ടത്തിലാണ്. പരാതികൾ രേഖമൂലം ലഭിക്കുന്ന മുറക്ക് അന്വേഷണം ത്വരിതപ്പെടുത്താൻ ഒരുങ്ങുകയാണ് പൊലീസ്. 16 പേർ ഇതിനോടകം ശ്രീനി പരമേശ്വരനെതിരെ രംഗത്തെത്തിയിട്ടുണ്ട്.