കൊച്ചി: മലയാള സിനിമയിൽ മഞ്ജുവാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന
വനിതാ പ്രവർത്തകരുടെ സംഘടനയായ വിമൻ കളക്ടീവിനെ തള്ളി നടി ശ്വേതാ മേനോൻ രംഗത്തെത്തി.സംഘടനയുടെ സഹായം തനിക്കാവശ്യമില്ലെന്ന് ശ്വേത ഒരുപരിപാടിക്കിടെ പറഞ്ഞു.

'സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് എന്റെ രീതി. സ്വയം പോരാടാൻ അറിയാം. താരസംഘടനയായ 'അമ്മ' എല്ലാ പിന്തുണയും നൽകുന്നുണ്ട്', ശ്വേത മേനോൻ പറഞ്ഞു.

മുൻപും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമൺ കളക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ എന്നും ശ്വേത കൂട്ടിച്ചേർത്തു.

താരങ്ങൾ സിനിമ ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ശ്വേത പറഞ്ഞു. ചാനലുകൾ ബഹിഷ്‌കരിക്കണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെയൊരു അറിയിപ്പ് വന്നാൽ അത് ചർച്ച ചെയ്യാം-ശ്വേത ചടങ്ങിൽ പറഞ്ഞു.

ഡബ്യുസിസിക്കെതിരെ നേരത്തെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി ലക്ഷ്മിപ്രിയ എന്നിവരും പ്രതികരിച്ചിരുന്നു. ഇപ്പോൾ കാണുന്ന ഇരുപത് പേർ മാത്രമാണ് വിമൺ കളക്ടീവിലുള്ളതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചിരുന്നു.